2011-10-07 16:01:44

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം


05 ഒക്ടോബര്‍ 2011, ബുധനാഴ്ച

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം : ക്രൈസ്തവ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള വിചിന്തനം

സങ്കീര്‍ത്തനം 23: കര്‍ത്താവ് എന്‍റെ ഇടയന്‍

കര്‍ത്താവാണെന്‍റെ ഇടയന്‍. എനിക്കൊന്നിനും കുറവുണ്ടാകുകയില്ല”. ഏവരും ഇഷ്ടപ്പെടുന്ന ഈ സങ്കീര്‍ത്തനം അജപാലനത്തെ മനോഹരമായി ചിത്രീകരിക്കുന്നു. ദൈവീക പരിപാലനയിലുള്ള ഉറച്ച വിശ്വാസത്തെക്കുറിച്ചാണ് ഈ സങ്കീര്‍ത്തനത്തില്‍ വിവരിക്കുന്നത്. ഇത് ഏതൊരു പ്രാര്‍ത്ഥനയുടെയും ഒരു പ്രധാന ഘടകമാണ്. പച്ചപുല്‍ത്തകിടിയിലേക്ക് തന്നെ നയിക്കുകയും തന്‍റെ ചാരെ നിന്നുകൊണ്ട് സകല അപകടങ്ങളിലും നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന നല്ലിടയനായി ദൈവത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഈ സങ്കീര്‍ത്തനം ആരംഭിക്കുന്നത്.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്നെന്നെ നയിക്കുന്നു. അവിടുന്നെനിക്ക് ഉന്മേഷമേകുന്നു” (സങ്കീ. 23:2-3 ) എന്ന് സങ്കീര്‍ത്തകന്‍ വിവരിക്കുന്നു. ഈ ചിത്രീകരണത്തില്‍ നിന്ന് അജപാലകന്‍റെ കൂടാരത്തിലേക്കു രംഗം മാറുകയാണ്. അവിടെ കര്‍ത്താവ് സങ്കീര്‍ത്തകനെ ഒരു അതിഥിയായി സ്വീകരിച്ച് ഭക്ഷണവും തൈലവും വീഞ്ഞും നല്‍കുന്നു. “അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു. എന്‍റെ ശിരസ്സ് തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു. എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുന്നു” (സങ്കീ. 23:5). ദൈവത്തിന്‍റെ സംരക്ഷണവും കാരുണ്യവും സങ്കീര്‍ത്തകന്‍റെ ജീവിതയാത്രയിലുടനീളം അനുഭവവേദ്യമാണ്. “അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും” (സങ്കീ. 23:6). തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ പുറപ്പാടു മുതല്‍ വാഗ്ദത്ത ദേശത്ത് തിരിച്ചെത്തുന്നതുവരെയുള്ള ചരിത്രത്തിലുടനീളം ഇസ്രായേലിന്‍റെ ഇടയനായ ദൈവത്തിന്‍റെ പ്രതീകം പ്രകടമാണ്. നല്ലിടയനായ യേശുക്രിസ്തുവിന്‍റെ ആഗമനം അതിന്‍റെ പൂര്‍ത്തീകരണമാണ്. തന്‍റെ അജഗണത്തിനുവേണ്ടി ജീവന്‍ നല്‍കിയ നല്ലിടയനായ ക്രിസ്തു സ്വര്‍ഗ്ഗീയ വിരുന്നിന്‍റെ മുന്നാസ്വാദനമായി സ്വന്തം തിരുശരീരരക്തങ്ങള്‍ നമുക്കു ഭക്ഷണപാനീയങ്ങളായി നല്‍കുന്നു.








All the contents on this site are copyrighted ©.