2011-11-08 20:40:42

ജീവിത വിളക്കിലെ
വറ്റാത്ത എണ്ണയായിരിക്കണം സ്നേഹം


7 നവംമ്പര്‍ 2011, വത്തിക്കാന്‍
മരണത്തെക്കുറിച്ചുള്ള ധാരണയില്‍ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം നിര്‍ണ്ണായകമാണ്. സ്നേഹമാകുന്ന ദൈവത്തില്‍ വിശ്വസിക്കുന്നവന്‍
പ്രത്യാശയില്‍ ജീവിക്കുകയും മരണമടയുകയും ചെയ്യുന്നു. ജീവിതത്തില്‍ ദൈവത്തെയും ക്രിസ്തുവിനെയും മാറ്റിനിര്‍ത്തുമ്പോള്‍ ജീവിതത്തില്‍ ശൂന്യതയും അന്ധതയും അനുഭവിക്കും. ഇന്ന് യുവാക്കളുടെ ഇടയില്‍ കണ്ടുവരുന്ന പ്രത്യക്ഷവും പരോക്ഷവുമായ ദൈവനിഷേധവും ഇതര നിഷേധസിദ്ധാന്തങ്ങളും നല്കുന്ന അനുഭവവും ആന്തരീക ശൂന്യതയുടേതാണ്. നിത്യതയുടെ മാനദണ്ഡം ഈ ലോകജീവിതത്തിലെ സ്നേഹ പ്രവര്‍ത്തികളാകയാല്‍ സഹോദരങ്ങളോട് കരുണയും സ്നേഹവും ഉളളവരായിരിക്കാനും അത് അനുദിന ജീവിതത്തില്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കേണ്ടതുമാണ്. ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിനാല്‍ വര്‍ഷിക്കപ്പെടുന്ന ദാനമാണ് സ്നേഹം. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ പതറാത്ത പ്രത്യാശയുടെ ദീപവുമേന്തി മരണത്തിന്‍റെ രാവും മറികടന്ന് നിത്യജീവന്‍റെ മഹോത്സവത്തില്‍, നിത്യാന്ദത്തില്‍ എത്തിച്ചേരും. ഈ വിളക്കുതെളിയിക്കാന്‍ നാം എന്നു സൂക്ഷിക്കേണ്ട എണ്ണയാണ് ജീവിത്തില്‍ പ്രകടമാക്കേണ്ട സ്നേഹം. അത് വിലകൊടുത്തു വാങ്ങാനാവാത്ത പരിശുദ്ധാത്മാവിന്‍റെ ദാനംതന്നെയാണ്.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍നിന്നും പത്തുകന്യകളുടെ ഉപമയെ അധികരിച്ച് (മത്തായി 25, 1-13) ഞായറാഴ്ചയിലെ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിലാണ് മാര്‍പാപ്പ സന്ദേശം നല്കിയത്.








All the contents on this site are copyrighted ©.