2011-10-21 18:01:45

ലിബിയയുടെ പുനര്‍നിര്‍മ്മാണത്തിന് അന്താരാഷ്ട്രസമൂഹം സഹായിക്കണം : പരിശുദ്ധസിംഹാസനം


21 ഒക്ടോബര്‍ 2011, വത്തിക്കാന്‍

നിഷ്ഠൂരമായ ഒരു ഭരണകൂടത്തിനെതിരേ നടന്ന രക്തരൂക്ഷമായ പോരാട്ടത്തിന്‍റെ അവസാനമാണ് ഗദാഫിയുടെ മരണമെന്ന് പരിശുദ്ധ സിംഹാസനം പ്രസ്താവിച്ചു. ലിബിയന്‍ ഭരണാധികാരിയായിരുന്ന കേണല്‍ മുഹമര്‍ ഗദ്ദാഫി വിമതപോരാളികളാല്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പരിശുദ്ധ സിംഹാസനം ഇപ്രകാരം പ്രസ്താവിച്ചത്. നാടകീയമായ ഈ സംഭവം മനുഷ്യാന്തസ് ആദരിക്കാത്ത ഭരണകൂടങ്ങളുടെ സ്ഥാപനത്തെയും പതനത്തെയും കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ്. ആ പ്രക്രിയകളില്‍ മനുഷ്യര്‍ അനുഭവിക്കേണ്ടിവരുന്ന കഠിനമായ സഹനങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. പ്രതികാരനടപടികളും അക്രമങ്ങളും ഇനി അന്നാട്ടില്‍ ഉണ്ടാവുകയില്ലെന്നാണ് പ്രത്യാശിക്കുന്നത്. നീതിനിഷ്ഠമായ ഒരു സമൂഹം സമാധാനത്തിലും ഐക്യത്തിലും പടുത്തുയര്‍ത്താന്‍ പുതിയ നേതാക്കള്‍ക്കു സാധിക്കട്ടെയെന്ന് പരിശുദ്ധ സിംഹാസനം ആശംസിച്ചു. അന്നാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉദാരമായി സഹായിക്കാന്‍ അന്താരാഷ്ട്രസമൂഹത്തോടു പരിശുദ്ധ സിംഹാസനം അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.