2011-10-28 17:34:45

ആത്മീയത സമാധാനസ്ഥാപനത്തിന് അവശ്യഘടകം: മാര്‍പാപ്പ


28 ഒക്ടോബര്‍ 2011, അസ്സീസി
സമാധാനം സ്ഥാപിക്കുന്നതിന് ഒഴിച്ചുകൂട്ടാനാവാത്ത ഘടകമാണ് ആത്മീയതയെന്ന് അസ്സീസിയിലെ സമ്മേളനം വ്യക്തമാക്കുന്നുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഇരുപത്തിയേഴാം തിയതി വ്യാഴാഴ്ച ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍ നടന്ന സമാധാനസമ്മേളനത്തിന്‍റെ സമാപനയോഗത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സമാപനയോഗത്തില്‍ സമാധാനസന്ദേശങ്ങള്‍ പങ്കുവച്ച മതനേതാക്കള്‍ കത്തിച്ച ദീപങ്ങളുമേന്തി ലോകസമാധാനത്തിനുവേണ്ടി നിശബ്ദമായി പ്രാര്‍ത്ഥയിലും മുഴുകി. സമ്മേളനത്തിനുശേഷവും സംവാദത്തിന്‍റെ പാതയില്‍ തുടരുമെന്നും സമാധാനപൂര്‍ണ്ണമായ ലോകനിര്‍മ്മാണത്തിനുവേണ്ടി തുടര്‍ന്നും പരിശ്രമിക്കുമെന്നും പാപ്പ വ്യക്തമാക്കി. തന്‍റെ ക്ഷണം സ്വീകരിച്ച് അസ്സീസ്സിപട്ടണത്തിലെത്തിയ സത്യത്തിന്‍റേയും സമാധാനത്തിന്‍റേയും തീര്‍ത്ഥാടകരായ ഏവര്‍ക്കും മാര്‍പാപ്പ നന്ദിപറഞ്ഞു. കര്‍ത്താവ് നിങ്ങള്‍ക്കു സമാധാനം നല്‍കട്ടെയെന്ന ആശംസയോടെയാണ് മാര്‍പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്.

സമാധാനദൂതനെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ ശവകുടീരം സന്ദര്‍ശിച്ചശേഷമാണ് മാര്‍പാപ്പയും ഇതര മതനേതാക്കളും അസ്സീസിപട്ടണത്തോടു വിടപറഞ്ഞത്.








All the contents on this site are copyrighted ©.