2011-10-11 17:36:46

പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ നിശബ്ദസേവനങ്ങള്‍ ലോകം തിരിച്ചറിഞ്ഞിരുന്നു- കര്‍ദ്ദിനാള്‍ കൊമാസ്ത്രി


11 ഒക്ടോബര്‍ 2011, വത്തിക്കാന്‍

നിശബ്ദമായി പരസ്നേഹപ്രവര്‍ത്തികളിലേര്‍പ്പെട്ട പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ സേവനങ്ങള്‍ ലോകം തിരിച്ചറിഞ്ഞിരുന്നുവെന്ന് കര്‍ദ്ദിനാള്‍ കൊമാസ്ത്രി. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ അന്‍പത്തൊന്നാം ചരമവാര്‍ഷിക അനുസ്മരണ ദിവ്യബലിയില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലെ മുഖ്യപുരോഹിതന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ കൊമാസ്ത്രി. മാനവീകത ദൈവത്തില്‍ നിന്ന് അകലുകയാണെന്ന വസ്തുത തിരിച്ചറിഞ്ഞ മാര്‍പാപ്പ സത്യത്തിന്‍റെയും ഉപവിയുടേയും മാര്‍ഗ്ഗത്തിലൂടെയാണ് അതിനോട് പ്രതികരിച്ചതെന്ന് കര്‍ദ്ദിനാള്‍ കൊമാസ്ത്രി അനുസ്മരിച്ചു. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ പരസ്യമായ പ്രകടനങ്ങളൊന്നുമില്ലാതെ മനുഷ്യനന്മയ്ക്കുവേണ്ടി ധൈര്യമായി പ്രവര്‍ത്തിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് പാപ്പ യഹൂദരുടെ സുരക്ഷയ്ക്കുവേണ്ടി നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ക്ക് അക്കാലത്ത് ശാസ്ത്രീയ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രശസ്തവ്യക്തികള്‍ സാക്ഷൃം നല്‍കിയിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. 1939 മാര്‍ച്ച് മാസം രണ്ടാം തിയതി മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടാമന്‍ പീയൂസ് മാര്‍പാപ്പ 1958 ഒക്ടോബര്‍ ഒന്‍പതാം തിയതി ഈ ലോകത്തോടു വിടപറഞ്ഞു.







All the contents on this site are copyrighted ©.