2011-10-19 20:24:15

കലാശാലയുടെ
ശാലീന സംസ്കാരം


19 ഒക്ടോബര്‍ 2011, റോം
സര്‍വ്വകലാശാലയുടെ ശാലീന സംസ്കാരം ഇന്‍റെര്‍നെറ്റ് യുഗത്തിലും സംരക്ഷിക്കണമെന്ന്, ഗവേഷണ പഠനങ്ങള്‍ക്കുള്ള ഇറ്റലിയുടെ ദേശീയ കൗണ്‍സില്‍ ഒക്ടോബര്‍ 18-ാം തിയതി റോമില്‍ ചേര്‍ന്ന സമ്മേളനം പ്രസ്താവിച്ചു. (National Council of Research) 16-ാം നൂറ്റാണ്ടിലെ പ്രശസ്ത താത്വികനായ സ്പിനോസ്സായുടെ ധാര്‍മ്മിക ചിന്താശേഖരത്തിന്‍റെ കൈയ്യെഴുത്തുപ്രതി ഗവേഷണപഠനത്തിനിടെ വത്തിക്കാന്‍ ലൈബ്രറിയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടു ചേര്‍ന്ന സമ്മേളനത്തിലാണ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ഫ്രാന്‍ചേസ്ക്കോ പ്രൊഫൂമോ ഇപ്രകാരം പ്രസ്താവിച്ചത്. ആനുകാലികമായി വളര്‍ന്നുവന്നിട്ടുള്ള വിക്കിപീഡിയാ-ഇന്‍റെര്‍നെറ്റ് സംസ്കാരത്തിലും വ്യക്തിത്വത്തിന്‍റെ സമഗ്ര പങ്കാളിത്തമുള്ള സര്‍വ്വകലാശാലയും ഗവേഷണപഠനങ്ങളും അനിവാര്യമാണെന്ന് പ്രൊഫൂമോ അഭിപ്രായപ്പെട്ടു.

ബൗദ്ധികതലത്തില്‍ ആധികാരികതയും ആഴവുമുള്ള നിലപാടുകളില്‍ എത്തിച്ചേരണെമെങ്കില്‍ സമയവും ശാരീരികാദ്ധ്വാനവും കൂടുതല്‍ ആവശ്യപ്പെടുന്ന ഗ്രന്ഥശാലാ – പൂരാരേഖ ശേഖരങ്ങളെ ആധാരമാക്കിയുള്ള ഗവേഷണപഠങ്ങള്‍ പരിപോഷിപ്പിക്കേണ്ടതാണെന്ന് സമ്മേളനം വിലയിരുത്തി. നിശ്ചയദാര്‍ഢ്യത്തോടും അര്‍പ്പണത്തോടുംകൂടെ വായിച്ചും പഠിച്ചും ചിന്തിച്ചും താരതമ്യപ്പെടുത്തിയും പുരോഗമിക്കുന്ന ഗവേഷണങ്ങളാണ് ഫലപ്രാപ്തിയണിയുന്നതെന്നും മനുഷ്യകുലത്തിന് ഉപകാരപ്രദമാകുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

സ്പിനോസ്സായുടെ ധാര്‍മ്മികചിന്താ ശേഖരത്തിന്‍റെ കൊയ്യെഴുത്തുപ്രതി കൂടാതെ, തൊമാസ്സോ കാമ്പനെല്ലായുടെ ബഹുസ്വന സംഗീത സൃഷ്ടികള്‍, മെനാന്ത്രോയുടെ ആക്ഷേപഹാസ്യം എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളും അടുത്ത കാലത്ത് വത്തിക്കാന്‍ ലൈബ്രറിയില്‍ കണ്ടെത്തിയ പുരാണ രേഖകളാണാണെന്ന് സമ്മേളനം വെളിപ്പെടുത്തി.








All the contents on this site are copyrighted ©.