2011-10-03 19:59:03

സുവിശേഷവത്ക്കരണ പദ്ധതി പുനരാവിഷ്ക്കരിക്കണം-
യൂറോപ്പിലെ മെത്രാന്മാരോട് മാര്‍പാപ്പ


3 ഒക്ടോബര്‍ 2011, വത്തിക്കാന്‍
പുതിയ തലമുറയെ കേന്ദ്രീകരിച്ച് സുവിശേഷവത്ക്കരണ പദ്ധതി പുനരാവിഷ്ക്കരിക്കണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് അയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു. ഓക്ടോബര്‍ 1-ാം തിയതി ശനിയാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി സമ്മേളനത്തിന്‍റെ പ്രസിഡന്‍റും ഹങ്കറിയിലെ ബുഡാപെസ്റ്റ് മെത്രപ്പോലീത്തയുമായ പീറ്റര്‍ ഏര്‍ഡോയ്ക്ക് അയച്ച സന്ദേശത്തില്‍ മാര്‍പാപ്പ സമ്മേളനത്തെ അഭിനന്ദിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകുയുംചെയ്തു.

യൂറോപ്പിന്‍റെ അജപാലന മേഖലയില്‍ സഭൈക്യ-സംരംഭങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇനിയും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍പാപ്പ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
സ്വേച്ഛാശക്തികളുടെ പിടിയില്‍നിന്നും വിമുക്തമായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ അജപാലന മേഖലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നുണ്ടെന്നും, എന്നാല്‍ സാമ്പത്തിക പ്രതിയന്ധിയേക്കാള്‍ ഇന്ന് യൂറോപ്പ് അഭിമുഖീകരിക്കുന്നത് കുടുംബങ്ങളിലേയ്ക്കു ചൂഴ്ന്നു കയറുന്ന ധാര്‍മ്മിക പ്രശ്നങ്ങളും മാധ്യമമാധിപത്യത്തിന് കീഴ്പ്പെട്ട വിദ്യാഭ്യാസ ഘടനകളുമാണെന്ന് തന്‍റെ സമാപന പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ ഏര്‍ദോ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

സെപ്റ്റംമ്പര്‍ 30-ാം തിയതി വെള്ളിയാഴ്ച ആല്ബേനിയായുടെ തലസ്ഥാനമായ തിരണായില്‍ ആരംഭിച്ച സമ്മേളനം ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച സമാപിച്ചു. ഹങ്കേറിയായിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും സമ്മേളനത്തിന്‍റെ നിലവിലുള്ള പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ഡോയെ സമ്മേളനം വീണ്ടും പ്രസിഡന്‍റായും ഇറ്റലിയിലെ ജനീവയിലെ മെത്രാപ്പോലീത്തയും അവിടത്തെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായ ആര്‍ച്ചുബിഷപ്പ് ബഞ്ഞാസ്ക്കോയെ വൈസ് പ്രസിഡന്‍റായും സമ്മേളനം നിയോഗിച്ചു.








All the contents on this site are copyrighted ©.