2011-10-01 17:03:14

മനുഷ്യാന്തസിനു പ്രാധാന്യം നല്‍കാത്ത സമ്പദ്-വ്യവസ്ഥ അസ്ഥിരമായിരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മെംബേര്‍ത്തി.


01 ഒക്ടോബര്‍ 2011, ന്യൂയോര്‍ക്ക്

മനുഷ്യാന്തസിന് സ്ഥാനം നല്‍കാത്ത സമ്പദ് വ്യവസ്ഥ അസ്ഥിരമായിരിക്കുമെന്ന് ആര്‍‍ച്ച് ബിഷപ്പ് ഡൊമനിക്ക് മെംബേര്‍ത്തി. സെപ്തംബര്‍ മുപ്പതാം തിയതി വെള്ളിയാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വത്തിക്കാന്‍ വിദേശബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മെംബേര്‍ത്തി. സാമ്പത്തീക മണ്ഡലത്തില്‍ ധാര്‍മ്മീകതയ്ക്കു സ്ഥാനം നല്‍കിയെങ്കില്‍ മാത്രമേ ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്ന് വത്തിക്കാന്‍റെ പ്രതിനിധി പ്രസ്താവിച്ചു. ഉല്‍പന്നങ്ങളുടെ അനിയന്ത്രിതമായ ഉല്‍പാദനവും വിതരണവും അനേകം ദോഷഫലങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. സാമ്പത്തീകമേഖല ധാര്‍മ്മീകമായി പ്രവര്‍ത്തിക്കണമെന്ന് എല്ലായ്പ്പോഴും ഉത്ബോധിപ്പിച്ചിട്ടുള്ള പരിശുദ്ധ സിംഹാസനം ആഗോള സമ്പത്-വ്യവസ്ഥയിലെ ചില പോരായ്കമളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണെന്നും ആര്‍ച്ച് ബിഷപ്പ് മെംബേര്‍ത്തി വ്യക്തമാക്കി. ഒന്നാംകിട ലോകരാജ്യങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ളതല്ല ആഗോളവാണിജ്യ മേഖല. ദരിദ്രരാജ്യങ്ങളുടേയും വികസ്വര രാജ്യങ്ങളുടേയും വളര്‍ച്ച ഉറപ്പുവരുത്തിക്കൊണ്ട് രാജ്യങ്ങളുടെ ഐക്യദാര്‍ഡ്യത്തിലും സഹകരണത്തിലുമാണ് അന്താരാഷ്ട്ര സാമ്പത്തീക മേഖല പ്രവര്‍ത്തിക്കേണ്ടത് – ആര്‍ച്ച് ബിഷപ്പ് മെംബേര്‍ത്തി വിശദീകരിച്ചു.








All the contents on this site are copyrighted ©.