2011-10-19 19:37:14

രാജ്മോഹന്‍ ഗാന്ധി
അസ്സീസി സമ്മേളനത്തിനെത്തും


19 ഒക്ടോബര്‍ 2011, റോം
മാര്‍പാപ്പയ്ക്കൊപ്പം മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍, രാജ്മോഹന്‍ ഗാന്ധിയും
ആസ്സീസിയിലെ ലോകമത നേതാക്കളുടെ സംഗമത്തില്‍ പങ്കെടുക്കും. വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ ഇറ്റലിയിലെ അസ്സീസിയില്‍ ഒക്ടോബര്‍ 27-ാം തിയതി ചേരുന്ന സമാധാന സമ്മേളനത്തില്‍ ഭാരതത്തിന്‍റെ പ്രതിനിധിയായിട്ടാണ് ഗാന്ധിജിയുടെ ചെറുമകന്‍ രാജ്മോഹന്‍ ഗാന്ധി അസ്സീസിയിലെത്തുന്നത്. വത്തിക്കാനിലെ റെയില്‍വേ സ്റ്റേഷനില്‍നിന്നും ആരംഭിക്കുന്ന അസ്സീസി-യാത്രയില്‍ മാര്‍പാപ്പയുടെ സഹയാത്രികരാകുന്ന 300 അംഗ സംഘത്തില്‍ രാജ്മോഹന്‍ ഗാന്ധിയോടൊപ്പം ആഗ്ളിക്കന്‍ സഭയുടെ പരമാദ്ധ്യക്ഷനും കാന്‍റെര്‍ബറിയിലെ ആര്‍ച്ചുബിഷപ്പുമായ റോവന്‍ വില്യംസ്, ആഗോള യഹൂദ സമൂഹത്തിന്‍റെ പ്രതിനിധി, ദലയ് ലാമായുടെ പ്രതിനിധി, മൂന്നു ജൈനമതക്കാര്‍, അഞ്ചു സിക്കുകാര്‍, ബാഹായ് മതനേതാവ്, സൗരാഷ്ട്ര മതപ്രതിനിധി, റഷ്യന്‍ ക്രൈസ്തവസഭാ പ്രതിനിധി, ചൈനയില്‍നിന്നും ആദ്യമായി പങ്കെടുക്കുന്ന ബുദ്ധമത പ്രതിനിധി, 48 ഇസ്ലാം മതപ്രതിനിധികള്‍ എന്നിവരും ഉള്‍പ്പെടുന്നു.
ലോകം ആര്‍ജ്ജിക്കേണ്ട ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെ പ്രതീകമായ
ഈ ഏകദിന സമ്മേളനം, വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986-ല്‍ വിളിച്ചുകൂട്ടിയ പ്രഥമ ലോകമതനേതാക്കളുടെ സമ്മേളനത്തിന്‍റെ 25-ാംം വാര്‍ഷിക ദിനത്തിലാണ് അരങ്ങേറുന്നത്. ഒരു ദിവസം പൂര്‍ണ്ണമായും അസ്സീയില്‍ ചിലവഴിക്കുന്ന മതനേതാക്കള്‍ ലോക സമാധാന ചിന്തകള്‍ പങ്കുവയ്ക്കുന്നതു കൂടാതെ, സമാധാനത്തിന്‍റെ ദൂതനായിരുന്ന ഫ്രാന്‍സിസിന്‍റെ സ്മാരക മണ്ഡപം സന്ദര്‍ശിക്കുകയും നിശ്ശബ്ദമായി പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുകയും ചെയ്യുമെന്നും വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.