2011-10-14 17:59:22

മാര്‍പാപ്പയുടെ വചനപ്രഘോഷണം. 09.10.2011


ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തെക്കേ ഇറ്റലിയിലെ ലമേസ്യാ തേര്‍മേ രൂപതയില്‍ അര്‍പ്പിച്ച ദിവ്യബലിയിലെ വചനപ്രഘോഷണത്തില്‍ നിന്നും.....

(ഒന്നാം വായന ഏശയ്യാ പ്രവാചകന്‍റെ പുസ്തകം 25: 6-10
സുവിശേഷ ഭാഗം മത്തായിയുടെ സുവിശേഷം 22: 1-14)

ഒന്നാം വായനയില്‍ ഏശയ്യാ പ്രവാചകന്‍ ദൈവിക വിരുന്നിനെക്കുറിച്ചു വിവരിക്കുന്നു. ഏശയ്യാ പ്രവാചകന്‍റെ ഈ വിവരണം ക്രിസ്തു സുവിശേഷത്തില്‍ പറയുന്ന ഉപമ ഉള്‍ക്കൊള്ളാന്‍ നമ്മെ ഒരുക്കുകയാണ്. ദൈവദാനങ്ങള‍ുടെ സമൃദ്ധിയും ദൈവിക കൂട്ടായ്മയുടെ ആനന്ദവുമാണ് വിരുന്നിന്‍റെ ഈ വിവരണത്തില്‍ ഏശയ്യാ പ്രവാചകന്‍ അവതരിപ്പിക്കുന്നത്. തങ്ങളുടെ അപമാനത്തിനും ദുഃഖത്തിനും അറുതിവരുത്തിക്കൊണ്ട് മനുഷ്യവര്‍ഗ്ഗം ദൈവികാക്യൈത്തിലും കൂട്ടായ്മയിലും ആനന്ദത്തോടെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് പ്രവാചകന്‍ വിവരിക്കുന്നു.

അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടേയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും; തന്‍റെ ജനത്തിന്‍റെ അവമാനം ഭൂമിയില്‍ എല്ലായിടത്തും നിന്ന് അവിടുന്ന് നീക്കികളയും. കര്‍ത്താവാണ് അത് അരുള്‍ചെയ്തിരിക്കുന്നത്. അന്ന് ഇങ്ങനെ പറയുന്നതു നാം കേള്‍ക്കും: ഇതാ, നമ്മുടെ ദൈവം. നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അര്‍പ്പിച്ച ദൈവം. ഇതാ കര്‍ത്താവ്! നാം അവിടുത്തേക്കുവേണ്ടിയാണ് കാത്തിരുന്നത്. അവിടുന്ന് നല്‍കുന്ന രക്ഷയില്‍ നമുക്ക് സന്തോഷിച്ചുല്ലസിക്കാം”. (ഏശയ്യാ 25: 7-8)

ഈ വിരുന്നില്‍ പങ്കുചേരാനുള്ളക്ഷണത്തിന് ലഭിക്കുന്ന പ്രതികരണത്തെക്കുറിച്ചാണ് സുവിശേഷത്തില്‍ ക്രിസ്തു വിവരിക്കുന്നത് (മത്താ. 22, 1-14). വിരുന്നിലേക്ക് അനേകര്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായ പ്രതികരണങ്ങളാണ് ആ ക്ഷണത്തിനു ലഭിച്ചത്. ചിലര്‍ ആ ക്ഷണം നിരസിക്കുന്നു, മറ്റു ചിലര്‍ അത് അവഗണിക്കുന്നു. ഇനിയും ചിലര്‍ വിരുന്നിനു ക്ഷണിക്കാനെത്തിയ ഭൃത്യരോട് അപമര്യാദയായി പെരുമാറുന്നു. ക്ഷണിക്കപ്പെട്ടവര്‍ക്കെല്ലാം വേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. മറ്റുകാര്യങ്ങളില്‍ വ്യഗ്രരാണ് അവര്‍.

ഈ ഉപമയിലെ രാജാവ് ദൈവത്തെ പ്രതിനിധീകരിക്കുന്നു. ഉദാരവാനായ ദൈവം തന്‍റെ കൃപാദാനങ്ങള്‍ നമുക്കു നല്‍കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അവിടുത്തെ വചനം സ്വീകരിക്കാന്‍ നാം പലപ്പോഴും തയ്യാറാകുന്നില്ല, മറ്റുകാര്യങ്ങളിലാണ് നമ്മുടെ ശ്രദ്ധ. ഭൗതീക കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയില്‍ അവിടുത്തെ ക്ഷണം നാം അവഗണിച്ചു കളയുന്നു.

വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നവര്‍ അതു നിരസിച്ചതുകൊണ്ട് ദൈവത്തിന്‍റെ ഉദാരത ഇല്ലാതാകുന്നില്ല. ആദ്യം ക്ഷണം ലഭിച്ചവര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ വിസ്സമ്മതിച്ചപ്പോള്‍ മറ്റനേകര്‍ക്കായി വിരുന്നു ശാല തുറന്നു നല്‍കപ്പെട്ടു. ദുഷ്ടരും ശിഷ്ടരുമടക്കം എല്ലാവര്‍ക്കും അവിടെ പ്രവേശനം ലഭിച്ചു. പക്ഷേ വിരുന്നില്‍ പങ്കെടുക്കാന്‍ ഒരു നിബന്ധനയുണ്ട്. അതിഥികള്‍ വിവാഹവസ്ത്രം ധരിച്ചിരിക്കണം. വിരുന്നു ശാല സന്ദര്‍ശിക്കാനെത്തിയ രാജാവ് വിവാഹ വസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. പുറത്തെ അന്ധകാരത്തിലേക്ക് അയാള്‍ പുറന്തള്ളപ്പെട്ടു.

ഈ വിരുന്നിന്‍റെ ഉപമയ്ക്ക് വ്യക്തമായ ഒരു വിശദീകരണം മഹാനായ ഗ്രിഗറി മാര്‍പാപ്പ നല്‍കുന്നുണ്ട്. ഉപവി അഥവാ സ്നേഹമാണ് വിവാഹവസ്ത്രമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ വസ്ത്രത്തിന് രണ്ടു വശങ്ങളുണ്ട്: ദൈവസ്നേഹവും പരസ്നേഹവും.

നമ്മളെല്ലാവരും കര്‍ത്താവിന്‍റെ വിരുന്നില്‍ പങ്കെടുക്കാന്‍ വിളിക്കപ്പെട്ടവരാണ്. അതിനാല്‍ ദൈവസ്നേഹവും പരസ്നേഹവുമാകുന്ന വിവാഹവസ്ത്രമണിഞ്ഞ് അവിടുത്തെ വിരുന്നുശാലയില്‍ നമുക്കു പ്രവേശിക്കാം.









All the contents on this site are copyrighted ©.