2011-10-07 17:32:26

സമാധാന സാക്ഷികള്‍ ക്രിസ്തുശിഷ്യര്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


07 ഒക്ടോബര്‍ 2011, വത്തിക്കാന്‍
സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റേയും സാക്ഷികളായിരിക്കണം ക്രൈസ്തവരെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. റോമില്‍ ആദ് ലീമീന സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന ഇന്തോനേഷ്യന്‍ മെത്രാന്‍മാരെ അഭിസംബോധനചെയ്യുമ്പോഴാണ് മാര്‍പാപ്പ ഈ പ്രസ്താവന നടത്തിയത്. ഏഴാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍വച്ചാണ് പാപ്പ ഇന്തോനേഷ്യയിലെ മെത്രാന്‍മാരുമായി കൂടിക്കാഴ്ച നടത്തിയത്. അന്നാട്ടില്‍ സുവിശേഷപ്രചരണം നടത്തുന്ന വൈദീകരുടേയും സന്ന്യസ്തരുടേയും അല്‍മായരുടേയും സേവനങ്ങള്‍ പാപ്പ തദ്ദവസരത്തില്‍ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു. കൂദാശകളും, ഉപവിപ്രവര്‍ത്തനങ്ങളും മാത്രമല്ല സാമൂഹ്യ-വിദ്യാഭ്യാസമണ്ഡലങ്ങളിലെ സേവനങ്ങളും സഭാജീവിതത്തിന്‍റെ അവിഭാജ്യഘടകങ്ങളാണ്. ക്രൈസ്തവരുടെ സംഭാവനകള്‍ അന്നാട്ടിലെ ജനങ്ങളെ സഹിഷ്ണുതയിലും ഐക്യത്തിലും നീതിയിലും വളര്‍ത്താന്‍ സഹായകമാകുന്നുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. വൈദീക വിദ്യാര്‍ത്ഥികള്‍ക്കും സന്ന്യസ്താര്‍ത്ഥികള്‍ക്കും തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന പ്രേഷിത ദൗത്യം ശരിയായ രീതിയില്‍ നിറവേറ്റാന്‍ മികച്ച പരിശീലനം ലഭിക്കുന്നുണ്ടെന്ന് മെത്രാന്‍മാര്‍ ഉറപ്പുവരുത്തണമെന്ന് പാപ്പ ഉത്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ അനുയായികള്‍ മറ്റു മതസ്ഥരെ ആദരിച്ചുകൊണ്ട് അവരോടൊപ്പം സൗഹാര്‍ദത്തില്‍ ജീവിക്കേണ്ടവരാണ്. പരസ്പരധാരണയും സഹകരണവും സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ അവരെ സഹായിക്കുമെന്നു പറഞ്ഞ പാപ്പ സംവാദത്തിന്‍റെ പാതയിലൂടെ സമാധാനത്തിനും സഹകണത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഏവരേയും പ്രോത്സാഹിപ്പിക്കാന്‍ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ആദരിക്കാനും സംരക്ഷിക്കപ്പെടാനും അവര്‍ നടത്തുന്ന പ്രയത്നങ്ങളെ ശ്ലാഘിച്ച മാര്‍പാപ്പ ഈ സംരംഭത്തില്‍ മുന്നോട്ടുപോകാന്‍ അവര്‍ക്കു ആഹ്വാനം നല്‍കി,








All the contents on this site are copyrighted ©.