2011-11-08 16:20:26

മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്കു നൈജീരിയന്‍ ജനതയുടെ കൃതജ്ഞത


08 നവംബര്‍ 2011, അബുജ - നൈജീരിയ

നൈജീരിയയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി മാര്‍പാപ്പ നടത്തിയ ആഹ്വാനം അന്നാട്ടിലെ ജനങ്ങള്‍ക്കു പ്രത്യാശപകരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഇഗ്നാത്തിയോസ് അയ്വു കയിഖ്മ. നവംബര്‍ അഞ്ചാം തിയതി ഞായറാഴ്ചയ ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷമാണ് മാര്‍പാപ്പ നൈജീരിയയില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് തനിക്കുള്ള ഉത്കണ്ഠ വെളിപ്പെടുത്തിയത്. അക്രമപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത മാര്‍പാപ്പ നൈജീരിയന്‍ ജനതയ്ക്കു തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്‍കിയിരുന്നു.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നൈജീരിയായിലെ ജനങ്ങളെ അനുസ്മരിച്ച് അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചതില്‍ തങ്ങള്‍ കൃതജ്ഞരാണെന്നും അന്നാട്ടിലെ ജോസ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഇഗ്നാത്തിയോസ് കയിഖ്മ ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. സ്ഥിതിഗതികള്‍ അതീവ ഗുരുതരമായിരിക്കുന്ന സാഹചര്യത്തില്‍ മാര്‍പാപ്പയുടെ ആഹ്വാനം അക്രമികള്‍ക്കെതിരേ അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരികള്‍ക്ക് പ്രേരണനല്‍കുമെന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

അതിനിടെ, നൈജീരിയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളെ ആഫ്രിക്കന്‍ യൂണിയന്‍ രൂക്ഷമായി വിമര്‍ശിച്ചു. ആഫ്രിക്കന്‍ യൂണിയന്‍റെ അദ്ധ്യക്ഷന്‍ ജീന്‍ പിങ്ങ് അക്രമത്തില്‍ പരിക്കേറ്റവരോടും മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളോടും അനുശോചനം പ്രകടിപ്പിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായി എതിര്‍ക്കുന്നുവെന്നും ഭീകരതയ്ക്ക് അറുതിവരുത്താന്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുമെന്നും ജീന്‍ പിങ്ങ് ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി, അക്രമികളെ നീതിക്കുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ നൈജീരിയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

വടക്കു കിഴക്കന്‍ നൈജീരിയന്‍ പ്രവിശ്യയായ ദമാതുറായില്‍ വെള്ളിയാഴ്ച ഭീകരര്‍ നടത്തിയ ബോംബുസ്ഫോടനത്തിലും വെടിവെയ്പ്പിലും നൂറുകണക്കിനുപേരാണ് മരണമടഞ്ഞത്.








All the contents on this site are copyrighted ©.