2011-10-15 18:10:56

സുവിശേഷപരിചിന്തനം
16 ഒക്ടോബര്‍ 2011 – ഞായര്‍
മലങ്കര റീത്ത്


വിശുദ്ധ ലൂക്കായുടെ സുവിശേഷം
12-ാമദ്ധ്യയം 13-14 വാക്യങ്ങള്‍

വ്യര്‍ത്ഥമായ സുരക്ഷിതത്വത്തിനെതിരെ ക്രിസ്തു പഠിപ്പിക്കുന്ന പാഠമാണ് ഇന്നത്തെ വചനം വിവരിക്കുന്ന ഭോഷനായ ധനാഠ്യന്‍റെ ഉപമ നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലെ സാമ്പത്തിക ദര്‍‍‍‍ശമനാണ് അതില്‍ അടങ്ങിയിരിക്കുന്നത്. മനുഷ്യര്‍ക്ക് പൊതുവെയുള്ളൊരു ബാധയാണ് സമ്പത്ത്. അതുമായി ബന്ധപ്പെട്ടാണ് ഉപഭോഗ സംസ്കാരത്തിന്‍റെ ബാധ ഇന്നത്തെ ലോകത്തെ പിടികൂടിയിരിക്കുന്നതും. ധനത്തോടുള്ള നമ്മുടെ വീക്ഷണത്തെ ക്രമീകരിക്കാന്‍ ക്രിസ്തു നല്കുന്ന മനോഹരമായ പാഠമാണിത്. അതോടൊപ്പം ജീവിത വിശുദ്ധിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും അത് നല്കുന്നു.
എല്ലാം ത്യജിക്കുന്നവനാണ് ക്രിസ്തുവിന്‍റെ കാഴ്ചപ്പാടില്‍ നന്മയുടെ ചാലകശക്തിയാകുന്നതും അവിടുത്തെ ശിഷ്യനാകാന്‍ സാധിക്കുന്നതും. എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാം പരിത്യജിച്ചിട്ട് വരുവാന്‍ ക്രിസ്തു പറയുന്നുണ്ട് (മത്തായി 16, 24.). എല്ലാം ത്യജിച്ച അസ്സീസിയിലെ ഫ്രാന്‍സിസാണ് ലോകത്തിന് ആത്മീയതയുടെ ശക്തിപകരുന്നത്.
നിന്‍റെ സഹോദരനു കൊടുക്കാനുള്ളത് നീ കൊടുക്കണമെന്നു ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. അതു നീതിയാണ്. ധര്‍മ്മമാണ്.
ശിമയോന്‍റെ വീട്ടില്‍വച്ചാണ് ക്രിസ്തു പറയുന്നത്, നിന്‍റെ വീട്ടില്‍ വന്നപ്പോള്‍ നീ എനിക്ക് ചുംബനം തന്നില്ല, തൈലം പൂശിയില്ല. (ലൂക്ക് 7, 45).
സമാധാനം തന്നവന് സമാധാനം കൊടുക്കണം. കൊടുക്കേണ്ടത് കൊടുക്കണം. അത് നീതിയാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. അവിടുത്തെ നീതി അതിനെയും മറികടക്കുന്ന ഔദാര്യത്തിന്‍റേതാണെന്നും നമുക്കറിയാം. ദൗത്യം നിര്‍വ്വഹിക്കുന്നതാണ് നീതി. നീതിയില്‍ ജീവിക്കുന്നവന് തമ്പുരാന്‍റെ നീതി ലഭിക്കും. ഇച്ഛാശക്തിയെ നിയന്ത്രിക്കണം. അനീതിക്ക് കൂട്ടുനില്ക്കരുത്.

പണം വലിയ വശ്യതയുടെ മേഖലയാണ്. എണ്ണിയാല്‍ മതിയാവാത്ത, എണ്ണിത്തീരാത്ത മേഖലയാണത്. തിന്നുക, കുടിക്കുക, ആഹ്ലാദിക്കുക എന്നിവയില്‍ മാത്രം ആത്മ സംതൃപ്തി കണ്ടെത്തുന്ന മനുഷ്യന്‍ തീര്‍ച്ചയായും കുറ്റക്കാരനാണ്.
മനുഷ്യന്‍റെ സ്വപ്നങ്ങള്‍ ഇടിഞ്ഞുവീഴുന്നതു നിമഷങ്ങള്‍ക്കുള്ളിലാണ്. ദീര്‍ഘനാള്‍ ജീവിക്കാന്‍ ആഗ്രിഹിക്കുന്നവന്‍, ആ രാത്രിയില്‍തന്നെ മരിക്കേണ്ടിവരുന്നു. ദൈവിക നിര്‍ദ്ദേശമനുസരിച്ച് മരണദൂതന്‍ അയാളുടെ ജീവന്‍ ആവശ്യപ്പെടുന്നു. ജീവിന്‍റെയും മരണത്തിന്‍റെയും അധിനാഥനായ ദൈവമാണ് അതാവശ്യപ്പെടുന്നത്. ഇവിടെ കാണുന്നതു വ്യക്തിപരമായ
യുഗാന്ത്യ വീക്ഷണമാണ്. ധനികന്‍ ആശ്രയിച്ച ഈ ഭൂമിയിലെ ദീര്‍ഘനാളത്തെ സുഭിക്ഷമായ ജീവിതം ദൈവം എടുക്കുന്നു. നിത്യജീവനായി ഒന്നും നേടാന്‍ കഴിയാത്ത അയാള്‍ക്ക് എല്ലാം നഷ്ടപ്പെടുന്നു. ദൈവ തിരുമുമ്പില്‍ സമ്പന്നരാകാന്‍ ശ്രമിക്കണമെന്ന ആഹ്വാനമാണ് ഇവടെ നമുക്കു ലഭിക്കുന്നത്. ജാഗരൂകരായിരിക്കുവിന്‍, എല്ലാവിധ അത്യാഗ്രഹങ്ങളില്‍നിന്നും അകന്നിരിക്കുവിന്‍, കാരണം മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്.

ക്രിസ്തു-ശിഷ്യത്വത്തിന്‍റെ മുഖമുദ്ര ഈ ലോകത്തിലെ നശ്വരമായ സമ്പന്നതയെക്കാള്‍ സ്വര്‍ഗ്ഗീയസമ്പത്താണ് നിത്യമായിട്ടുള്ളതെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. സമ്പത്തിനെ തിന്മയായിട്ടോ പാപമായിട്ടോ ക്രിസ്തു കാണുന്നില്ല. പകരം അവ വരുത്തിവയ്ക്കുന്ന വിനകളിലേയ്ക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ക്രിസ്തു. യഥാര്‍ത്ഥമായ ലക്ഷൃത്തില്‍ നിന്നകറ്റി സമ്പത്തിനെ ഹൃദയത്തിന്‍റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുന്നത് പാപമാണെന്ന് മുന്നറിയിപ്പ് നല്കുന്ന, യുഗാന്ത്യോന്മുഖ കാഴ്ചപ്പാടില്‍നിന്നാണ് ക്രിസ്തു ഈ ഉപമ പറയുന്നത്. ദൈവരാജ്യത്തിലേയ്ക്കുള്ള വഴിയില്‍ തടസ്സമായി നില്ക്കുന്നതിനെയെല്ലാം ഹൃദയത്തില്‍നിന്നകറ്റാന്‍ ക്രിസ്തു ശിഷ്യന്മാരോടാവശ്യപ്പെടുന്നു.

ആദിമ സഭയില്‍ ഭൂരിഭാഗംപേരും സമ്പത്തിന്‍റെ യഥാര്‍ത്ഥ വിനിയോഗം മനസ്സിലാക്കി ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നടപടി പുസ്തകത്തില്‍ നമുക്ക് കാണാം.
അപ്പനടപടി 3, 45. പൂര്‍ണ്ണ സമര്‍പ്പണത്തിനും പങ്കുവയ്ക്കലിനും തയ്യാറായവര്‍ സമൃദ്ധിയും സംതൃപ്തിയും ഉള്ളവാരായി ജീവിച്ചു. അവര്‍ ഈ ലോകജീവിതത്തെക്കുറിച്ച് ആകുലതകളും അകാംക്ഷകളുമില്ലാത്ത യഥാര്‍ത്ഥമായ സ്വതന്ത്ര്യത്തിന്‍റെ മനുഷ്യരായിത്തീര്‍ന്നു.

തന്‍റെ ധനത്തില്‍ ആശ്രയിക്കുകയും സമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്ന മനുഷ്യന് സ്വന്തം ആത്മാവിനെ രക്ഷിക്കാനാല്ല. ദൈവം ദാനമായി നല്കിയ ആത്മാവിന്‍റെ മൂല്യം മനഃപൂര്‍വ്വം മറക്കുന്നവനെ ദൈവം ഭോഷനെന്ന് വിളിക്കുന്നു. സങ്കീ. 49, 6. സമ്പത്തിനോടും ഈ ലോകസുഖങ്ങളോടും വിവേകരഹിതമായ ആത്മവിശ്വാസം പുലര്‍ത്തിയ മനുഷ്യനോടു
ദൈവം കണക്കുചോദിക്കുന്നു. ഭോഷാ, ഈ രാത്രി നിന്‍റെ ആത്മാവിനെ ന്നില്‍നിന്നാവശ്യപ്പെട്ടാല്‍ നീ സംഭരിച്ചുവച്ചിരിക്കുന്ന സമ്പത്ത് ആരുടേതായിത്തീരും?. എല്ലാം സ്വന്തമാക്കിയെന്ന മനോഗണിതത്തില്‍ ആശ്വസിച്ചവന് ഉത്തരം മുട്ടുന്നു. മുകളില്‍ ദൈവമില്ലെന്ന് വിശ്വസിക്കുന്ന ഭോഷന് തന്‍റെ ചുറ്റുമുള്ളവരില്‍ ദൈവികതേജസ്സ് കണ്ട് അവരെ സഹായിക്കാനുള്ള വെളിവ് നഷ്ടപ്പെടുന്നു. തനിക്ക് കിട്ടിയ സമ്പന്നതയുടെ സന്തോഷം സഹോദരങ്ങളോടു പങ്കുവയ്ക്കുന്നതിനുപകരം ഭോഷനായവന്‍ തന്നില്‍ത്തന്നെ ഒതുങ്ങി നില്ക്കുന്നു.

സമ്പത്ത് അതില്‍ത്തന്നെ തിന്മയാണെന്ന് ക്രിസ്തു ഒരുക്കലും പഠിപ്പിക്കുന്നില്ല. എന്നാല്‍ സമ്പത്തിന്‍റെ വിനിയോഗത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ധനവാന്‍റെ ഭോഷത്വമെന്തംന്ന് നമ്മെ മനസ്സിലാക്കിതരികയും ചെയ്യുന്നു. ഹൃദയത്തില്‍ ലൗകിക സമ്പത്തിനോടുള്ള ആസ്ക്തിയാല്‍ നിറഞ്ഞവനെയാണ്. ക്രിസ്തു ഭോഷനെന്ന് വിളിക്കുന്നത്. കാരണം അവന്‍റെ ഹൃദയത്തില്‍ മറ്റാര്‍ക്കും സ്ഥാനമില്ല. ദൈവം വസിക്കേണ്ടിടമാണ് ഹൃദയം. എന്നാല്‍ ദൈവത്തെ വച്ചുമാറി, ധാന്യക്കുമ്പാരവും ബാങ്കുബാലന്‍സുംകൊണ്ട് ഹൃദയങ്ങള്‍ നിറയ്ക്കുന്നവരുടെ ജീവിതത്തില്‍, സഹോദരനും സഹോദരിക്കും സ്ഥാനമില്ലാതാകുന്നു. മനുഷ്യജീവന്‍റെ ഉത്ഭവത്തിനും നിലനില്പിനും കാരണക്കാരനായ ദൈവത്തെ മറക്കുന്ന എല്ലാ മനുഷ്യരോടും ദൈവം കഠിനമായി പ്രതികരിക്കും. ഭൗതികമായി നേടാവുന്നതെല്ലാം സമ്പാദിച്ചിട്ട്, അവസാനം ഒന്നും നേടിയില്ലല്ലോയെന്ന ശൂന്യതാബോധവും ഹദയവ്യഥയുമായി ഈ ലോകത്തില്‍നിന്ന് കടന്നുപോയ എത്രയോ വ്യക്തികളെ ചരിത്രം ദുഃഖത്തോടെ സ്മരിക്കുന്നു.

ഉപമയിലെ ഭോഷനോട് ദൈവം തിടുക്കം കാണിക്കുന്നു. ഭോഷാ, ഈ രാത്രിയില്‍ത്തന്നെ, മറ്റൊരു പ്രഭാതം കാണുന്നതിലും മുന്‍പേ, അമൂല്യദാനമായ ആത്മാവിനെ നിന്നില്‍നിന്നും ആവശ്യപ്പെട്ടാല്‍ നീ എന്തു ചെയ്യുമെന്ന്! ജീവസ്സുറ്റ ആത്മചൈതന്യത്തെ മനുഷ്യന്‍ തന്‍റെ സ്വാര്‍ത്ഥതയാലും ലൗകികമോഹങ്ങളാലും കൊല്ലുന്നത്, ജീവദാതാവിനോടുള്ള നിന്ദയാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. യുഗാന്ത്യോന്മുഖനായി ദൈവീക ചിന്തയോടെ ജീവിക്കുന്ന മനുഷ്യന്‍ ആത്മാവിന് ദൃഢത നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ നിര്‍ഭയനായിരിക്കും. ധാന്യപ്പുരയുടെ സമ്പത്തു നിറഞ്ഞുകവിഞ്ഞാല്‍, പിന്നെ ബാക്കി വരുന്നവ എവിടെ ശേഖരിക്കുമെന്നാണ് ഭോഷനായ ധനികന്‍റെ അസ്വസ്ഥത.

സഭാ പിതാവായ വിശുദ്ധ അംബ്രോസ് മറുപടി പറയുന്നു.
നിര്‍ധനരായ വിധവകളുടെയും അഗതികളുടെയും കൂടാരങ്ങളില്‍ വേണ്ടത്ര സ്ഥാമുണ്ട്. അന്യരെ ഭൗതികമായി സഹായിക്കുന്നതുവഴി ഓരോ മനുഷ്യനും ആത്മീയമായി വളരുന്നു. അപരന്‍റെ ഭൗതിക ആവശ്യങ്ങളില്‍ സഹായിക്കുകവഴി മനുഷ്യന്‍ ദൈവികതയുള്ളവനായിത്തീരുന്നു.

ഭോഷാ... എന്നു ധനികനെ യേശു വിളിക്കുന്നത്, തന്നില്‍ തിളങ്ങേണ്ട ദൈവിക ചൈതന്യം അവന് കണ്ടെത്താനാകാത്തതു കൊണ്ടാണ് ഈ ധനികന്‍ ദൈവച്ഛായയിലും സാദൃശ്യത്തിലും സ്വയം തന്നെത്തന്നെ താഴ്ത്തുകയാണിവിടെ. മനുഷ്യന്‍റെ അസ്തിത്വത്തിലെ ദൈവികത വിസ്മരിച്ചു എന്നതാണ് ഭോഷനായ ധനികന്‍റെ ഏറ്റവും വലിയ തെറ്റ്. ആത്യന്തിക വിശകലനത്തില്‍ ഭോഷനായ ധനികന്‍റെ ഉപമ മനുഷ്യാസ്തിത്വത്തിലെ സ്വാര്‍ത്ഥതയെ അനാവരണം ചെയ്യുന്നു. അഹം ഭാവത്താല്‍ ഹൃദയം നിറഞ്ഞിരിക്കുന്നവരില്‍ അപരനിടമുണ്ടാകില്ല.

ആന്തരിക വെളിച്ചം നഷ്ടപ്പെട്ടവരുടെ നയനങ്ങള്‍ വസ്തുക്കളെ മാത്രമേ കാണൂ. ഹൃദയകാഠിന്യം ബാധിച്ചവരുടെ കണ്ണുകള്‍ വ്യക്തികളെ വിസ്മരിക്കും. മനുഷ്യന്‍റെ എല്ലാ പാപത്തിന്‍റെയും തിന്മയുടെയും നാരാരയവേര് സ്വാര്‍ത്ഥതയില്‍ തറച്ചിരിക്കുകയാണ്. ദാനമായി ദൈവം തരുന്ന സമൃദ്ധിയെ സ്വന്തം നേട്ടവും കരവേലയുമായി അവന്‍ തെറ്റിദ്ധരിച്ചു. ജീവന്‍ വീണ്ടെടുക്കാനുള്ള മോചനദ്രവ്യമാണു സമ്പത്തെന്ന് സുഭാഷിതങ്ങള്‍ പറയുന്നു. 13, 8. പഴയ നിയമത്തില്‍ അബ്രാഹം, ദാവീദ്, ജോബ് തുടങ്ങിയവരൊക്കെ ഈ ലോകദൃഷ്ടിയില്‍ സമ്പന്നരായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ സമ്പത്ത് കൂടുതല്‍ ശ്രേഷ്ഠവും ഉന്നതവുമായ മൂല്യത്തിനുവേണ്ടി വിനിയോഗിച്ചു എന്നതാണ് അവരുടെ ജീവിത വിജയവും വിശുദ്ധിയും.

മനുഷ്യജീവിതത്തില്‍ പൊതുവേ നാം കാണുന്ന വലിയ തിന്മയാണു സ്വാര്‍ത്ഥത. അസത്യവും അഴിമതിയും അക്രമവും സ്വാര്‍ത്ഥതയുടെ ബാഹ്യപ്രകടനങ്ങളാണ്. സ്വാതന്ത്യ പ്രാപ്തിവരെ ഇന്ത്യന്‍ രാഷ്ട്രീയ ശൈലി സേവനത്തിന്‍റേതായിരുന്നു, ജനങ്ങളുടെ നന്മയായിരുന്നു രാഷ്ട്രനേതാക്കളുടെ ലക്ഷൃം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുക എന്നത് സര്‍വ്വതും നഷ്ടപ്പെടുന്നതിനു തുല്യമായിരുന്നു. ഇന്നത് അധാര്‍മ്മികതയുടേയും അഴിമതിയുടെയും ശര്‍ക്കരക്കുടമായി മാറിയിരിക്കുന്നു. കയ്യിലെണ്ണാവുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഒഴിച്ചു നിര്‍ത്തിയാല്‍ ലോകത്തിന്‍റെ ഗതിവിഗതികള്‍ ഇന്ന അഴിമതിയിലും അക്രമത്തിലും മുങ്ങിക്കിടക്കുകയാണെന്ന് പറയുന്നത് അതിശയോക്തിയല്ല.

ഭൗതിക സമ്പത്തിന്‍റെ ഔന്നത്യത്തെ ജീവിതാന്ദമായി കരുതിയ ഭോഷനായ ധനികന്‍ ധാന്യക്കൂമ്പാരത്തിന്‍റെ വിലകൊടുത്ത് ആത്മാവിനെ വാങ്ങാമെന്നു വിചാരിച്ചു – ഒപ്പം ആദ്ധ്യാത്മീകവും നിത്യവുമായ സമ്പത്തിന്‍റെ ചിന്ത അയാളുടെ സ്മൃതിപഥത്തില്‍പ്പോലും തെളിഞ്ഞില്ല. മാത്രമോ താന്‍ കൂട്ടിവച്ചിരിക്കുന്നവകൊണ്ട് തനിക്കു ദീര്‍ഘനാള്‍ ജീവിക്കാമെന്നും അയാള്‍ വ്യാമോഹിച്ചു. ഫലമോ, അഹത്തിനു സ്ഥാനമേറിയപ്പോള്‍ ദൈവം അസ്ഥാനത്തായി. ആത്മാവിനുപകരം ശരീരത്തെ പൂജിച്ചു. പരിമിതമായത് നശ്വരമാണെന്നു കരുതി. മനുഷ്യജീവന്‍റെ നിലനില്പും അസ്തിത്വവും ദൈവകരങ്ങളിലാണെന്ന സത്യം മറന്നു പോയി. മനുഷ്യന് ആത്യന്തിക സന്തോഷവും, സമാധാനവും തരാന്‍ ഭൗതിക സമ്പത്തിനാവില്ലെന്നും, നിത്യനായ ദൈവത്തിലുള്ള ആശ്രയവും അര്‍പ്പണവും മാത്രമേ മനുഷ്യ ജീവിതത്തിന് അര്‍ത്ഥം നല്കാന്‍ കഴിയുകയുള്ളൂ എന്നും ഇനിയും മനസ്സിലാക്കാന്‍ സാധിക്കട്ടെ.

യേശുവേ, അങ്ങാണു അനുദിന ജീവിതത്തിന്‍റെ ദിവ്യസമ്പത്ത് എന്ന് ഏറ്റുപറഞ്ഞുകൊണ്ട് അങ്ങു പകര്‍ന്നുതന്ന ജീവിത മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ ശക്തിയും വരവും തരണമേ.








All the contents on this site are copyrighted ©.