2011-10-01 17:04:42

മദര്‍ അന്തോണിയ മരിയ വേര്‍ന വാഴ്ത്തപ്പെട്ട പദത്തിലേക്ക്


01 ഒക്ടോബര്‍ 2011, ഇറ്റലി

മദര്‍ അന്തോണിയ മരിയ വേര്‍നയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനചടങ്ങുകള്‍ രണ്ടാം തിയതി ഞായറാഴ്ച ഇറ്റലിയിലെ ഇവ്റെയാ പട്ടണത്തില്‍ നടക്കും. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ ചടങ്ങുകള്‍ക്കു മുഖ്യകാര്‍മ്മീകത്വം വഹിക്കും. അമലോല്‍ഭവജനനിയുടെ ഉപവിയുടെ സഹോദരിമാര്‍ എന്ന സന്ന്യസ്ത സഭയുടെ സ്ഥാപകയാണ് മദര്‍ വേര്‍ന. 1773 ജൂണ്‍ പന്ത്രണ്ടാം തിയതി പിയെമൊന്തേ പ്രവിശ്യയിലുള്ള ഇവ്റെയായില്‍ ജനിച്ച അന്തോണിയ മരിയ മാതാപിതാക്കളില്‍ നിന്നാണ് കത്തോലിക്കാവിശ്വാസത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. ചെറുപ്പം മുതലേ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആതുര പരിചരണത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാരംഭിച്ച മരിയ 1806ല്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സന്ന്യസ്തസഭ ആരംഭിക്കാന്‍ സഭാധികാരികളുടെ അനുമതി തേടി. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് അമലോല്‍ഭവജനനിയുടെ ഉപവിയുടെ സഹോദരിമാര്‍ എന്ന സന്ന്യസ്ത സഭയ്ക്കു 1828ല്‍ മദര്‍ അന്തോണിയ മരിയ രൂപം നല്‍കി. 1835ലാണ് ഈ സന്ന്യാസസഭ രൂപതാതലത്തില്‍ അംഗീകരിക്കപ്പെട്ടത്. മദര്‍ സ്ഥാപിച്ച സന്ന്യാസഭയിലെ അംഗങ്ങള്‍ ഇന്ന് പതിനൊന്നു രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അശരണര്‍ക്കും രോഗികള്‍ക്കും വേണ്ടി സേവനമനുഷ്ഠിക്കുന്നു.1838 ഡിസംബര്‍ ഇരുപത്തഞ്ചാം തിയതി മദര്‍ അന്തോണിയ മരിയ വേര്‍ന ഈ ലോകത്തോടു വിടപറഞ്ഞു.








All the contents on this site are copyrighted ©.