2011-10-01 17:04:06

ജനാധിപത്യ ഭരണകൂടങ്ങള്‍ മതസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളണമെന്ന് കര്‍ദ്ദിനാള്‍ എര്‍ദോ


01 ഒക്ടോബര്‍ 2011, തിറാന – അല്‍ബേനിയ

മനുഷ്യാവകാശസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങള്‍ മതസ്വാതന്ത്ര്യത്തെ അവഗണിച്ചു കളയരുതെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ. അല്‍ബേനിയായുടെ തലസ്ഥാനമായ തിറാനായില്‍ നടക്കുന്ന യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്തസമിതിയുടെ വാര്‍ഷിക പൊതു സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഇപ്രകാരം പ്രസ്താവിച്ചത്. മതസ്വാതന്ത്ര്യം ഇല്ലാതെ യഥാര്‍ത്ഥ സുരക്ഷയും സാഹോദര്യവും സമൂഹത്തില്‍ ഉണ്ടാവുകയില്ലെന്ന് യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്തസമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ പ്രസ്താവിച്ചു. മതപീഡനം നടക്കുന്ന രാജ്യങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ യൂറോപ്പിലെ ജനാധിപത്യ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യൂറോപ്പില്‍ മാധ്യമങ്ങളിലൂടെ ക്രൈസ്തവവിരുദ്ധ മനോഭാവം വളര്‍ന്നുവരുന്നത് ആശങ്കാജനകമായ വസ്തുതയാണെന്ന് ചൂണ്ടിക്കാട്ടിയ കര്‍ദിനാള്‍ കത്തോലിക്കാ മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തപ്പെടുന്ന അവസ്ഥയാണുള്ളതെന്നും പറഞ്ഞു. മതനിരപേക്ഷതവളര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്പില്‍ നവസുവിശേഷവല്‍ക്കരണത്തിന്‍റെ പാതയിലൂടെ വിശ്വാസജീവിതത്തിന് നവോന്മേഷം പകരാന്‍ സാധിക്കുമെന്ന് ഹംഗറിയിലെ മെത്രാന്‍മാരുടെ ദേശീയസമിതിയുടെ അദ്ധ്യക്ഷന്‍ കൂടിയായ കര്‍ദിനാള്‍ എര്‍ദോ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.