നവസുവിശേഷവല്‍ക്കരണം പൗരസ്ത്യ കത്തോലിക്കാസഭകളുടെ കാഴ്ച്ചപ്പാടില്‍
07 നവംബര്‍ 2011, ഒറാദേയ - റുമേനിയ നവസുവിശേഷവല്‍ക്കരണത്തിനു തനതായ സംഭാവനകള്‍ നല്‍കാന്‍
പൗരസ്ത്യ കത്തോലിക്കാ സഭാപാരമ്പര്യങ്ങള്‍ക്കു സാധിക്കുമെന്ന് യൂറോപ്പിലെ പൗരസ്ത്യ കത്തോലിക്കാ
മെത്രാന്‍മാര്‍. യൂറോപ്പിലെ പൗരസ്ത്യ കത്തോലിക്കാ മെത്രാന്‍മാരുടെ പതിനാലാം സമ്മേളനത്തിന്‍റെ
സമാപനസന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്. റുമാനിയായിലെ ഒറാദേയയാലില്‍ നവംബര്‍ മൂന്നാം
തിയതി വ്യാഴാഴ്ച ആരംഭിച്ച സമ്മേളനം ആറാം തിയതി ഞായറാഴ്ച സമാപിച്ചു. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന
കുടിയേറ്റ പ്രതിഭാസം മൂലം ലോകത്തിന്‍റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിശ്വാസിസമൂഹങ്ങള്‍ക്ക്
പൗരസ്ത്യസഭകളുടെ പാരമ്പര്യപ്രകാരമുള്ള വിശ്വാസപരിശീലനം നല്‍കുക ശ്രമകരമായ ദൗത്യമാണെന്നു
സമ്മേളനം വിലയിരുത്തി. പൗരസ്ത്യസഭകളുടെ ആദ്ധ്യാത്മീക സമ്പത്ത് ആഗോളസഭ മുഴുവന്‍ അറിയുന്നതിനും
ആദരിക്കപ്പെടുന്നതിനുമുള്ള നിയോഗം മാര്‍പാപ്പയുടെ നവംബര്‍മാസത്തെ പ്രാര്‍ത്ഥനാനിയോഗങ്ങളില്‍
ഉള്‍പ്പെടുത്തിയതില്‍ തങ്ങള്‍ക്കുള്ള കൃജ്ഞതയും പൗരസ്ത്യമെത്രാന്‍മാര്‍ രേഖപ്പെടുത്തി.
യൂറോപ്പിലെ പൗരസ്ത്യ കത്തോലിക്കാ മെത്രാന്‍മാരുടെ അടുത്ത സമ്മേളനം 2012 നവംബര്‍ മാസത്തില്‍
ക്രൊയേഷ്യയിലെ സാഗ്രബിലായിരിക്കുംമെന്ന് ഔദ്യോഗികവക്താക്കള്‍ അറിയിച്ചു.