2011-11-03 16:46:05

പരേതര്‍ക്കുവേണ്ടിയുള്ള ബലിയര്‍പ്പണം -
മാര്‍പാപ്പ മാര്‍ വിതയത്തിലിനെ അനുസ്മരിച്ചു


3 നവംമ്പര്‍ 2011, വത്തിക്കാന്‍
പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുവേണ്ടി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നവംമ്പര്‍ 3-ാം തിയതി വ്യാഴാഴ്ച അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളും-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തയുമായിരുന്ന മാര്‍ വര്‍ക്കി വിതയത്തിലിനെ മാര്‍പാപ്പ അനുസ്മരിച്ചത്.
ഉത്ഥിതനായ ക്രിസ്തുവാണ് ജീവന്‍റെ പ്രത്യാശ നമുക്ക് പകരുന്നതെന്നും, ദൈവത്തിന്‍റെ ആത്മാവ് വസിക്കുന്നവര്‍ ജഡീകരല്ല ആത്മീയരാണെന്നും, ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവര്‍ ക്രിസ്തുവിന്‍റേത് അല്ലാതായിത്തീരുമെന്നും (റോമ.8, 9), വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ സന്നിഹിതരായിരുന്നവരെ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. അനുദിന ജീവിത വ്യഗ്രതകള്‍ക്കിടയിലും ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ വിശ്വസിച്ചു ജീവിക്കുന്നവര്‍ക്ക് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അര്‍ത്ഥം കണ്ടെത്താനും പ്രത്യാശയോടെ മുന്നോട്ടു ചരിക്കുവാനും കരുത്തു ലഭിക്കുമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
2011 ഏപ്രില്‍ 1-ാം തിയതി അന്തരിച്ച മാര്‍ വര്‍ക്കി വിതയത്തിലിനോപ്പം ഈ വര്‍ഷം അന്തരിച്ച സഭയിലെ മറ്റ് 9 കര്‍ദ്ദിനാളന്മാരേയും മെത്രാന്മാരേയും മാര്‍പാപ്പ ദിവ്യബലിയില്‍ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുകയുണ്ടായി.








All the contents on this site are copyrighted ©.