2011-10-07 17:33:07

അന്താരാഷ്ട്രസമൂഹം പൊതു നന്മയ്ക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കണം – കര്‍ദ്ദിനാള്‍ സറാ


07 ഒക്ടോബര്‍ 2011, വത്തിക്കാന്‍

മനുഷ്യനന്മയ്ക്കുവേണ്ടി അന്താരാഷ്ട്ര സമൂഹം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ. ദാരിദ്ര്യത്തിന്‍റേയും വരള്‍ച്ചയുടേയും ദുരിത ഫലങ്ങള്‍ അനുഭവിക്കുന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വത്തിക്കാന്‍റെ ഉപവി പ്രവര്‍ത്തന സംഘടനകളായ കോര്‍ ഊനും , കാരിത്താസ് ഇന്‍റെര്‍നാഷണലും സംയുക്തമായി വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ സറാ. ആഫ്രിക്കന്‍ കൊമ്പുരാജ്യങ്ങള്‍ എന്നറിയപ്പെടുന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ ജൂലൈമാസം മുതല്‍ മാര്‍പാപ്പ നടത്തിയ അഭ്യര്‍ത്ഥനകള്‍ അന്നാടുകളിലെ ജനങ്ങളോട് മാര്‍പാപ്പയ്ക്കുള്ള സ്നേഹവും പരിഗണനയുമാണ് വെളിപ്പെടുത്തുന്നതെന്ന് കോര്‍ ഊനും വത്തിക്കാന്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ അഭിപ്രായപ്പെട്ടു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചയുടന്‍തന്നെ ഏകദേശം നാലു ലക്ഷം ഡോളര്‍ കോര്‍ ഊനും വഴി മാര്‍പാപ്പ അന്നാടുകളിലേക്ക് അയച്ചു കൊടുത്തകാര്യവും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. സൊമാലിയാ, കെനിയ, എത്യോപ്യ, ജിബൂത്തി എന്നീ രാജ്യങ്ങളില്‍ കത്തോലിക്കാ സഭ പ്രാദേശിക സഭാംഗങ്ങളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും സഹകരണത്തോടെ വിപുലമായതോതില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ സറാ പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധമാകുന്ന രാഷ്ട്രങ്ങള്‍, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കതീതമായി, മനുഷ്യാന്തസിന്‍റെ സംരക്ഷണത്തിനും പൊതു നന്മയ്ക്കും വേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.