2011-10-18 18:41:15

ലോകമതനേതാക്കള്‍ സമാധാനത്തിനുവേണ്ടി സമ്മേളിക്കുന്നു


18 ഒക്ടോബര്‍ 2011, വത്തിക്കാന്‍
അസ്സീസിയില്‍ നടക്കാന്‍ പോകുന്ന സമാധാനസമ്മേളനത്തിന്‍റെ വിശദ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തിറക്കി.ഒക്ടോബര്‍ ഇരുപത്തിയേഴാം തിയതി വ്യാഴാഴ്ചയാണ് സമ്മേളനം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും മറ്റു മതനേതാക്കളും വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് വത്തിക്കാനില്‍ നിന്ന് ട്രെയിനില്‍ പുറപ്പെടും. 9.45 ന് അസ്സീസിയിലെത്തുന്ന മാര്‍പാപ്പയും സംഘവും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമധേയത്തിലുള്ള (സാന്താ മരിയ ദെല്ലി ആഞ്ജെലി) ഭദ്രാസന ദേവാലയത്തിലേക്ക് യാത്രയാകും. അവിടെ അസ്സീസി- നോച്ചേരാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡൊമെനിക്കോ സൊറെന്തീനോയുടെ നേതൃത്വത്തില്‍ മാര്‍പാപ്പയ്ക്കും സംഘത്തിനും സ്വീകരണം ലഭിക്കും.
രാവിലെ 10.15നാണ് സമ്മേളനം ആരംഭിക്കുന്നത്. നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്ക്സണ്‍ സ്വാഗതപ്രഭാഷണം നടത്തും. തുടര്‍ന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986ല്‍ അസ്സീസിയിലേക്കു നടത്തിയ സമാധാനയാത്രയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിക്കപ്പെടും. എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മെത്രാപ്പോലീത്തായുമായ ബെര്‍ത്തലോമിയോ ഒന്നാമന്‍, ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനും കാന്‍റര്‍ബറി അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ്, അന്താരാഷ്ട്ര സഭൈക്യ സമിതിയുടെ കാര്യദര്‍ശി ഡോ. ഒലാവ് തെവിറ്റ്, ഹിന്ദുമത പ്രതിനിധി ആചാര്യ ശ്രീ ശ്രീവാസ്ത ഗോസ്വാമി, ഇസ്ലാം മതപ്രതിനിധി ഡോ. ഖായ് ഹാജി ഹാസീം മുസാദി, മതവിശ്വാസമില്ലാത്തവരെ പ്രതിനിധീകരിച്ച് ബുള്‍ഗേരിയന്‍ തത്വചിന്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രൊഫ. ജൂലിയ ക്രിസ്തേവ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍ നടത്തും.
വൈകീട്ട് 4..30ന് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ നാമധേയത്തിലുള്ള ചത്വരത്തില്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൗറാന്‍ സ്വാഗതമേകും. തുടര്‍ന്ന് മതനേതാക്കള്‍ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞ പുതുക്കും. ഏതാനും നിമിഷത്തെ നിശബ്ദതതയ്ക്കു ശേഷം മതനേതാക്കള്‍ സമാധാനത്തിന്‍റെ പ്രതീകമായി ഭദ്രദീപം തെളിക്കും. മാര്‍പാപ്പയുടെ പ്രഭാഷണത്തോടെ സമ്മേളനം സമാപിക്കും.
വിശുദ്ധ ഫ്രാന്‍സീസിന്‍റെ ശവകുടീരം സന്ദര്‍ശിച്ചശേഷമാണ് മാര്‍പാപ്പയും മറ്റു മതനേതാക്കളും അസ്സീസി പട്ടണത്തില്‍ നിന്നും വിടവാങ്ങുക. ട്രെയിനില്‍ വൈകീട്ട് ഏഴുമണിയോടെ റോമിലേക്കു തിരിക്കുന്ന സംഘം 8.30ന് വത്തിക്കാനില്‍ എത്തിച്ചേരും.








All the contents on this site are copyrighted ©.