2011-11-01 15:43:23

എല്ലാ കത്തോലിക്കരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


01 നവംബര്‍ 2011, വത്തിക്കാന്‍
മാമ്മോദീസ സ്വീകരിച്ച ഏവരും വിശുദ്ധിയിലേക്കുള്ള വിളിസ്വീകരിച്ചിരിക്കുന്നുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. സകലവിശുദ്ധരുടേയും തിരുന്നാള്‍ ദിനമായ നവംബര്‍ ഒന്നാം തിയതി നല്‍കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശത്തിലാണ് മാര്‍പാപ്പ കത്തോലിക്കാ വിശ്വാസികളെ വിശുദ്ധിയിലേക്കുള്ള അവരുടെ വിളിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. ക്രിസ്തു ആഗ്രഹിച്ചതുപോലെ പുണ്യവാന്‍മാരുടെ കൂട്ടായ്മയായി സഭയെ ദര്‍ശിക്കുവാന്‍ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. ക്രിസ്തുവിനോടു താദാത്മ്യം പ്രാപിച്ചുകൊണ്ട് അവിടുത്തെ അനുഗമിച്ചവരാണ് എല്ലാ വിശുദ്ധരും. ദൈവകൃപയും മാനുഷീകപ്രയത്നവും ഒന്നുചേര്‍ന്നാല്‍ ഏതു ജീവിതാന്തസും വിശുദ്ധിയിലേക്കുള്ള പാതയാക്കി മാറ്റാന്‍ സാധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.

നവംബര്‍ രണ്ടാം തിയതി മരിച്ചാത്മാക്കളുടെ ദിനമായി ആചരിക്കുന്നതും ത്രികാല പ്രഭാഷണത്തില്‍ പാപ്പ അനുസ്മരിച്ചു. സഭ ആരംഭകാലം മുതല്‍ക്കേ മരിച്ചവരുടെ ഓര്‍മ്മ വളരെ ബഹുമാനത്തോടെയാണ് ആചരിച്ചുവരുന്നത്. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന അവരെ സഹായിക്കാന്‍ മാത്രമല്ല നമുക്കുവേണ്ടിയുള്ള അവരുടെ മാധ്യസ്ഥം കൂടുതല്‍ ഫലപ്രദമാക്കാനും ഉപകരിക്കുമെന്ന് മാര്‍പാപ്പ വ്യക്തമാക്കി.








All the contents on this site are copyrighted ©.