2011-10-29 19:14:30

സുവിശേഷപരിചിന്തനം
30 ഒക്ടോബര്‍ 2011
ലത്തീന്‍ റീത്ത്


വിശുദ്ധ മത്തായിയുടെ സുവിശേഷം 23, 1-12
ഫരീസേയര്‍ക്കും നിയമര്‍ജ്ഞര്‍ക്കുമെതിരെയുള്ള ക്രിസ്തുവിന്‍റെ ശകാരവര്‍ഷമാണ് ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കേള്‍ക്കുന്നത്. അരോചകമായി തോന്നാവുന്ന വരികളാണവ.
“കപട നാട്യക്കാരായ ഫരീസയരേ, നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം,” എന്ന ശാപവാക്കുകളോടെ ആരംഭിക്കുന്ന ഈ സുവിശേഷഭാഗം കേള്‍ക്കുന്നവര്‍ക്കും മാനസീക സംഘര്‍ഷമുണ്ടാക്കാം. അരോചകത്വത്തിനും അസ്വസ്തതയ്ക്കും കാരണം ക്രിസ്തുവിന്‍റെ ആ വാക്കുകള്‍ ഇന്നും ആരെയും എല്ലാവരെയും സ്പര്‍ശിക്കുതാണ് എന്നതുതന്നെയാണ്. അവ ഉണര്‍ത്തുന്ന മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനെന്നോണം, “ഇത് എന്നെക്കുറിച്ചല്ലല്ലോ പറയുന്നത്,” എന്നു ചിന്തിച്ച് വേണമെങ്കില്‍ ആശ്വസിക്കാം. ക്രിസ്തുവിന്‍റെ സമകാലീനരായിരുന്ന ഫരീസേയ പ്രമാണികളെയും നിയമജ്ഞരെയും കുറിച്ചാണ് ക്രിസ്തു പറഞ്ഞതെങ്കിലും, വചനത്തിന്‍റെ സത്തയും സന്ദേശവും ഇന്നും അര്‍ത്ഥസമ്പുഷ്ടമാണ്, ജീവിക്കുന്നതാണ്. നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ ഇന്നും ബാധകവും പ്രയോഗക്ഷമവുമാണ്. ഫരീസേയരും നിയമജ്ഞരും ഇങ്ങനെ ആയിരിക്കരുത്, എന്നാല്‍ എങ്ങനെ ആയിരിക്കണം എന്നും തന്‍റെ വചനത്തിലൂടെ ക്രിസ്തു വ്യക്തമാക്കുന്നുണ്ട്.

ക്രിസ്തു ഉച്ചരിക്കുന്ന കഠിന പ്രയോഗങ്ങളില്‍ അടങ്ങിയിരിക്കുന്ന വളരെ പ്രകടമായ ജീവിത വിമര്‍ശനങ്ങള്‍ നമുക്ക് നാലു ഭാഗങ്ങളായി പരിശോധിക്കുകയും അവയെങ്ങിനെ നമ്മുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നുവെന്ന് നോക്കുകയും ചെയ്യാം.
ഒന്നാമതായി...
“പറയുന്നത്, അവര്‍ പ്രവര്‍ത്തിക്കുന്നില്ല, പ്രാവര്‍ത്തികമാക്കുന്നില്ല.” ഇതാണ് ക്രിസ്തുവിന്‍റെ ആദ്യത്തെ വിമര്‍ശനം. മത്തായി 23, 3. സാധാരണ വാക്കുപാലിക്കുന്നില്ല, എന്നു നാം പറയാറുണ്ട്. പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നില്ല എന്നു വരുന്നത് ഉത്തരവാദിത്വമില്ലായ്മയും അവിശ്വസ്തതയുമാണ്. ഇംഗ്ലിഷില്‍ walk the talk എന്നു പറയാറുണ്ട്. പറഞ്ഞവഴിയേ പോകണമെന്നത്, പറഞ്ഞകാര്യങ്ങള്‍ ചെയ്യാന്‍ ബാദ്ധ്യസ്തരാണെന്ന് നമ്മളെന്ന് നിഷ്ക്കര്‍ഷിക്കുകയാണ് ക്രിസ്തു. മത്തായിയുടെ സുവിശേഷത്തില്‍ 28, 19-ല്‍ ക്രിസ്തു ഇപ്രകാരം വീണ്ടും ഉദ്ബോധിപ്പിക്കുന്നുണ്ട്. നിങ്ങള്‍ ലോകമെങ്ങുംപോയി സുവിശേഷം അറിയിക്കുവിന്‍...
എന്നു ശിഷ്യന്മാരോടു പറഞ്ഞ ക്രിസ്തു, അവസാനം പറയുന്നു, ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍, എന്ന്.
വചനത്തോട് ഉണ്ടായിരിക്കേണ്ട വിശ്വസ്തതയാണ് ക്രിസ്തു ഇവിടെ നിഷ്ക്കര്‍ഷിക്കുന്നത്. പഠിച്ച കാര്യങ്ങള്‍ പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെന്ന് ചുരുക്കം.

2
ക്രിസ്തുവിന്‍റെ രണ്ടാമത്തെ വിമര്‍ശനം, മത്തായിയുടെ സുവി. 23, 4-ല്‍ അടങ്ങിയിരിക്കുന്നു. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. എന്നാല്‍ സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും അവര്‍ തയ്യാറാകുന്നില്ലത്രേ.
നാം മറ്റുള്ളവരില്‍നിന്നും ആവശ്യപ്പെടുന്ന എല്ലാക്കാര്യങ്ങളിലുമുള്ള നിഷ്ക്കര്‍ഷ വളരെ നല്ലകാര്യമാണ്, എന്നാല്‍ അതിനെപ്പറ്റി നാംതന്നെ ഒന്നും ചെയ്യാതിരിക്കുന്നത്, ഫരീസേയ മനോഭാവമാണ്. ഫരീസേയരെ സംബന്ധിച്ചിടത്തോളം സാബത്തനുഷ്ഠാനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നും, മറ്റേതെല്ലാം ചെയ്യാന്‍ പാടില്ലായെന്നുമുള്ള കടുംപിടുത്തമായിരുന്നു.
എന്നാല്‍ ക്രിസ്തുവിനെ സംബന്ധിച്ചടത്തോളം സാബത്തനുഷ്ഠാനത്തിനും അപ്പുറമായിരുന്നു മനുഷ്യന്‍റെ ആവശ്യങ്ങള്‍. നിയമം അവിടുത്തേയ്ക്ക് സ്നേഹത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു. നിയമങ്ങള്‍ മനുഷ്യനെ സഹായിക്കാനുള്ളതുമായിരുന്നു.
മത്തായി 11, 28-30-ല്‍ നാം ഇങ്ങനെ വായിക്കുന്നു.
അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്‍റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.

3
ക്രിസ്തുവിന്‍റെ മൂന്നാമത്തെ വിമര്‍ശനം മത്തായി 23, 5-ാം വാക്യത്തിലാണ് അടങ്ങിയിരിക്കുന്നത്. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്‍റെ തൊങ്ങളുകല്‍ക്കു നീളവും കൂട്ടുന്നു. വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും നഗരവീഥികളില്‍ അഭിവാദനവും അവര്‍ ഇഷ്ടപ്പെടുന്നു. റബ്ബീ എന്ന് അഭിസംബോധന ചെയ്യപ്പെടാനും അവര്‍ ആഗ്രഹിക്കുന്നു. വാക്കുകള്‍ പൂര്‍ണ്ണമായും അവയുടെ അര്‍ത്ഥം വെളിപ്പെടുത്തുന്നുണ്ട്. ദൈവ മഹത്വത്തെക്കാള്‍ ജനങ്ങളുടെ പ്രശംസയും സത്പേരും ആഗ്രഹിക്കുന്ന പൊങ്ങച്ചവും കാപട്യവുമാണ് ഇവിടെ കാണുന്നത്. തന്‍റെ ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ഈ കപടതയെ അപലപിച്ചിട്ടുള്ളതാണ്.

മത്തായി 6, 1-6
മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.
മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്‍റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ പറയുന്നു. അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.
നീ ദാനധര്‍മ്മം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്
നിന്‍റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.
രഹസ്യങ്ങള്‍ അറിയുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്കും.
ഫരീസേയരുടെ പൊടിപ്പും തൊങ്ങലും തൂക്കലും, വീതികൂട്ടിയ അരപ്പട്ടയുമൊക്കെ തങ്ങളുടെ ഭക്തകൃത്യങ്ങളും അഭ്യാസങ്ങളും മറ്റുള്ളവരെ കാണിക്കുവാനും അവരുടെ ശ്രദ്ധ പിടിച്ചു പറ്റുവാനുമായിരുന്നു.

ബഹുമതി പട്ടങ്ങളെ ക്രിസ്തു നിശിതമായി വിമര്‍ശിക്കുന്നത്
മത്തായിയുടെ സുവിശേഷം 23, 7-മുതലുള്ള വാക്യങ്ങളില്‍ നാം വായിക്കുന്നു.
നിങ്ങള്‍ റബ്ബീ എന്നു സംബോധനചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്, എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളു. നിങ്ങളെല്ലാവരും സഹോദരന്മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളു, സ്വര്‍ഗ്ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏകനേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കട്ടെ. തന്നത്തെന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

സ്ഥാനങ്ങളും, അധികാരങ്ങളും, സമൂഹ ജീവിതത്തില്‍ ആവശ്യമാണ്. അവ ഒഴിച്ചുകൂടാന്‍ പാടില്ലാത്തവയാണ്. എന്നാല്‍, സ്ഥാനമാനങ്ങള്‍ തന്നെത്തന്നെ മഹത്വീകരിക്കുന്നതിനും തന്‍റെ പേരിനും പെരുമയ്ക്കുമായി മാത്രം മാറുമ്പോള്‍ അത് അര്‍ത്ഥശൂന്യമായി മാറുന്നു. അങ്ങനെയുള്ള നേതാക്കള്‍ സമൂഹത്തിന്‍റെ സമഗ്രതയും ഐക്യവും തകര്‍ക്കുന്നവരായി മാറുന്നു.
ക്രിസ്തു ഈ സ്ഥാനപ്പേരുകളെ അപലപിക്കുക മാത്രമല്ല, മറിച്ച് അധികാരത്തിന്‍റെ അഹന്തയെ ശപിക്കുകയും ചെയ്യുന്നു.

സമൂഹത്തില്‍ സഭാധികാരികളെ അവരുടെ സ്ഥാനപ്പേരില്‍ അഭിസംബോധചെയ്യുന്നത് തെറ്റായിട്ടോ, കുറച്ചിലായിട്ടോ കാണേണ്ടതില്ല.
കാരണം, അവര്‍ സമൂഹത്തില്‍ പരസ്പരബന്ധങ്ങള്‍ ആഴപ്പെടുത്തുകയും ബലപ്പെടുത്തുകയും കൂട്ടായ്മ വളര്‍ത്തുകയും ചെയ്യുന്ന ആത്മീയ ആചാര്യനാണ്, അത് ഏതു മതത്തില്‍ ആയിരുന്നാലും സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നവര്‍, അത് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയും, അവയുടെ എളിയ ശുശ്രൂഷയിലൂടെ സമൂഹത്തില്‍ നിലവിലുള്ള പ്രതിബന്ധങ്ങളെ അകറ്റുകയും അകന്ന കണ്ണികളെ അടുപ്പിക്കുകയുമാണ് ചെയ്യേണ്ടത്.




4
ക്രിസ്തുവിന്‍റെ നാലാമത്തെ വിമര്‍ശനം മത്തായിയുടെ സുവിശേഷം 23, 11-12 വരെയുള്ള വചനത്തില്‍ കാണാവുന്നതാണ്.
നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
സമൂഹത്തില്‍ മഹത്തമന്‍ ആരാണെന്ന് ക്രിസ്തു ഈ വരികളില്‍ വെളിപ്പെടുത്തുന്നു. നിങ്ങളില്‍ എളിയവനും നിങ്ങളുടെ സേവകനുമാണ് ഏറ്റവും വലിയവന്‍. പൗലോസ് അപ്പസ്തോലന്‍ ആദിമ സഭയില്‍
ഈ ശുശ്രൂഷയുടെ ക്രൈസ്തവ ദര്‍ശനവും മൂല്യവും പ്രചരിപ്പിക്കുന്നതും പഠിപ്പിക്കുന്നതും നമുക്കു കാണാം.

ക്രിസ്തുവിന്‍റെ സാബത്തു വിചാരങ്ങള്‍ നാം പാഠമാക്കേണ്ടതാണ്.
അതിന്‍ പ്രകാരം, എല്ലാ വിധികളുടെയും മാനദണ്ഡം മനുഷ്യനായിരിക്കണം, എന്നൊരു സ്വതന്ത്ര പ്രഖ്യാപനമുണ്ട്. സാബത്ത് മനുഷ്യനുവേണ്ടിയാണ് മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല, എന്ന മൊഴികളിലെ ആഴം എന്തൊരു സ്വാതന്ത്ര്യമാണ് നമുക്കു സമ്മാനിക്കുന്നത്.
മനുഷ്യന്‍റെ ശിരസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് സദാചാരം. അവന്‍റെ ശിരസു കുനിയാന്‍ പ്രേരിപ്പിക്കുന്ന, അവനെ നിസ്സാരനാക്കി എണ്ണുന്ന എന്തും, അവന്‍റെ അന്തസ്സു കുറയ്ക്കുന്നവ, അതിനെന്തു ദൈവീക പരിവേഷമുണ്ടെങ്കിലും, അനാചാരം തന്നെ എന്നു സാരം.

മതങ്ങള്‍ മനുഷ്യജീവിതങ്ങളെ തുണയ്ക്കുന്ന സമാധാനത്തിന്‍റെ ശ്രേണികളാകണം എന്ന സന്ദേശവുമായിട്ടാണ് ഇറ്റിലിയിലെ അസ്സീസി പട്ടണത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 27-ാം തിയതി ലോക മത നേതാക്കള്‍ സമ്മേളിച്ചത്.
ദൈവമാകുന്ന സത്യം ഏകമാണെന്നും, സത്യം ജയിക്കട്ടെയെന്നും സന്നിഹിതരായിരിക്കുന്ന എല്ലാ മതനേതാക്കളിലും വസിക്കുന്ന സത്യദൈവത്തെ നമിക്കുന്നു എന്ന ആചാര്യ ഗോസ്വാമി ശ്രീവത്സയുടെ ഭാരത ദര്‍ശനം ഹൃദയസ്പര്‍ശിയായിരുന്നു. ജീവിത ചുറ്റുപാടുകളില്‍ മനുഷ്യഹൃദയങ്ങളെ തട്ടിയുണര്‍ത്തി പ്രകാശിപ്പിച്ച്, അനുരജ്ഞനത്തിന്‍റെയും നീതിയുടെയും പാതയിലൂടെ സമാധാനത്തിലേയ്ക്കു നയിക്കുവാന്‍ ദൈവത്തിനു കഴിയും. ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ധര്‍മ്മമാണ് ദൈവത്തിന്‍റെ പ്രതിച്ഛായയായ മനുഷ്യനെ മാനിക്കുക, മനുഷ്യാന്തസ്സ് ആദരിക്കുക എന്നത്. നമ്മുടെ അനുദിന ജീവിതമേഖലകളില്‍ മനുഷ്യനെ സ്നേഹിക്കാനും സഹോദരങ്ങളില്‍ ഏകവും സത്യവുമായ ദൈവത്തെ ദര്‍ശിക്കാനും സാധിക്കട്ടെ. അങ്ങനെ ലോകത്ത് സമാധാനം വളരട്ടെ.









All the contents on this site are copyrighted ©.