2011-10-25 18:31:39

തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു


25 ഒക്ടോബര്‍ 2011, വാന്‍ - തുര്‍ക്കി
തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി തുര്‍ക്കിയിലെ സ്മിര്‍ണാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റുഗേറോ ഫ്രാന്‍ചെസ്ക്കീനി. തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. എന്നാല്‍ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് എളുപ്പമല്ലെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി. തുര്‍ക്കിയിലെ ദേശീയ സൈന്യവും കുര്‍ദ്ദ് തീവ്രവാദികളും (പി.കെ.കെ) തമ്മില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്ന വാന്‍ പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍ചെസ്ക്കീനി പറഞ്ഞു.
അതേസമയം, തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയില്‍ ഞായറാഴ്ച 7.2 തീവ്രത റിക്ടര്‍ സ്ക്കെയിലില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ദേശീയസൈന്യവും യു. എന്‍ ഏജന്‍സികളുമാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പരുക്കേറ്റ ആയിരത്തിമുന്നൂറിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 270ലധികം പേര്‍ ഭൂകമ്പത്തില്‍ മരണമടഞ്ഞുവെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.









All the contents on this site are copyrighted ©.