2011-09-30 15:57:41

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ജര്‍മന്‍ പര്യടനം: പ്രഭാഷണങ്ങള്‍


ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2011 സെപ്തംബര്‍ ഇരുപത്തിരണ്ടാം തിയതി മുതല്‍ ഇരുപത്തിയഞ്ചാം തിയതി വരെ ജര്‍മനിയിലേക്കു നടത്തിയ പര്യടനത്തിനിട‍െ നല്‍കിയ പ്രഭാഷണങ്ങള്‍


ജര്‍മനി സന്ദര്‍ശിക്കുന്നത് ജനങ്ങളോട് ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍ : ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ
22 സെപ്റ്റംമ്പര്‍ 2011, ബെര്‍ലിന്‍.

ജര്‍മനിയില്‍ നാലുദിവസത്തെ ഔദ്യോഗിക പര്യടനത്തിനെത്തിയ മാര്‍പാപ്പ ദൈവത്തെക്കുറിച്ച് ജനങ്ങളോടു സംസാരിക്കാനാണ് താന്‍ ജര്‍മനി സന്ദര്‍ശിക്കുന്നതെന്ന് പ്രസ്താവിച്ചു. ജര്‍മന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ നടന്ന സ്വീകരണചടങ്ങിലാണ് പാപ്പ ഈ പ്രസ്താവന നടത്തിയത്. പരിശുദ്ധ സിംഹാനത്തിന്‍റെ പരമാധികാരിയായ മാര്‍പാപ്പയുടെ ജര്‍മന്‍ പര്യടനം വത്തിക്കാനും ജര്‍മനിയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വളരാന്‍ സഹായിക്കും. എങ്കിലും രാഷ്ട്രീയമോ സാമ്പത്തീകമോ ആയ ലക്ഷൃത്തോടെയല്ല ഈ പര്യടനമെന്ന് പാപ്പ പ്രസ്താവിച്ചു.

സാമൂഹ്യജീവിതത്തില്‍ മതവിശ്വാസത്തോടുള്ള അവഗണന വളര്‍ന്നു വരുന്നതിന് നാം സാക്ഷികളാണ്, സത്യം ജീവിതത്തിന് ഒരു പ്രതിബന്ധമാണെന്നു കരുതുന്ന സമൂഹം സുഖലോലുപതയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ നമ്മുടെ സഹജീവനം സാധ്യമാക്കുന്ന ചില അടിസ്ഥാന ഘടകങ്ങള്‍ സാമൂഹ്യ ജീവിതത്തിന് അത്യന്താപേഷിതമാണ്. അതില്ലാത്തപക്ഷം നാം പരസ്പരബന്ധമില്ലാത്ത ഒറ്റപ്പെട്ടവ്യക്തികളായി ജീവിക്കേണ്ടിവരും. മനുഷ്യരെ പരസ്പരം കൂട്ടിയിണക്കിക്കൊണ്ട് അവരുടെ സാമൂഹ്യജീവിതം സഫലമാക്കുന്ന അടിസ്ഥാനഘടകങ്ങളാണ് മതങ്ങള്‍. ജര്‍മനിയിലെ മെത്രാനും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന ബിഷപ്പ് വില്ലെം വോണ്‍ കെറ്റലറുടെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് പാപ്പ പറഞ്ഞു, “മതങ്ങള്‍ക്കു സ്വാതന്ത്ര്യം ആവശ്യമുള്ളതുപോലെ സ്വാതന്ത്ര്യത്തിന് മതങ്ങളെയും ആവശ്യമുണ്ട്”

ശ്രേഷ്ഠ നന്മയോടുള്ള ഉത്തരവാദിത്വത്തിലാണ് സ്വാതന്ത്ര്യം വികസിക്കുന്നത്. നീതിപൂര്‍വ്വം നന്മയില്‍ വ്യാപരിക്കേണ്ടത് തന്‍റെ കടമയാണെന്നു കരുതുന്ന വ്യക്തിക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടാവുകയില്ല. ശ്രേഷ്ഠമായ നന്മ എന്നു പറയുന്നത് എല്ലാവരുടേയും നന്മയാണ്. സ്വന്തം നന്മയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അപരന്‍റെ നന്മയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ സാധ്യമല്ല. വ്യക്തിബന്ധങ്ങളുടെ അഭാവത്തില്‍ സ്വാതന്ത്ര്യത്തിനു സ്ഥാനമില്ല – പാപ്പ പറഞ്ഞു.

സാഹോദര്യമനോഭാവം ഇല്ലാത്തമനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടാവുകയില്ല, എന്‍റെ പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്കു കഷ്ടനഷ്ടങ്ങളുണ്ടാക്കുന്നുണ്ടെങ്കില്‍ എനിക്കു സ്വാതന്ത്ര്യമില്ല. എന്‍റെ പ്രവര്‍ത്തികള്‍ എനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ ദോഷകരമായി ഭവിക്കുകയാണപ്പോള്‍. എന്‍റെ കഴിവും ശക്തിയും മറ്റുള്ളവര്‍ക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ ഞാന്‍ സ്വതന്ത്രനായിത്തീരും. സത്യവും നന്മയും സ്വകാര്യജീവിതത്തിലെ മാത്രം കാര്യങ്ങളല്ല സാമൂഹ്യജീവിതമൂല്യങ്ങള്‍ കൂടിയാണ് അവ. താഴ്ന്ന നിലയിലുള്ള സാമൂഹ്യഘടകങ്ങള്‍ക്ക് വളരാന്‍ വേണ്ട സാഹചര്യങ്ങള്‍ നല്‍കപ്പെടേണ്ടണം. സമൂഹത്തിന്‍റെ പിന്തുണ്ണയോടെ സ്വയം വളരാന്‍ അവയ്ക്കു സാധിക്കണം.

ചരിത്രമൂഹൂര്‍ത്തങ്ങള്‍ക്കു സാക്ഷൃം വഹിച്ചുകൊണ്ട് ബെര്‍ലിന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ബെല്ലേവൂമന്ദിരത്തെക്കുറിച്ചും പാപ്പ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് ചരിത്രം നല്‍കുന്ന പാഠങ്ങള്‍ പഠിക്കാന്‍ ബെല്ലേവൂമന്ദിരം പ്രചോദനം നല്‍കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ഉത്തരവാദിത്വപൂര്‍ണ്ണമായ സ്വാതന്ത്ര്യമാണ് ജര്‍മനിയെ ഒരു രാജ്യമായി വളര്‍ത്തിയത്. ഈ ക്രിയാത്മകത സമൂഹത്തിന്‍റെ എല്ലാതലത്തിലും ഉണ്ടായിരിക്കേണ്ടത് രാജ്യത്തിന്‍റെ ഭാവിയിലേക്കുള്ള വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.



മുന്തിരിച്ചെടി – ക്രിസ്തുവുമായുള്ള സജീവബന്ധത്തിന്‍റെ പ്രതീകം


23 സെപ്റ്റംമ്പര്‍ 2011, ബര്‍ളിന്‍
(മാര്‍പാപ്പ ബര്‍ലിന്‍ ഒളിംപിക് സ്റ്റേഡിയത്തിലെ സമൂഹദിവ്യബലി മധ്യേ നടത്തിയ വചനപ്രഘോഷണം)

ബര്‍ളിന്‍ ഒളിംപ്ക്ക് സ്റ്റേഡിയത്തില്‍ ദിവ്യബലിയ്ക്കെത്തിയ വലിയ ജനക്കൂട്ടത്തെ കണ്ടതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് മാര്‍പാപ്പ പ്രഭാഷണം ആരംഭിച്ചത്.
എന്‍റെ ഹൃദയും സന്തോഷംകൊണ്ടു മാത്രമല്ല, ആത്മവിശ്വാസംകൊണ്ടും നിറയുകയാണ്. ബര്‍ളിന്‍ അതിരൂപതയില്‍നിന്നും ജര്‍മ്മനിയിലെ മറ്റു രൂപതകളില്‍നിന്നും, കൂടാതെ അയല്‍ രാജ്യങ്ങളില്‍നിന്നുമെത്തിയ തീര്‍ത്ഥാടകര്‍ക്കും ഹൃദ്യമായ അഭിവാദ്യങ്ങള്‍. 15 വര്‍‍ഷങ്ങള്‍ക്കു മുന്‍പാണ് ആദ്യമായി ഒരു മാര്‍പാപ്പ ജര്‍മ്മനി സന്ദര്‍ശിച്ചത്. തന്‍റെ മുന്‍ഗാമിയായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍‍പാപ്പ 1996-വ്‍ ബര്‍ണാര്‍ഡ് ലിച്ചെന്‍ബര്‍ഗിനെയും കാള്‍ ലെയിസ്നറിനെയും വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിന് നടത്തിയ സന്ദര്‍ശനമായിരുന്നു അത്. ഈ വാഴ്ത്തപ്പെട്ടവരെയും അവരുടെ ഗണത്തില്‍പ്പെട്ട അനേകം വിശുദ്ധാത്മാക്കളെയും അനുസ്മരിക്കുകയാണെങ്കില്‍ ക്രിസ്തുവാകുന്ന മുന്ത്രിച്ചെടിയിലെ ശാഖകളുടെയും ഫലമണിയുന്ന സാക്ഷാല്‍ മുന്തിരിയുടെയും അര്‍ത്ഥമെന്തെന്ന് നമുക്ക് മനസ്സിലാകും.

കിഴക്കന്‍ നാടുകളില്‍ സമൃദ്ധമായ ഈ മുന്തിരിച്ചെടിയുടെ ഉപമയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. ക്രിസ്തുവും അവിടുത്തെ ശിഷ്യന്മാരും അവിടുത്തെ സ്നേഹിതരുമായുള്ള ബന്ധത്തിന്‍റെ അതിമനോഹരവും സജീവവുമായ പ്രതീകവും – പ്രതിബിംബവുമാണ് മുന്തിരിച്ചെടി. നിങ്ങള്‍ മുന്തിരിച്ചെടിയാണെന്നല്ല ക്രിസ്തു ഉപമയില്‍ പറയുന്നത്, മറിച്ച്, “ഞാനാകുന്നു മുന്തിരിച്ചെടി,
നിങ്ങള്‍ അതിലെ ശാഖകളാണ്,” എന്നാണ് (യോഹ. 15, 5).
ശാഖകള്‍ ചെടിയോടു ചേര്‍ന്നിരിക്കുന്നതുപോലെ നിങ്ങള്‍ എന്നോടും ചേര്‍ന്നിരിക്കുന്നു. നിങ്ങള്‍ എന്നോടു ചേര്‍ന്നിരിക്കുന്നതുപോലെ, നിങ്ങള്‍ പരസ്പരവും ചേര്‍ന്നിരിക്കണം. ക്രിസ്തു നല്കുന്ന മുന്തിരിച്ചെടിയിലെ കൂട്ടായ്മ ഭാവാത്മകവും പ്രതീകാത്മകവുമായൊരു ബന്ധമല്ല. അത് ക്രിസ്തുവുമായുള്ള സജീവവും ജീവാത്മകവുമായ, ജീവന്‍ പ്രസരിക്കുന്ന ബന്ധമാണ്. ഇത് സഭയുടെ പ്രതീകമാണ്. ജ്ഞാനസ്നാനത്താല്‍ മുദ്രിതവും ദിവ്യകാരുണ്യത്താല്‍ പരിപോഷിതവുമായ ക്രിസ്തുവിലുള്ള ഒരു കൂട്ടായ്മയാണ് മുന്തിരിച്ചെടിയില്‍ സുവിശേഷം വരച്ചുകാട്ടുന്നത്.

ഞാനാകുന്നു മുന്തിരിച്ചെടി, എന്നു ക്രിസ്തു പറയുമ്പോള്‍ നാം ക്രിസ്തുവിലും, ക്രിസ്തു നമ്മിലും വസിക്കുന്ന, ക്രിസ്തുവിന്‍റെ അഭൂതപൂര്‍വ്വമായ മുമ്പൊരിക്കലുമില്ലാത്ത, സഭയുമായുള്ള വ്യക്തിബന്ധത്തിന്‍റെയും താദാത്മഭാവത്തിന്‍റെയും യാഥാര്‍ത്ഥ്യമാണ് ഈ വചനത്തില്‍, ഉപമയില്‍ പ്രതിഫലിക്കുന്നത്.

ഡമാസ്ക്കസ്സിലേയ്ക്കുള്ള യാത്രമദ്ധ്യേ സഭയെ പീഡിപ്പിക്കുവാന്‍ പോയ സാവൂളിനോട് ക്രിസ്തുതന്നെയാണ് ചോദിക്കുന്നത്, സാവൂള്‍, സാവൂള്‍, നീ എന്തുകൊണ്ടാണ് എന്നെ പീഡിപ്പിക്കുന്നത്. ഈ വാക്കുകളില്‍ ഉത്ഥിനായ ക്രിസ്തുവിന് സഭയുമായുള്ള ആഴമായ ആന്തരീക ഐക്യം വളരെ പ്രകടമായും വെളിപ്പെടുത്തപ്പെടുകയാണ്. ക്രിസ്തു ഈ ലോകത്ത് തന്‍റെ സഭയില്‍ അധിവസിക്കുകയും തന്‍റെ സാന്നിദ്ധ്യം തുടരുകയും ചെയ്യുന്നു. അവിടുന്ന് സഭയില്‍ നമ്മോടൊപ്പമുണ്ട്, നാം അവിടത്തോടുകൂടെയും.
എന്തുകൊണ്ടാണ് എന്നെ പീഢിപ്പിക്കുന്നത്?
സഭയുടെ പീഢനങ്ങള്‍ ഏല്‍ക്കുന്നത് ക്രിസ്തു തന്നെയാണെന്ന് ഈ ചോദ്യം സ്പഷ്ടമാക്കുന്നു. അതുപോലെ നാം വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുമ്പോള്‍, നാം ഒറ്റയ്ക്കല്ല, ക്രിസ്തു നമ്മോടൊപ്പമുണ്ട് എന്ന വസ്തുതയും ഇതു വ്യക്തമാക്കുന്നുണ്ട്.

ഉപമയില്‍ ക്രിസ്തു പറയുന്നു. ഞാന്‍ മുന്തിരിച്ചെടുയും എന്‍റെ പിതാവ് കൃഷിക്കാരനുമാണ് (യോഹ. 15, 1). അവിടുന്ന് വീണ്ടും തുടരുന്നു, കൃഷിക്കാരന്‍ ഉണങ്ങിയ ശിഖരങ്ങള്‍ വെട്ടിക്കളയുകയും, നല്ലവ ഫലമണിയേണ്ടതിന് മുറിച്ചുനിറുത്തുകയും ചെയ്യുന്നു.

എസേക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്നും, ആദ്യവായനയില്‍ നാം ശ്രവിച്ചതുപോലെ, “നമ്മുടെ ശരീരത്തില്‍നിന്നും ശിലാഹൃദയം എടുത്തുമാറ്റി മാംസളമായ ഹൃദയം നല്കാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു.” അവിടുന്ന് സമ്പൂര്‍ണ്ണ ചേതനയുള്ള, നവജീവന്‍ നമുക്ക് നല്കാന്‍ ആഗ്രഹിക്കുന്നു.
പാപികളെ വിളിക്കാനാണ് ക്രിസ്തു ആഗതനായത്. രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം, ആരോഗ്യവാന്മാര്‍ക്കല്ല. (ലൂക്കാ 5, 31). രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രസ്താവിക്കുന്നതുപോലെ, പാപികള്‍ക്ക് മാനസാന്തരത്തിന്‍റെ പാത തുറന്നുകൊണ്ടും, അവരെ സൗഖ്യദാനത്തിലേയ്ക്കും, സമ്പൂര്‍ണ്ണ ജീവനിലേയ്ക്കും നയിച്ചുകൊണ്ടും സഭ, ഈ ലോകത്ത് രക്ഷയുടെ സാര്‍വ്വലൗകിക കൂദാശയായും സ്ഥാപനമായും നിലകൊള്ളുന്നു. (LG 48).
ക്രിസ്തു തന്‍റെ സഭയെ ഭരമേല്പിച്ച വലിയ ദൗത്യവും സന്ദേശവും ഇതാണ്.

ധാരാളം പേര്‍ ഇന്നു സഭയെ പുറമെനിന്നും ഒരു വലിയ സ്ഥാപനം മാത്രമായിട്ടാണ് കാണുന്നത്. ജനാധിപത്യ സമൂഹത്തിലെ അല്ലെങ്കില്‍ സമുദായത്തിലെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ട ബൃഹത്തായൊരു പ്രസ്താനമായി സഭയെ കാണുന്നുണ്ട്. ഇങ്ങനെ ഉപരിപ്ലമായൊരു വിക്ഷണത്തില്‍, നല്ലതും മോശവുമായ മത്സ്യങ്ങളും, കളയും ഗോതമ്പും ഒരുപോലെ സഭയിലുണ്ട് എന്നൊരനുഭവം പലര്‍ക്കും ഉണ്ടാകുന്നത്. ഈ വിപരീതാനുഭവങ്ങളെ ഒരു സ്ഥാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കാണുമ്പോള്‍, സഭയുടെ മഹത്തരവും ആഴമുള്ളതുമായ ആത്മീയരഹസ്യം മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു. അങ്ങനെ ഈ ചെടിയുടെ, മുന്തിരിയുടെ ഭാഗമായിരിക്കുന്നതില്‍ വലിയ സവിശേഷതയോ സന്തോഷമോ ഇല്ല, എന്നൊരു നിഗമനത്തിലേയ്ക്ക് അവര്‍ എത്തിച്ചേരുന്നു. സഭയെക്കുറിച്ചുള്ള ഉപരിപ്ലവവും ഭാഗികവുമായ ധാരണകളില്‍നിന്നുകൊണ്ട് തങ്ങളുടെ ‘സ്വപ്നത്തിലെ സഭ’ സാക്ഷാത്ക്കരിക്കപ്പെടാതെ പോകുമ്പോള്‍, അസംതൃപ്തിയും വെറുപ്പും വ്യക്തികളില്‍ വളരുന്നു. അങ്ങെ സഭയില്‍ എന്നെ അംഗമായി വിളിച്ചതിന് ദൈവമേ, ഞാനങ്ങയെ സ്തുതിക്കുന്നു, എന്ന് തലമുറകള്‍ പാടിയ ആ സ്തുതിപ്പ് അങ്ങനെയുള്ളവര്‍ക്ക് ഏറ്റുപാടാനാവാത്ത ഒരവസ്ഥയില്‍ എത്തിച്ചേരുന്നു.

നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കും, എന്ന് കര്‍ത്താവ് തുടര്‍ന്നും ആഹ്വാനംചെയ്യുന്നു. മുന്തിരിച്ചെടിയില്‍ വസിക്കാത്ത ശാഖകള്‍ ഫലമണിയാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങളും ഫലമണിയുകയില്ല. എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ സാദ്ധ്യമല്ല. (യോഹ. 15, 4).
ജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പ് നമുക്കെല്ലാവര്‍ക്കും ആവശ്യമാണ്.
എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം ശാഖകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു. (യോഹ. 15, 6).
വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതുപോലെ, ഒരുശാഖ രണ്ടു കാര്യങ്ങള്‍ക്കു കൊള്ളാം തീയിലിടുന്നതിനോ, ഫലമണിയുന്നതിനോ. ഫലമണിയുന്നില്ലെങ്കില്‍ തീയിലെറിയപ്പെടും. തീയിലെറിയപ്പെടല്‍ ഒഴിവാക്കിയാല്‍ ഫലമണിയാനും സാധിക്കുമെന്നത് തീര്‍ച്ചയാണ്, എന്ന്.

തീരുമാനം നമ്മുടെ ഓരോരുത്തരുടേതുമാണ്. നമ്മുടെ ജീവിതാസ്ഥത്വത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിക്കൊണ്ടുള്ള തീരുമാനമാണ് നാം എടുക്കേണ്ടത്.
മുന്തിരിയുടെ ചിത്രം, പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്‍റെയും പ്രതീകമാണ്. ഈ മുന്തിരിയുടെ മൂലമാകാനാണ് ക്രിസ്തു മനുഷ്യാവതാരത്തിലൂടെ നമ്മോടൊത്തു വസിച്ചത്. ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധികളും കോട്ടങ്ങളും ഉണ്ടായാലും, നമ്മെ പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനും കരുത്തുള്ള ജീവജലത്തിന്‍റെ സ്രോതസ്സ് ക്രിസ്തുവാണെന്ന സത്യം മറക്കരുത്.
നമുക്ക് അഗ്രാഹ്യമാംവിധം അവിടുന്നു നമ്മുടെ പാപങ്ങളും ആശങ്കയും വേദനകളും പേറുന്നുണ്ട്, അവിടുന്നു നമ്മെ രൂപാന്തരപ്പെടുത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്, അവിടുന്നു നമ്മെ നല്ല വീഞ്ഞാക്കി മാറ്റും.

ഏറെ ആലസ്യങ്ങളും അസ്വസ്തതകളും നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുടുംബബന്ധങ്ങളും സുഹൃദ് വലയവുമെല്ലാം ഹ്രസ്സ്വമാക്കപ്പെടുകയും ചുരിങ്ങിപ്പോവുകയും ചെയ്യുന്നു. ധാരാളം പേര്‍ക്ക് ജീവിതവഴിതന്നെ തെറ്റിപ്പോകുന്നു. ജീവിതത്തിന്‍റെ സ്ഥായീഭാവം നഷ്ടപ്പെട്ട്, അടിത്തറ ഇളകിപ്പോവുകയും ചെയ്യുമ്പോള്‍, എമ്മാവൂസിലെ അപ്പോസ്തലന്മാരെപ്പോലെ നമുക്കു പ്രാര്‍ത്ഥിക്കാം,
സന്ധ്യമയങ്ങി, ചുറ്റു ഇരുട്ടായി. കര്‍ത്താവേ, അങ്ങ് ഞങ്ങളോടൊത്തു വസിക്കണമേ, (ലൂക്കാ 24, 29).


ലൂതറിന്‍റെ ചിന്തയും ആത്മീയതയും ക്രിസ്തുകേന്ദ്രീകൃതമെന്ന് മാര്‍പാപ്പ

23 സെപ്റ്റംമ്പര്‍ 2011, ഏര്‍ഫൂര്‍ട്ട്

(ഇരുപത്തി മൂന്നാം തിയതി വെള്ളിയാഴ്ച ഏര്‍ഫൂട്ട് നഗരത്തില്‍ വച്ച് ജര്‍മനിയിലെ ഇവാഞ്ചെലിക്കല്‍ സഭാകൂട്ടായ്മയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മാര്‍പാപ്പ നല്‍കിയ പ്രഭാഷണം.)

ലൂതര്‍ ദൈവശാസ്ത്രം പഠിച്ച് വൈദികനായ അഗസ്തീനിയന്‍ ആശ്രമത്തില്‍, റോമിലെ മെത്രാന്‍ വിവിധ ക്രൈസ്തവ സഭകളുടെ അദ്ധ്യക്ഷന്മാരോടൊപ്പം നില്ക്കുന്നത് വളരെ ഹൃദയസ്പര്‍ശിയായ അനുഭവമാണ്. എനിക്കെങ്ങിനെ ദൈവകൃപ സ്വീകരിക്കാം, എന്ന ആഴമായ ത്വരയും ചിന്തയുമായിരുന്നു ലൂതറിന്‍റെ ജീവിതയാത്രയിലെ പ്രേരകശക്തി. അദ്ദേഹത്തന്‍റെ ദൈവശാസ്ത്രപരമായ എല്ലാ അന്വേഷണങ്ങളുടെയും ആന്തരീക സംഘര്‍ഷങ്ങളുടെയും അടിസ്ഥാനം ഈ അന്വേഷണം തന്നെയായിരുന്നു. ലൂതറിന് ദൈവശാസ്ത്രം ഒരു പഠ്യവിഷയമോ ബൗദ്ധികാന്വേഷണമോ ആയിരുന്നില്ല, മറിച്ച് ദൈവത്തിനായുള്ള, ദൈവത്തോടൊപ്പമുള്ള ഒരു ആന്തരീക, ആത്മീയ പോരാട്ടമായിരുന്നു.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലൂതര്‍ ചോദിച്ച അതേ, ചോദ്യം നാം ഇന്ന് നമ്മോടു ചോദിക്കേണ്ടതാണ്. ദൈവകൃപ നമുക്കെങ്ങനെ സ്വീകരിക്കാം, എന്ന്. കാരണം, ദൈവം മനുഷ്യന്‍റെ പാപത്തിലോ പുണ്യത്തിലോ തല്പരനല്ലെന്നും, മനുഷ്യന്‍ ബലഹീനനാണെന്നും അവിടുത്തേയ്ക്കറിയാമെന്നും, ഇനിയൊരു അന്ത്യവിധിയും മരണാനന്തര ജീവിതവും ഉണ്ടെങ്കില്‍ത്തന്നെ
ദൈവം നമ്മോടു ഔദാര്യപൂര്‍ണ്ണനും കാരുണ്യവാനുമായിരിക്കും
എന്ന നിഗമനത്തില്‍, ജീവിതത്തെ ലാഘവത്തോടെ കണ്ടുകൊണ്ടാണ് ഇന്ന് മനുഷ്യന്‍ മുന്നോട്ടു ചരിക്കുന്നത്. ഇത് ആധുനിക ലോകത്തിന്‍റെ നവമായ ദൈവശാസ്ത്രമാണ്. മനുഷ്യന്‍റെ തെറ്റുകള്‍ തിന്മകള്‍ ചെറുതാണ്, ദൈവത്തിന്‍റെ മുന്നില്‍ അത് തുലോം നിസ്സാരമാണ്, അതുകൊണ്ട് പ്രശ്നമൊന്നും ഇല്ല, എന്നൊരു ചിന്ത ഇന്നിന്‍റെ ചിന്താധാരയായി മാറിയിട്ടുണ്ട്. ഇത് ഏറെ അപകടരമാണ്.
തങ്ങളുടെതന്നെ നേട്ടത്തിനും കാര്യലാഭത്തിനുമായി ദൈവത്തെ വളച്ചൊടിക്കുന്നവര്‍ പാപത്തെ ലഘൂകരിക്കുന്നതുവഴി ദൈവത്തെ ലഘൂകരിക്കുകയും, എല്ലാം മനുഷ്യന്‍റെ ചെറിയ തെറ്റുകള്‍ മാത്രമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
മനുഷ്യന്‍റെ ആര്‍ത്തിയിലും വ്യാമോഹത്തിലും അധിഷ്ഠിതമായ ഈ ചെറിയ തിന്മകളാണ് ഇന്ന് ലോകഗതിയെ തകിടം മറിക്കുന്നത്. മതത്തിന്‍റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങളും അധിക്രമങ്ങളും സുഖലോലുപതയ്ക്കുവേണ്ടിയുള്ള മരുന്നിന്‍റെയും മയക്കുമരുന്നുകളുടെയും ഉപയോഗവുമെല്ലാം ചെറിയ തെറ്റുകളില്‍ തുടങ്ങിയ വന്‍ തിന്മകളായി മാറിക്കഴിഞ്ഞു. ദൈവസ്നേഹവും ദൈവസ്നേഹത്തിലധിഷ്ഠിതമായ സഹോദരസ്നേഹവും ഇന്ന് സമൂഹത്തില്‍ ചെറുതായിട്ടെങ്കിലും നിലനിലനിന്നിരുന്നെങ്കില്‍, നമ്മുടെ ലോകത്തിന്‍റെ വലിയ ഭാഗങ്ങള്‍ വിശപ്പും ദാരിദ്ര്യവുംകൊണ്ടു വലയുമായിരുന്നോ.
ഇല്ല, തിന്മ ഒരിക്കലും ചെറിയ കാര്യമല്ല.
ദൈവത്തെ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കുകയാണെങ്കില്‍ ലോകത്ത് തിന്മ ഇത്രയ്ക്കും ശക്തിപ്പെടുകയില്ല.
മര്‍ട്ടിന്‍ ലൂതര്‍ ചോദിച്ച, എന്നില്‍ ദൈവത്തിന് എന്തു സ്ഥാനമുണ്ട്, ദൈവത്തിന്‍റെ മുന്നില്‍ ഞാന്‍ എവിടെയാണ്, ഈ ചോദ്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നവമായ രൂപത്തില്‍ അടിയന്തിരമായി ഉയര്‍ന്നുവരേണ്ടതാണ്.

സ്രഷ്ടാവും സര്‍വ്വശക്തനുമായ ദൈവം മനുഷ്യന്‍റെ താത്വികമായ പഠനവിഷയം മാത്രമാവരുത്. നമ്മോടു സംസാരിക്കുകയും മനുഷ്യരോട് ഇടപഴകുകയും ചെയ്തിട്ടുള്ള, നമ്മോടൊത്തു വസിച്ച, മനുഷ്യരൂപമെടുത്ത ക്രിസ്തു സത്യ ദൈവവും സത്യമനുഷ്യനുമാണെന്ന സത്യം നാം പ്രഘോഷിക്കണം.
ലൂതറിന്‍റെ ചിന്തകളും ആത്മീയതയും പൂര്‍ണ്ണമായും ക്രിസ്തു- കേന്ദ്രീകൃതമായിരുന്നു. ലൂതറിന്‍റെ വിശുദ്ധ ഗ്രന്ഥവ്യാഖ്യനമൊക്കെയും ക്രിസ്തു രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാനും വ്യക്തമാക്കുവാനുമായിരുന്നു.
ക്രിസ്തു സ്നേഹവും, ക്രിസ്ത്വായ്ക്ക്യവുമാണ് ജീവിത വെളിച്ചമെന്ന് ലൂതര്‍ വെളിപ്പെടുത്തി.

മതനിരപേക്ഷവാദവും ദൈവത്തെ മറന്ന് ലോകഗതികളോടുള്ള അമിതമായ താല്പര്യവുമുള്ള ജീവിത ശൈലി വളര്‍ന്നു വരുന്ന ഇക്കാലഘട്ടത്തില്‍, ക്രൈസ്തവൈക്യത്തിന്‍റെ പാതയില്‍ നമുക്ക് പൊതുവായുള്ള നന്മകള്‍ ഒരുമിച്ചു പ്രഘോഷിക്കുക എന്ന പ്രായോഗിക ആദര്‍ശമാണ് കൈക്കൊള്ളേണ്ടത്. നമ്മെ ക്രൈസ്തവരാക്കുന്ന എല്ലാ നല്ല ഘടകങ്ങളും മൂല്യങ്ങളും ക്രൈസ്തവീകതയുടെ സമ്മാനവും ദാനവുമായി ലോകത്തിനു നല്കാനും പങ്കുവയ്ക്കാനും നമുക്കു സാധിക്കട്ടെ.
പൊതുസമ്പത്തായി നമുക്കുള്ള ക്രൈസ്ത മൂല്യങ്ങളും, തിരുവെഴുത്തുകളും, വിശ്വാസപ്രമാണങ്ങളും മറന്ന്, നമ്മെ വിഭജിക്കുകയും അകറ്റി നിറുത്തുകയും ചെയ്ത ഘടകങ്ങളില്‍ മുറുകെ പിടിച്ചു നിന്ന, നവോത്ഥനാ കാലത്തു സംഭവിച്ചത് പാളിച്ചയായിരുന്നു.
നമ്മുടെ പ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും നമുക്കേവര്‍ക്കും പൊതുസ്വത്തായി ലഭിച്ചിട്ടുള്ള സുവിശേഷമൂല്യങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട് ഇളകാത്ത അടിത്തറയും ദൈവവുമായ ക്രിസ്തുവിന് ഒത്തൊരുമിച്ച് സാക്ഷൃമേകാന്‍ സാധിക്കട്ടെ.

ഇന്നത്തെ ലോകത്ത് സഭൈക്യമേഖലയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു മേഖല വിശ്വാസമാണ്. മതനിരപേക്ഷ ചിന്തകള്‍ വിശ്വാസജീവിതത്തെ വെള്ളം ചേര്‍ത്ത് തരംതാഴ്ത്തിക്കാണിക്കുമ്പോള്‍, ക്രൈസ്തവസഭയേയോ സമൂഹത്തെയോ സംരക്ഷിക്കുക എന്നതിനെക്കാളുപരി, ദൈവത്തിലുള്ള മനുഷ്യന്‍റെ വിശ്വാസത്തെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതായിരിക്കണം, സഭൈക്യപാതയില്‍ നമ്മെ ഒന്നിപ്പിക്കുന്ന മുഖ്യഘടകം. ക്രിസ്തുവിലുള്ള വിശ്വാസം, ക്രിസ്തു സജീവനായ ദൈവമാണെന്ന വിശ്വാസം ഇന്ന് ലോകത്തിന് പങ്കുവയ്ക്കുന്ന പ്രക്രിയ ക്രിസ്തുവില്‍ നമ്മെ ഒന്നിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന സഭൈക്യശക്തിയാകട്ടെ


സഹോദര സ്നേഹത്തില്‍ പ്രതിഫലിക്കുന്ന ദൈവസ്നേഹമാണ് വിശ്വാസം – മാര്‍പാപ്പ


23 സെപ്റ്റംമ്പര്‍ 2011, ജര്‍മനി

(ഇരുപത്തി മൂന്നാം തിയതി വെള്ളിയാഴ്ച ഏര്‍ഫൂട്ട് നഗരത്തില്‍ നടന്ന സഭൈക്യപ്രാര്‍ത്ഥനായോഗത്തില്‍ മാര്‍പാപ്പ നല്‍കിയ പ്രഭാഷണം.)



അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കുന്നര്‍ക്കു വേണ്ടിക്കൂടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
യോഹ. 17, 20

അടിസ്ഥാന ക്രൈസ്തവൈക്യം സംജാതമാകേണ്ടത് ആകാശവും ഭൂമിയും സൃഷ്ടിച്ച ഏകദൈവത്തിലുള്ള വിശ്വാസത്തില്‍നിന്നുമാണ്.
പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ത്രിയേക ദൈവമാണ് അവിടുന്നെന്ന് നാം വിശ്വസിക്കുന്നു. സ്നേഹത്തില്‍നിന്നും ഉതിരുന്ന ഐക്യാമാണിത്. നാം വിശ്വസിക്കുന്ന ഈ സജീവ ദൈവത്തെ പ്രഘോഷിക്കുകയെന്നതാണ് ക്രൈസ്തവൈക്യ പാതയില്‍ നമുക്കു സ്വീകരിക്കാവുന്ന പൊതുദൗത്യം.

മനുഷ്യന് ദൈവത്തെ ആവശ്യമാണോ.
ദൈവത്തിന്‍റെ ആഭാവത്തിലും അവിടുത്തെ വെളിച്ചം നമ്മെ മുന്നോട്ടു നയിക്കുന്നതായി ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ നമുക്കു തോന്നാം.
ദൈവം ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കുമെന്ന് നമുക്കു തോന്നും.
എന്നാല്‍ ദൈവത്തില്‍നിന്നും എത്രത്തോളം മനുഷ്യന്‍ അകന്നുപോകുന്നുവോ, അതുവഴിയുണ്ടാകുന്ന ശൂന്യതയിലും, സന്തോഷത്തിനും സംതൃപ്തിക്കുമായുള്ള അന്വേഷണത്തിലും മനുഷ്യന് അവന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥംതന്നെ നഷ്ടമാകാം. ദൈവത്തിനായുള്ള നിലയ്ക്കാത്ത ദാഹം മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്, ഭാഗധേയമാണ്.
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ ദൈവികൈക്യത്തില്‍ ജീവിക്കാനാണ്.
ഈ ദൈവികൈക്യത്തിന്‍റെയും ദൈവിക സാക്ഷൃത്തിന്‍റെയും അടിസ്ഥാനമാണ് ക്രിസ്തു.

ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനതന്നെയാണ് സഭൈക്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നത്. ക്രിസ്തുവിലുള്ള പൊതുവായ വിശ്വാസം പ്രഘോഷിക്കുന്ന നമുക്ക് അവിടുത്തെ വചനത്തില്‍ അധിഷ്ഠിതമായൊരു ജീവിതം നയിക്കാന്‍ സാധിക്കണം. ജീവിത മൂല്യങ്ങള്‍ക്കു പകരം പ്രത്യാഘാതങ്ങളുടെ കണക്കുകൂട്ടലിലാണ് മനുഷ്യന്‍ ഇന്നു ജീവിക്കുന്നത്.
മനുഷ്യാന്തസ്സ് ലംഘിക്കപ്പെടുകയും മനുഷ്യനായിരിക്കുന്ന അവസ്ഥ മാനിക്കപ്പെടാതെയും പോകുന്നുണ്ട്. ആരംഭംമുതല്‍ അന്ത്യവരെ, ഗര്‍ഭധാരണം മുതല്‍ മരണംവരെ, ജീവന്‍ പരിരക്ഷിക്കപ്പെടേണ്ടതാണ്..
അതിനായി ക്രൈസ്തവര്‍ ഒത്തൊരുമിച്ചു നില്ക്കേണ്ടതുമാണ്. കാരുണ്യവധംപോലെ തന്നെ ക്രൂരമാണ് ജനനത്തിനുമുന്നെയുള്ള ലിംഗവിവേചനവും ഭ്രൂണഹത്യയും. നാം നിഷേധിക്കേണ്ടതും പോരാടേണ്ടതുമായ വ്യാപകമായ ഇക്കാലഘട്ടത്തിന്‍റെ അധാര്‍മ്മികതയാണിവ.

ദൈവത്തിലുള്ള വിശ്വാസമാണ് അടിസ്ഥാനപരമായും മനുഷ്യാന്തസ്സിന്‍റെ രക്ഷാമൂല്യമാകേണ്ടത്. ക്രിസ്തു പഠിപ്പിച്ച സഹോദരസ്നേഹവും സഹോദരബന്ധിയായ ജീവിതവുമാണ് ജീവിതാന്ത്യത്തില്‍ ദൈവീക ന്യായവിധിക്ക് മാനദണ്ഡമാകുന്നതെന്ന വസ്തുതയും നമ്മുടെ പൊതുസമ്പത്താണ്. നമ്മുടെ വിശ്വാസത്തിന്‍റെ ആഴം പ്രകടമാക്കേണ്ടത് സഹോദര സ്നേഹത്തില്‍ പ്രതിഫലിക്കുന്ന ദൈവസ്നേഹം ജീവിക്കുമ്പോഴാണ്. ഇത് ക്രൈസ്തവ വിശ്വാസത്തില്‍ ജീവിതത്തിന്‍റെ അടിത്തറയാണ്.
സഭൈക്യസംരംഭത്തിന്‍റെ പാതയില്‍ ഐക്യം വളര്‍ത്തേണ്ടത്
നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിക്കൊണ്ടല്ല, മറിച്ച്,
ചിന്തയിലും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ടാണ്.
ക്രിസ്തവിന്‍റെ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനയില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് നമുക്ക് അവിടുത്തെ സ്നേഹത്തിന്‍റെ സാക്ഷികളായി ജീവിക്കാം.
അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും
ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
(യോഹ. 17, 20-21)


മരിയഭക്തിയുടെ പുതിയ മാനങ്ങള്‍

24 സെപ്റ്റംമ്പര്‍ 2011, ജര്‍മ്മനി

(ജര്‍മന്‍ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം എത്സെല്‍ബാഹിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മാര്‍പാപ്പ നടത്തിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍).

ഏഷ്ഫീല്‍ഡ് – എത്സെല്‍ബാഹിലെ വ്യാകുലാംബികയുടെ സന്നിധിയില്‍ എത്തിച്ചേരാന്‍ ഭാഗ്യമുണ്ടായ ഒരു തീര്‍ത്ഥാടകന്‍റെ വികാര നിര്‍വൃതിയോടെയാണ് മാര്‍പാപ്പ സായാഹ്ന പ്രാര്‍ത്ഥനമദ്ധ്യേ തന്‍റെ വചനപ്രഘോഷം ആരംഭിച്ചത്.

പ്രാശാന്തമീ താഴ്വാരത്തില്‍
പ്രഫുല്ലമാം നാരകവൃക്ഷച്ചോട്ടില്‍
തന്‍ സൂനുവിന്‍ മേനിപേറുമാ തനയ നോക്കി
തന്നോമല്‍ സുതരെ ആര്‍ദ്രമായ്.

രക്ഷയും ആത്മീയോന്മേഷവും പകരുന്ന മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം സ്ഫുരിക്കുന്ന ഏത്സല്‍ബാഹ് തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രശസ്തമായ മരിയഗീതത്തിന്‍റെ മാതൃഭാഷയിലുള്ള, ജര്‍മ്മന്‍ ഭാഷയിലെ മനോഹരമായ വരികള്‍ മാര്‍പാപ്പ അനുസ്മരിച്ചു.
തങ്ങളുടെ ചിരപുരാതനമായ വിശ്വാസത്തെ അടിച്ചമര്‍ത്തിയ രണ്ടു സ്വേച്ഛാശക്തികളുടെ നീണ്ട ഭരണത്തിന്‍ കീഴില്‍ ഏഷ്ഫീല്‍ഡിലെ ജനങ്ങള്‍ സാന്ത്വനത്തിന്‍റെയും സമാധാനത്തിന്‍റെയും തുറന്ന കവാടം കണ്ടത് വ്യാകുലാംബികയുടെ ഈ മാതൃസന്നിധിയിലാണ്. ചരിത്രത്തിലൂടെ വിരിഞ്ഞു വളര്‍ന്ന മറിയത്തോടുള്ള ഈ സ്നേഹാദരവും ബന്ധവും പരിപോഷിപ്പിക്കാന്‍ ഈ മേരിയന്‍ സായാഹ്നപ്രാര്‍ത്ഥനയില്‍ നമുക്ക് പരിശ്രമിക്കാം.
മറിയത്തിന്‍റെ തിരുസ്വരൂപത്തെ നമുക്കു നോക്കാം. മദ്ധ്യ വയസ്കയായൊരു സ്ത്രീ. ദുഃഖഭാരത്താല്‍ വിരിഞ്ഞ കവിള്‍ത്തടവും കര്‍ണ്ണീര്‍വാര്‍ത്ത് കനത്ത കണ്‍പോളകളുമായി കഴിഞ്ഞ സംഭവങ്ങളെ അയവിറക്കുന്നതുപോലെ ഏതോ വിസ്മൃതിയിലേയ്ക്ക് നോക്കിയിരിക്കുന്നു. അമ്മയുടെ മടിയില്‍ കിടക്കുന്നത് ജീവസ്സറ്റ തന്‍റെ മകന്‍റെ ശരീരമാണ്. വിലപിടിപ്പുള്ളൊരു സമ്മാനംപോലെ അവള്‍ അത് വാത്സല്യത്തോടും സ്നേഹത്തോടുംകൂടെ പേറിയിരിക്കുന്നു. മകന്‍റെ നഗ്നമായ ദേഹത്ത് കുരിശുമരണത്തിന്‍റെ പച്ചമുറിപ്പാടുകള്‍ തെളിഞ്ഞുകാണാം. ശ്രദ്ധേയമാകുന്നൊരു കാര്യം ക്രിസ്തുവിന്‍റെ ഇടതുകരം നേരേ താഴേയ്ക്ക് ചൂണ്ടിരിക്കുന്നു എന്നതാണ്. മൈക്കിളാഞ്ചലോയുടെ പ്രശസ്തമായ പിയെത്തായുടെ പകര്‍പ്പും, എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള
ഈ അമ്മയുടെയും മകന്‍റെയും തിരുസ്വരൂപം ഒരള്‍ത്താരയുടെ മുകളില്‍ പ്രതിഷ്ഠക്കപ്പെട്ടതായിരുന്നിരിക്കണം. ക്രിസ്തു അമ്മയുടെ മടിയില്‍ മൃതനായിക്കിടക്കുമ്പോഴും അള്‍ത്താരയിലെ ബലിപീഠത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. പൂര്‍ത്തിയാക്കപ്പെട്ട തന്‍റെ ജീവബലി ഇനി അള്‍ത്താരയില്‍ അനുദിനം അര്‍പ്പിക്കപ്പെടുന്ന ബലിയില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് ക്രിസ്തു നമ്മെ അനുസ്മരിപ്പിക്കുന്നു.

പിയെത്തായുടെ അസ്സല്‍ രൂപത്തില്‍ ക്രിസ്തുവിന്‍റെ മുഖവും ശരീരവും ആണിപ്പാടുകളും കാണികള്‍ക്ക് ദൃശ്യമാകത്തക്കവിധത്തില്‍ മുന്നോടു തിരിഞ്ഞിരിക്കുമ്പോള്‍, എത്സെല്‍ബാഹിലെ തിരുസ്വരൂപത്തില്‍ ക്രിസ്തുവന്‍റെ ശരീരവും മുഖവും തന്‍റെ അമ്മയിലേയ്ക്കാണ് തിരിഞ്ഞിരിക്കുന്നത്. ക്രിസ്തുവന്‍റെ ഹൃദയവും മറിയത്തിന്‍റെ മാതൃഹൃദയവും പരസ്പരം ഐക്യപ്പിട്ടിരിക്കുന്നതിന്‍റെ പ്രതീകമായിരിക്കാം ഈ സവിശേഷ ചിത്രീകരണം. അമ്മയും മകനും അവരുടെ സ്നേഹം പങ്കുവയ്ക്കുന്നതുപോലെയാണത്. ഹൃദയം സ്നേഹത്തിന്‍റെ എന്നപോലെതന്നെ ആര്‍ദ്രമായ കാരുണ്യത്തിന്‍റെയും ഉറവിടമാണ്. തന്‍റെ പുത്രന്‍ ലോകത്തിനായി ചൊരിയുവാന്‍ ആഗ്രഹിക്കുന്ന സ്നേഹവും കാരുണ്യവും മറിയത്തിന്‍റെ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്നുവെന്ന് ഈ തിരുസ്വരൂപത്തിലെ അപൂര്‍വ്വ ചിത്രസംയോജനം നമ്മെ പഠിപ്പിക്കുന്നു.

മരിയ ഭക്തി ക്രിസ്തുവും അവിടുത്തെ അമ്മയും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചു വളരേണ്ടതാണ്. ഈ മാതൃ-പുത്ര അഭൗമബന്ധത്തിന്‍റെ, ദൈവീകബന്ധത്തിന്‍റെ പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതായിരിക്കണം മരിയ ഭക്തി. ഉദാഹരണത്തിന്, ഈ അമ്മയും മകനും തമ്മിലുള്ള ആഴമുള്ളതും കലവറയില്ലാത്തതുമായ സ്നേഹത്തിന്‍റെ പ്രതീകമാണ് മറിയത്തിന്‍റെ വിമലഹൃദയം. സ്വാഭിലാഷ പൂര്‍ത്തീകരണമാണ് വളര്‍ച്ചയും നേട്ടവുമെന്നത് ആധുനിക മനുഷ്യന്‍റെ സ്വാര്‍ത്ഥമായ കാഴ്ടപ്പാടാണ്. അത് സ്വാര്‍ത്ഥതയുടെ വികലമായ കാഴ്ചപ്പാടുതന്നെയാണ്. മറിയം നമുക്കു കാണിച്ചു തരുന്നത് ക്രിസ്തു-കേന്ദ്രീകൃതമായ സ്വാര്‍പ്പണത്തിന്‍റെ ത്യാഗമുള്ള സ്നേഹമാണ്.
നമുക്കറിയാം, “ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയായി നല്കുന്നു” റോമ.8, 28. സകലതും നന്മയായി മറിയത്തിലൂടെ പ്രവര്‍ത്തിച്ച ദൈവം, ഇന്നും അവിടുത്തെ മാദ്ധ്യസ്ഥ്യത്തില്‍ ലോകത്ത് നന്മ വര്‍ഷിക്കുകയും വളര്‍ത്തുകയും ചെയ്യും.
കൃപാവരത്തിന്‍റെ സ്രോതസ്സായ കുരിശ്ശില്‍ക്കിടന്നുകൊണ്ട് ക്രിസ്തു തന്‍റെ അമ്മയെ മനുഷ്യകുലത്തിന് അമ്മയായി നല്കുകയായിരുന്നു. സ്വാര്‍പ്പണത്തിന്‍റെ പരമമായ മുഹൂര്‍ത്തത്തില്‍ ക്രിസ്തു തന്‍റെ അമ്മയെ കുരിശില്‍നിന്നും നിത്യമായി നിര്‍ഗ്ഗളിക്കുന്ന കൃപാവരത്തിന്‍റെ വറ്റാത്ത ഉറവയാക്കി മാറ്റുകയായിരുന്നു. അങ്ങനെ കുരിശിന്‍ ചുവട്ടിലെ മറിയം ജീവിതയാത്രയില്‍ മനുഷ്യകുലത്തിന്‍റെ സഹയാത്രികയും സംരക്ഷകയുമായി മാറുന്നു. ‘നിത്യമായ ഭവനത്തില്‍ ഒരുനാള്‍ എത്തിച്ചേരുംവരെ ഈ ജീവിതയാത്രയിലെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും മറിയം തന്‍റെ മാതൃസ്നേഹത്താല്‍ നമ്മെ കാത്തുപരിപാലിക്കുകയും നയിക്കുകയും ചെയ്യുന്നു.’ LG 62.
ജീവിത സാഗരത്തിന്‍റെ വേലിയേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും നീന്തിനീങ്ങുമ്പോള്‍, മറിയം നമുക്കായി തന്‍റെ തിരുക്കുമാരന്‍റെ മാദ്ധ്യസ്ഥ്യം തേടുകയും അവിടുത്തെ ദിവ്യസ്നേഹത്തിന്‍റെ ശക്തി നമുക്കായി നേടിത്തരികയും ചെയ്യുന്നു.
മറിയത്തിന്‍റെ ശക്തമായ മാദ്ധ്യസ്ഥ്യത്തിലുള്ള ഉറച്ചവിശ്വാസവും അനുഭവവേദ്യമായിട്ടുള്ള നന്മകളോടുള്ള പ്രതിനന്ദിയുംമായി ഇന്നിന്‍റെ ആവശ്യങ്ങള്‍ക്കുമപ്പുറം ഉയര്‍ന്നു ചിന്തിക്കുവാന്‍ നമ്മുക്ക് സാധിക്കേണ്ടതാണ്.

ജീവിതവ്യധകളില്‍നിന്നും നമ്മെ കൈപിടിച്ചുയര്‍ത്തുന്ന മറിയം നമ്മുടെ ഓരോരുത്തരുടെയും ക്രൈസ്തവ വിളിയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. നമ്മുടെ ജീവിതങ്ങള്‍ കരുണ്യവാനായ ദൈവത്തിന്‍റെ പിതൃസ്നേഹത്തോടുള്ള പ്രത്യുത്തരമായിരിക്കണം, എന്ന് ഒരമ്മയുടെ ലോലമായ വാത്സല്യത്തോടെ മറിയം നമുക്ക് മനസ്സിലാക്കി തരുന്നു.
മനുഷ്യന്‍റെ നന്മയും സന്തോഷവുമല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത സര്‍വ്വനന്മയായ ദൈവം, തന്‍റെ തിരുഹിതത്തോട് കലവറയില്ലാതെ എവരും സന്തോഷത്തോടെ പ്രത്യുത്തരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്, മറിയം നമ്മോടു പറയുകയാണ്. എവിടെ ദൈവമുണ്ടോ അവിടെ ഭാവിയും... നമ്മുടെ ജീവിതങ്ങള്‍ ദൈവസ്നേഹത്താല്‍ സ്പര്‍ശിക്കപ്പെടാന്‍ അനുവദിക്കുമ്പോള്‍ സ്വര്‍ഗ്ഗം നമുക്കായി തുറന്നുകിട്ടും. അങ്ങനെ നമ്മുടെ കാലഘട്ടത്തെ മറിയത്തെപ്പോലെ, ക്രിസ്തുവിന്‍റെ സുവിശേഷ വെളിച്ചത്താല്‍ പ്രശോഭിപ്പിക്കാം. അതുവഴി അനുദിന ജീവിതത്തിലെ ചെറിയകാര്യങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താനും, നമ്മുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സാധിക്കട്ടെ. ആമേന്‍.



വിശ്വാസസാക്ഷൃം – ക്രിസ്തുസ്നേഹത്തിന്‍റെ സ്പന്ദിക്കുന്ന മണിനാദം
24 സെപ്റ്റംമ്പര്‍ 2011, ഏര്‍ഫൂര്‍ട്ട്

(ഏര്‍ഫൂര്‍ട്ട് കത്തീഡ്രല്‍ ദേവാലയാങ്കണത്തിലെ സാഘോഷദിവ്യബലിമദ്ധ്യേ മാര്‍പാപ്പ നടത്തിയ വചനപ്രഘോഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍)

കര്‍ത്താവിനെ സ്തുതിക്കുക, എന്തെന്നാല്‍ അവിടുന്ന് നല്ലവനാണ്,
എന്ന പ്രതിവചനസങ്കീര്‍ത്തനം ഉരുവിട്ടുകൊണ്ടാണ് ഏര്‍ഫൂര്‍ട്ട് കത്തീഡ്രല്‍ ചത്വരത്തിലെ ദിവ്യബലിമദ്ധ്യേയുള്ള തന്‍റെ വചനപ്രഘോഷണം മാര്‍പാപ്പ ആരംഭിച്ചത്. ദൈവത്തിനു നാം എന്നും നന്ദിപറയേണ്ടതാണ്.
30 വര്‍ഷമുമ്പ് 1981-ലുള്ള ഈ പട്ടണത്തിന്‍റെ ജര്‍മ്മന്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കിന്‍റെ (കിഴക്കന്‍ ജെര്‍മനിയുടെ) ഭരണകാലത്തെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ. അന്നത്തെ കമ്പിവേലിയും വന്‍മതിലും നിലംപറ്റുമെന്ന് ആരു വിചാരിച്ചു! പിന്നെയും 70 വര്‍ഷങ്ങള്‍കൂടെ പിറകിലേയ്ക്ക് തിരിഞ്ഞുനോക്കിയാല്‍ 1941-മുതലുള്ള ‘ഒരുസഹസ്രാബ്ദ ഭരണകാലം’ thousand year reich ലക്ഷൃവുമായി വന്ന, എന്നാല്‍ നാലുവര്‍ഷംകൊണ്ടുതന്നെ പൊടിയും ചാമ്പലുമായിത്തീര്‍ന്ന ദേശീയ സോഷിലസിത്തിന്‍റെ ഭരണകാലവും ഓര്‍ക്കുമ്പോള്‍, എങ്ങനെ ദൈവത്തിന് നന്ദപറയാതിരിക്കാനാവും.
ആക്കാലഘട്ടങ്ങളുടെയെല്ലാം നീണ്ട പ്രത്യാഘാതങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ആത്മീയവും ബൗദ്ധികവുമായ തലങ്ങളില്‍ അവര്‍ സമൂഹത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനങ്ങളെക്കുറിച്ച് ഇനിയും പഠിക്കേണ്ടതാണ്.
ജെര്‍മനിയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ ചരിത്രകാലങ്ങള്‍ക്കുശേഷം, ക്രിസ്തുവിലുള്ള വിശ്വാസത്തില്‍നിന്നും സഭാ ജീവിതത്തില്‍നിന്നും ഏറെ അകന്നാണ് ജീവിച്ചിട്ടുള്ളത്.
എന്നാല്‍ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ദൈവം നമ്മെ കൈവിടുകില്ലെന്നും അവിടുന്നു നമ്മെ നവമായ പാതളിലൂടെ നയിക്കുമെന്ന, ഉറപ്പുനല്കുമാറ് ജീവിതാനുഭവങ്ങളുടെ പുതിയ ചക്രവാളങ്ങള്‍ നമുക്കായി തുറക്കപ്പെട്ടു. എവിടെ ദൈവമുണ്ടോ അവിടെ ഭാവിയുമുണ്ടെന്നത്, ഇതില്‍നിന്നും നമുക്കു തീര്‍ച്ചപ്പെടുത്താം.

നവമായി കിട്ടിയ സ്വാതന്ത്ര്യം ജര്‍മ്മന്‍ ജനതയ്ക്ക് അന്തസ്സും പുതിയ സാദ്ധ്യതകളും തുറന്നു തന്നു എന്നതില്‍ സംശയമില്ല. സഭാ ജീവിതത്തെക്കുറിച്ചു പറയുകയാണെങ്കില്‍, പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും, തകര്‍ന്നവ സമുദ്ധരിക്കുന്നതിനും, പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും, മിഷനറിമാര്‍ക്ക് മറ്റു രാജ്യങ്ങളില്‍നിന്നും ജെര്‍മനിയിലേയ്ക്ക് വരുന്നതിനും, വിശ്വാസം പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും, രൂപതാ തലങ്ങളില്‍ അജപാലന, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള ചുറ്റുപാടുകള്‍ എളുപ്പമായത് നന്ദിയോടെ അനുസ്മരിക്കേണ്ട വസ്തുതകളാണ്.

എന്നാല്‍ ഈ പുതിയ അവസരങ്ങള്‍ നമ്മുടെ വിശ്വാസത്തെ വളര്‍ത്തിയിട്ടുണ്ടോ എന്നു ചിന്തിക്കുന്നതും ഉചിതമായിരിക്കും. ക്രൈസ്തവ വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും ആഴമായ മൂല്യങ്ങള്‍ സാമൂഹ്യ സ്വാതന്ത്ര്യത്തില്‍നിന്നും വളരെ വിഭിന്നമായി നാം വീക്ഷിക്കേണ്ട വസ്തുതയാണ്. പുറമേനിന്നുള്ള യാതൊരു പ്രേരണയുംകൂടാതെ, പ്രതിസന്ധികള്‍ക്കിടയില്‍ അര്‍പ്പണബോധമുള്ള ധാരാളം ക്രൈസ്തവര്‍ ഇക്കാലയളവില്‍ സഭയോടും ക്രിസ്തുവിനോടും വിശ്വസ്തരായി ജീവിച്ചു എന്നത് വലിയ കാര്യമാണ്. വ്യക്തിഗത നേട്ടങ്ങളും ലാഭവും മറന്ന് അവര്‍ വിശ്വാസത്തെപ്രതി ജീവിച്ചു.
അങ്ങിനെ ജീവിച്ച അക്കാലഘട്ടത്തിലെ വൈദികരെയും അവരെ സഹായിച്ച സ്ത്രീ-പുരുഷന്മാരെയും പ്രത്യേകം നന്ദിയോടെ അനുസ്മരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ജെര്‍മ്മനിയിലെ വൈദികര്‍ നല്കിയ അജപാലന ശുശ്രൂഷ മറക്കാനാവാത്തതാണ്. മുറിപ്പെട്ടവരെ പരിചരിക്കാനും ഭവനരഹിതരായവരെ പുനരധിവസിപ്പിക്കാനും അവര്‍‍ ഒത്തിരി പ്രയത്നിച്ചിട്ടുണ്ട്. വിപ്രവാസത്തിന്‍റെയും കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിന്‍റെയും ചുറ്റുപാടുകളില്‍ തങ്ങളുടെ കുഞ്ഞുമക്കളെ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ കാണിച്ചിട്ടുള്ള ത്യാഗപൂര്‍ണ്ണമായ തീക്ഷ്ണത ഇത്തരുണത്തില്‍ അനുസ്മരിക്കേണ്ടതാണ്.
അവധിക്കാലത്തു നടത്തപ്പെട്ട, മതബോധന ക്യാമ്പുകളെയും, ഏര്‍ഫൂര്‍ട്ടില്‍ വിശുദ്ധ സെബാസ്റ്റൃന്‍റെ പേരിലും, ഹായില്‍ഗന്‍സ്റ്റാറ്റില്‍ മാര്‍സെല്‍ കാലോ എന്നപേരിലും സജീവമായിരുന്ന യുവജനകേന്ദ്രങ്ങളെ നന്ദിയോടെ അനുസ്മരിക്കുകയാണ്. ഐഷ്ഫെല്‍ട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്താനത്തെ പരസ്യമായി പ്രതിരോധിച്ച ചരിത്രവും ഓര്‍ക്കുന്നു. അവരുടെ വിശ്വാസ ദാര്‍ഢ്യത്തെ ദൈവം അനുഗ്രഹിക്കട്ടെ.
നമ്മുടെ പൂര്‍വ്വീകരുടെ ധീരമായ വിശ്വാസസാക്ഷൃവും ദൈവപരിപാലനയോടു അവര്‍ ക്ഷമയോടെ കാണിച്ച വിശ്വസ്തതയും ക്രൈസ്തവീകതയുടെ ഭാവിഫലപ്രാപ്തിക്കുള്ള നല്ലവിത്തായി മാറി എന്ന് നിസംശയം, ഇന്നു പറയാനാകും.

ഇക്കാലഘട്ടത്തില്‍ ദൈവീക സാന്നിദ്ധ്യം നാം വിശുദ്ധരിലൂടെ കൂടുതലായി അനുഭവിച്ചിട്ടുണ്ട്. ജീവിതങ്ങള്‍ നവമായി ക്രമപ്പെടുത്താനും ആരംഭിക്കാനും ഇന്നും അവരുടെ വിശ്വാസംസാക്ഷൃം പ്രേരകമാണ്.
ഏര്‍ഫര്‍ട്ട് പട്ടണ മദ്ധ്യസ്ഥരായ തൂറിങ്കനിലെ വിശുദ്ധ എലിസബത്തും, വിശുദ്ധ ബോണിഫെസും, വിശുദ്ധ കിലിയനും അവരില്‍ ഏറെ ശ്രദ്ധേയരാണ്. ഹങ്കറിയില്‍നിന്നുമാണ് വിശുദ്ധ എലിസബത്ത് ടൂറിങ്കനില്‍ വന്നത്. രാജകുടുംമ്പിനിയായിരുന്നിട്ടും സുവിശേഷ ദാരിദ്ര്യത്തിന്‍റെയും തപസ്സിന്‍റെയും അരൂപിയുള്‍ക്കൊണ്ടുകൊണ്ട് പ്രാര്‍ത്ഥനയുടെ തീക്ഷ്ണമായൊരു ജീവിതം നയിച്ചു. തന്‍റെ കൊട്ടാരം വിട്ടിറങ്ങിച്ചെന്ന് ഇസ്നാക്ക് പട്ടണത്തിലെ പാവങ്ങളെയും രോഗികളെയും അവര്‍ പരിചരിച്ചു.
വിശുദ്ധയുടെ ഈ ലോകത്തെ ജീവിതം ഹ്രസ്വമായിരുന്നു. 24-ാം വയസ്സില്‍ അവര്‍ മരണമടഞ്ഞു. എന്നാല്‍ അവളുടെ വിശുദ്ധിയുടെ ജീവിതം വിശാലമായിരുന്നു. ഇന്ന് ജെര്‍മനിയിലെ പ്രൊട്ടസ്റ്റന്‍റ് സമൂഹംപോലും വിശുദ്ധ എലിസബത്തിനെ വണങ്ങുന്നു. നമ്മുടെ അനുദിന ജീവിത മേഖലകളില്‍ പരിവര്‍ത്തനം ചെയ്യപ്പെടേണ്ട വിശ്വാസജീവിതത്തിന്‍റെ പൂര്‍ണ്ണിമ കണ്ടെത്താന്‍ വിശുദ്ധ എലിസബത്തിന്‍റെയും മറ്റു പട്ടണ മദ്ധ്യസ്ഥരുടെയും ജീവിതങ്ങള്‍ നമുക്ക് മാതൃകയാവട്ടെ.

അടിസ്ഥാനപമായി ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടും ആശ്രയിച്ചുകൊണ്ടും നമ്മുടെ ജീവിതങ്ങള്‍ ഫലപ്രദമായി നയിക്കാമെന്നും അതു നല്ലതാണെന്നുമാണ് പ്രഥമമായും ഈ വിശുദ്ധാത്മാക്കള്‍ നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തുവില്‍ ദൈവം നമ്മുടെമദ്ധ്യേ അധിവസിച്ചുവെന്നും, ക്രിസ്തു ഇന്നും തന്നെത്തന്നെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തി തരുന്നുണ്ടെന്നും വിശുദ്ധാത്മാക്കള്‍ നമുക്ക് മനസ്സിലാക്കി തരുന്നു. ക്രിസ്തു അവരിലൂടെ നമ്മിലേയ്ക്കു വരികയും ഇന്നും അവിടുത്തെ അനുഗമിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. നിരന്തരവും ആഴവുമുള്ള പ്രാര്‍ത്ഥനയിലൂടെ വിശുദ്ധര്‍ ക്രിസ്തുവിനെ കണ്ടെത്തി. പ്രത്യുത്തരമായി, യഥാര്‍ത്ഥമായ ജീവിതവെളിച്ചം ക്രിസ്തു അവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു.

വിശ്വാസ ജീവിതത്തില്‍ എന്നും ഉള്‍ക്കൊള്ളേണ്ട മുഖ്യഘടകമാണ് ജീവിതസാക്ഷൃം. അതായത്, നമ്മുക്കു കിട്ടിയ ദൈവസ്നേഹത്തിന്‍റെ വെളിച്ചം പങ്കുവയ്ക്കുക എന്നത്. ദൈവമാണ് എന്‍റെ വിശ്വാസത്തെ പ്രോജ്വലിപ്പിക്കുന്നത്, എന്നിരുന്നാലും എനിക്കു മുന്‍പേ വിശ്വാസം ജീവിച്ചവരെയും എന്നോടൊപ്പം ഇപ്പോള്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരുമായ സഹോദരങ്ങളെ നമുക്കൊരിക്കലും മറക്കാനാവില്ല. ഈ കൂട്ടായ്മയുടെ മനോഭാവമില്ലാതെ സഭയില്‍ വിശ്വാസ ജീവിതമില്ല. സഭയുടെ ഈ കൂട്ടായ്മ രാഷ്ട്രങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ കടന്നുപോകുന്നതാണ്. അങ്ങിനെയുള്ള വിശുദ്ധിയുള്ള ജീവിതങ്ങള്‍ക്ക് ലോകത്ത് നന്മയുടെ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും.

1989-ല്‍ ഇന്നാട്ടില്‍ ആഞ്ഞുവീശിയ പരിവര്‍ത്തനത്തിന്‍റെ കൊടുങ്കാറ്റ് സമൃദ്ധിയുടെ സ്വാതന്ത്രൃത്തിനുവേണ്ടിയുള്ള തൃഷ്ണയായിരുന്നില്ല അഭിവാഞ്ചയായിരുന്നില്ല, മറിച്ച് സത്യത്തിനായുള്ള ഉറച്ച നീക്കമായിരുന്നു. ദൈവസ്നേഹത്താലും സഹോദര സ്നേഹത്താലും ആളിക്കത്തിയ ത്യാഗസമ്പന്നരായ മനുഷ്യന്മാക്കളാണ് സത്യത്തിന്‍റെ സ്വാതന്ത്രൃം നേടിയെടുത്തത്,
ത്യാപൂര്‍ണ്ണമായി നേടിയ ഈ സ്വാതന്ത്രൃം ഒളിച്ചുവയ്ക്കേണ്ടതല്ല, മറിച്ച നമ്മുടെ രാഷ്ട്രത്തിലെ പൗര്‍ന്മാര്‍ക്കും ക്രൈസ്തവര്‍ക്കുമൊപ്പം പങ്കുവയ്ക്കേണ്ടതും പ്രഘോഷിക്കേണ്ടതുമാണ്.
ഏര്‍ഫൂര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തിലെ വിഖ്യാതമായ ഗ്രോരിയോസ്സാ മണി, ഇന്നും ഞാണടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദേവാലയമണിയാണ്. ക്രൈസ്തവ പാരമ്പര്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണട് ജീവിതങ്ങള്‍ സുവിശേഷ സ്നേഹത്തിന്‍റെ പ്രഘോഷവും സാക്ഷൃവുമാകണമെന്നതിന്‍റെ അനുദിനം സ്പന്ദിക്കുന്ന അടയാളമാണീ മണിനാദം.
ഇന്നീ ദിവ്യബലിയുടെ സമാപനത്തില്‍ ഒരിക്കല്‍ക്കൂടെ അത് സ്പന്ദിക്കുമ്പോള്‍, കാണപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്യേണ്ട ക്രിസ്തു-സ്നേഹത്തിന്‍റെ സജീവസാക്ഷികളാകാനുള്ള പ്രചോദനം അതില്‍നിന്നും ഉള്‍ക്കൊണ്ട് നമുക്ക് മുന്നോട്ടു ചരിക്കാം.


സമൂഹജീവിതത്തില്‍നിന്നും ദൈവത്തെ തുടച്ചുനീക്കാനുള്ള ശ്രമം തെറ്റാണെന്ന് മാര്‍പാപ്പ

25 സെപ്റ്റംമ്പര്‍ 2011, ജര്‍മ്മനി

(മാര്‍പാപ്പ ഫ്രൈബുര്‍ഗില്‍ സമൂഹദിവ്യബലിമധ്യേ നടത്തിയ സുവിശേഷപ്രഘോഷണം)

നമ്മുടെ ജീവിതത്തിനും ജീവിതത്തിന്‍റെ എല്ലാ നീക്കങ്ങള്‍ക്കും കാരണക്കാരനായ ദൈവത്തിന് നന്ദിയര്‍പ്പിക്കാം. പത്രോസിന്‍റെ പിന്‍ഗാമിയായ തന്‍റെ വിശ്വാസത്താലും ശുശ്രൂഷയാലും സഹോദരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുനുള്ള കരുത്തു നല്കുന്നതിനായി തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം, എന്ന അഭ്യര്‍ത്ഥനയോടെയാണ് മാര്‍പാപ്പ വചനപ്രഘോഷണം ആരംഭിച്ചത്.

“പിതാവേ, അങ്ങയുടെ അനന്തമായ ശക്തി അങ്ങയുടെ ക്ഷമയിലും കാരുണ്യത്തിലും ഞങ്ങള്‍ക്ക് വെളിപ്പെടുത്തി തരണമേ.”
ഇത് ഇന്നത്തെ ദിവ്യബലിയുടെ ആമുഖപ്രാര്‍ത്ഥനയായിരുന്നു.
ദൈവം തന്‍റെ അനന്തമായ ശക്തി ഇസ്രോയേലിന്‍റെ ചരിത്രത്തില്‍ വെളിപ്പെടുത്തുന്നത് ഇന്നത്തെ ആദ്യവായനയില്‍ കണ്ടു. ബാബിലോണിലെ വിപ്രവാസം ഇസ്രായേല്യരുടെ ജീവിതത്തിലുണ്ടായ വിശ്വാസത്തിന്‍റെ പ്രതിസന്ധിയായിരുന്നു. എന്തുകൊണ്ടാണ് ഈ തകര്‍ച്ചയുണ്ടായത്.
ദൈവം സര്‍വ്വശക്തനാണെന്ന വിശ്വാസത്തില്‍ ഇസ്രായേല്യര്‍ക്ക് സംശയം തോന്നിക്കാണാം.

ഇന്നത്തെ ലോകത്തിന്‍റെ ഭയാനകമായ സംഭവങ്ങളുടെ മദ്ധ്യേ
ദൈവം സര്‍വ്വശക്തനല്ലെന്ന് പുലമ്പുന്ന ദൈവശാസ്ത്ര പണ്ഡിതന്മാര്‍ ഇന്നുണ്ട്. ഇതിനു വിപരീതമായി ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം സര്‍വ്വശക്തനാണെന്ന് നാം വിശ്വസിക്കുകയും അതു പ്രഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവം സൃഷ്ടികളുടെ, നമ്മുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടാണ് തന്‍റെ ശക്തി ഉപയോഗിക്കുന്നതും, മനുഷ്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നതും. ദൈവം തന്ന ഈ സ്വാതന്ത്യത്തിന് നാം എന്നും നന്ദിയുള്ളവരായിരിക്കണം.

നമുക്കു ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭവവികാസങ്ങള്‍ നമ്മെ ഭയചകിതരാക്കുന്നുണ്ട്. എന്നാല്‍ അവിടുത്തെ കാരുണ്യത്തിലും ക്ഷമയിലും ആശ്രയിച്ചുകൊണ്ട് പ്രത്യാശയുള്ളവരായി നമുക്കു മുന്നോട്ടു ചരിക്കാം. ഇത് വിശ്വാസ ജീവിതമാണ്. ദൈവം എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുന്നു. പ്രതിസന്ധികളില്‍ ദൈവം നമ്മുടെ ചാരെയുണ്ട്, അവിടുത്തെ ഹൃദയം നമുക്കായി എപ്പോഴും ത്രസിക്കുന്നു, തുടിക്കുന്നു. എന്നാല്‍ അവിടുത്തെ കൃപയുടെയും കാരുണ്യത്തിന്‍റെയും ശക്തി
നമ്മെ സ്പര്‍ശിക്കേണ്ടതിന് നാം അവിടുത്തോട് തുറവുളളവരായിരിക്കണം. നാം തിന്മ ഉപേക്ഷിക്കുകയും അവിടുത്തെ തിരുവചനത്തോടും കല്പനകളോടുമുള്ള നിസംഗഭാവം പാടേ ഉപേക്ഷിക്കുകയും വേണം.
ദൈവം മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. അവിടുന്നു നമ്മെ നിര്‍ബന്ധിക്കുന്നില്ല.
പ്രവാചക ശബ്ദങ്ങളുടെ സത്തയാണ് ഇന്നത്തെ സുവിശേഷം
നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. മത്തായി 21, 29-31. പിതാവിന്‍റെ മുന്തിരി തോട്ടത്തിലേയ്ക്ക് വേലയ്ക്കായി പറഞ്ഞയക്കപ്പെടുന്ന രണ്ടു പുത്ന്മാരുടെ കഥയാണ് പറയുന്നത്. അദ്യത്തെ മകന്‍, പോകില്ല, എന്നു പറഞ്ഞെങ്കിലും
അവന്‍ ജോലിക്കു പോവുകയും, ജോലി ചെയ്യുകയും ചെയ്യുന്നു. രണ്ടാമാത്തെ പുത്രനാകട്ടെ, പോകാമെന്നു പറഞ്ഞെങ്കിലും ജോലിക്കു പോയില്ല, ജോലി ചെയ്തില്ല.

ഉപമയുടെ സന്ദേശം വളരെ വ്യക്തമാണ്. വാക്കുകളില്‍ കാര്യമൊന്നുമില്ല. പ്രവൃത്തിയാണ്, അനുതാപത്തോടും വിശ്വാസത്തോടുംകുടെയുള്ള പ്രവൃത്തിയാണ് ജീവിതത്തില്‍ നമ്മെ നയിക്കേണ്ടത്. ദൈവീക പദ്ധതിക്കും അവിടുത്തെ തിരുഹിതത്തിനും സമ്മതം മൂളിയ ഇസ്രായേല്‍ ദൈവത്തെ ധിക്കരിച്ചു. പിന്നീട് യോഹന്നാന്‍റെയും ക്രിസ്തുവിന്‍റെയും സാന്നിദ്ധ്യം അവര്‍ക്ക് അരോചകവും അസ്വീകാര്യവുമായിത്തിര്‍ന്നു.

ഇന്നത്തെ ജീവിത മേഖലയിലേയ്ക്കും സാമൂഹ്യ ചുറ്റുപാടികളിലേയ്ക്കും
ഈ ഉപമ നമുക്ക് പരിഭാഷചെയ്യാവുന്നതാണ്. അവിശ്വാസികളും പാപികളും മാനസാന്തരപ്പെട്ട് ഇന്ന് ദൈവത്തിങ്കലേയ്ക്കു തിരിയുന്നുണ്ട്.
വിശ്വാസം ലഭിച്ചവര്‍ മാന്ദതയില്‍ ജീവിക്കുന്നു. സാമൂഹ്യ ജീവിതത്തില്‍നിന്നും ദൈവത്തെ പാടെ ഒഴിവാക്കിക്കൊണ്ട് ജീവിക്കാനുള്ളൊരു ശ്രമം ഇന്നു കാണുന്നുണ്ട്. അങ്ങനെ ദൈവത്തിലുള്ള വിശ്വാസം നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാതെ പോകുന്നു. അങ്ങനെയുള്ളവരാണ് സഭയെ ഒരു സ്ഥാപനം മാത്രമായി കാണുന്നത്.

വിശ്വാസത്തിന്‍റെ വഴി തുറന്നു തരണമേയെന്നും, വിശ്വാസത്തിന്‍റെ വഴിയിലൂടെ ചരിക്കാനുള്ള കരുത്തും എളിമയും നല്കണമേയെന്നും നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. എല്ലാം നവീകരിക്കാന്‍ കുരുത്തുള്ള, ദൈവീക കാരുണ്യത്തിന്‍റെ സമൃദ്ധിയും, വഴിയും സത്യവും ജീവനും, നമ്മുടെ ഭാവിയുമായ ക്രിസ്തുവില്‍ ദൃഷ്ടിപതിച്ചുകൊണ്ടും പ്രത്യാശയര്‍പ്പിച്ചുകൊണ്ടും നമ്മുടെ ജീവിതങ്ങളെ മുന്നോട്ടു നയിക്കാം.


മങ്ങലേറ്റ ക്രൈസ്തവ സാക്ഷൃം തെളിക്കണമെന്ന് മാര്‍പാപ്പ


26 സെപ്റ്റംമ്പര്‍ 2011, ഫ്രൈബൂര്‍ഗ്

മാര്‍പാപ്പ ജര്‍മനിയിലെ സഭയിലും സമൂഹത്തിലും സജീവമായി പ്രവര്‍ത്തിക്കുന്ന അല്‍മായ പ്രമുഖരുമായി സെപ്റ്റംമ്പര്‍ 25-ാം തിയതി ഞായറാഴ്ച വൈകുന്നേരം ഫ്രൈബൂര്‍ഗ്ഗിലെ വിഖ്യാതമായ സംഗീതശാലയില്‍വച്ച് കൂടിക്കാഴ്ച നടത്തുകയും സന്ദേശം നല്കുകയും ചെയ്തു.

ഫ്രൈബൂര്‍ഗ്ഗ് പട്ടണത്തിലെ ഫീലാഹാര്‍മ്മോണിക്ക് സംഘമാണ് പാപ്പായ്ക്ക് സമ്മേളനവേദിയിലേയ്ക്ക് സ്വാഗതമേകിയത്. പ്രത്യാശയുടെ തീരങ്ങളിലേയ്ക്ക് ജനങ്ങളെ നയിക്കുന്ന ശക്തരായ വിശ്വാസദൂതരാണു നിങ്ങള്‍, LG 35 എന്ന് അല്‍മായ പ്രതിനിധികളെ വിശേഷിപ്പിച്ചുകൊണ്ടാണ് പാപ്പ പ്രഭാഷണം ആംഭിച്ചത്.

ഇന്ന് അത്ര എളുപ്പമല്ലാതായിരിക്കുന്ന ജീവിതസാഹചര്യങ്ങളിലും സഭാ പ്രവര്‍ത്തന മേഖലകളിലുമാണ് നിങ്ങള്‍ വിശ്വാസത്തിന്‍റെ സാക്ഷികളായി ജീവിക്കുന്നത്. പൊതുവേയുള്ള വിശ്വാസമാന്ദ്യവും സഭ വിട്ടുപോകുന്ന ധാരാളം വിശ്വാസികളും കഴിഞ്ഞ രണ്ടു ദശകങ്ങളായിട്ട് ഇന്നാട്ടില്‍ നാം നിരീക്ഷിച്ച പ്രതിഭാസമാണ്. മാറുന്ന സമൂഹ്യചുറ്റുപാടുകള്‍ക്ക് അനുസൃതമായി സഭയും നീങ്ങണം എന്നൊരു അഭിപ്രായം പൊതുവെ കേള്‍ക്കാറുണ്ട്.
തന്‍റെ പ്രവര്‍ത്തനങ്ങളും ശൈലിയും വളരുന്ന ലോകത്തോട് അനുരൂപപ്പെടുന്നണമെന്ന അഭിപ്രായത്തോട് കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസാ നല്കിയ പ്രതികരണമാണ് എന്‍റെ ഓര്‍മ്മിയില്‍ വരുന്നത്. സഭയില്‍ ആദ്യം പരിവര്‍ത്തന വിധേയമാകേണ്ടത് നിങ്ങളും ഞാനുമാണെന്നാണ് മദര്‍ തെരേസാ പ്രതികരിച്ചത്. ഇതില്‍നിന്നും നമുക്കു നസ്സിലാക്കാവുന്നതാണ്. സഭയെന്നു പറയുന്നത് ജനങ്ങള്‍ മാത്രമല്ല. സഭയുടെ അധികാരികളുമല്ല. മാര്‍പാപ്പയും മെത്രാന്മാരുമല്ല സഭ. നമ്മെളെല്ലാവരുമാണ് സഭയെന്നാണ്, ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരുമാണ് സഭ. സഭയില്‍ മാറ്റങ്ങള്‍ക്ക് ഇടമുണ്ടെന്നതിന് സംശയമില്ല. നാം നിരന്തരമായി പരിവര്‍ത്തന വിധേയരാകേണ്ടതാണ്. പ്രായോഗികതലത്തില്‍ എന്താണ് ഈ പരിവര്‍ത്തനം, അതെവിടെയാണെന്നാണ് നാം മനസ്സിലാക്കേണ്ടതാണ്?

ഉപരിപ്ലവമായ മാറ്റങ്ങള്‍ അപ്രസക്തങ്ങളാണ്. ഒരു വീട് പെയിന്‍റടിച്ച് വൃത്തിയാക്കുകയോ അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുന്നതുപോലെ. സഭയെ സംബന്ധിച്ചിടത്തോളം മാറ്റമെന്നത്, സഭയുടെയും സഭാ മക്കളുടെയും പ്രേഷിത ദൗത്യത്തിലാണ് അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്. തന്‍റെ പ്രേഷിത ദൗത്യത്തിലുളള സമര്‍പ്പണം നിരന്തരമായും കാലികമായും പരിവര്‍ത്തന വിധേയമാകേണ്ടതാണ്. വ്യക്തിതലത്തില്‍ ആരംഭിക്കുന്ന സുവിശേഷദൗത്യം, മറ്റുള്ളവരിലേയ്ക്കും, അവസാനം ഒരാഗോള ദൗത്യമായും ഉയരുന്നതു നമുക്കു കാണാം. നിങ്ങള്‍ എന്‍റെ സാക്ഷികളാണ്, (ലൂക്കാ 24, 48.)
നിങ്ങള്‍ ലോകമെങ്ങും പോയി സകലജനതകളെയും ശിഷ്യപ്പെടുത്തുക. (മത്തായി 28, 19).
നിങ്ങള്‍ സകല ജനതകളോടും എന്‍റെ സുവിശേഷം പ്രഘോഷിക്കുക. (മാര്‍ക്ക് 16, 15.)

ലോകത്തിന്‍റേതായ സമൂഹ്യ സമ്മര്‍ദ്ദങ്ങളും നവമായ നീക്കങ്ങളുംകൊണ്ട് ക്രൈസ്തവസാക്ഷൃം നിരന്തരമായും മങ്ങലേല്ക്കുകയും,
ക്രൈസ്തവ സഹോദരബന്ധങ്ങള്‍ അന്യവത്ക്കരിക്കപ്പെടുകയും,
സുവിശേഷം ആപേക്ഷികമായി പുറംതള്ളപ്പെടുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ മൂല്യങ്ങളില്‍ ഊന്നിനില്ക്കുമ്പോള്‍, നാം ഭാഗമായിരിക്കുന്ന ലോകത്തിന്‍റേതായ ശൈലിയില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിവരും. സഭാ ദൗത്യം നേടുവാനും
അത് ജീവിക്കുവാനും ക്രൈസ്തവന്‍ തന്‍റെ ജീവിത ചുറ്റുപാടുകളില്‍നിന്നും വ്യത്യസ്തമായി ജീവിക്കേണ്ടിവരും. മതനിരപേക്ഷമായ ലോകത്ത് തികച്ചും ഉറച്ച മതാത്മകമായ നിലപാട് കൈക്കൊള്ളേണ്ടതായും വരും.

സഭാ ദൗത്യം ക്രിയാത്മകമായ ത്രിത്വരഹസ്യത്തില്‍നിന്നും ഉത്ഭവിക്കുന്നതാണ്. അത് സ്നേഹം തന്നെയായ ദൈവത്തിന്‍റെ ക്രിയാത്മക ഭാവമാണ്.
ദൈവസ്നേഹം അതില്‍ത്തന്നെ നിലനില്ക്കുന്നില്ല.
അത് ഈ പ്രപഞ്ചത്തിലേയ്ക്ക് സമൃദ്ധമായി നിര്‍ഗ്ഗളിക്കുന്നു, ചൊരിയപ്പെടുന്നു. അതിന്‍റെ പ്രകടമായ സാന്നിദ്ധ്യമാണ് മനുഷ്യാവതാരം ചെയ്ത ക്രിസ്തു. ലോകത്തിന് അനുഭവേദ്യമായ ക്രിസ്തു-സാന്നിദ്ധ്യം
ദൈവ-മനുഷ്യ ബന്ധത്തിന്‍റെ ആഴമുള്ള സംവേദനമാണ്. ദൈവത്തില്‍നിന്നും സ്വീകരിക്കുന്നതുപോലെതന്നെ, മനുഷ്യന്‍ സ്നേഹത്താല്‍ പ്രത്യുത്തരിക്കേണ്ട സംവേദനമാണത്. എന്നാല്‍ ദൈവത്തിന്‍റെ വലിയ ഔദാര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും മുന്നില്‍ മനുഷ്യന്‍റെ നിസ്സാരതയും പരിമിതികളുമുള്ള ജീവതസമര്‍പ്പണവും ദൈവത്തിന് സ്വീകാര്യമാണ്. അതുപോലെ പ്രതിനന്ദിയായി ദൈവത്തിനു സമര്‍പ്പിക്കാന്‍ സഭയ്ക്കും വലുതായി ഒന്നുമില്ല. എന്നാല്‍ ഈ ലോകത്ത് രക്ഷയുടെ എളിയ ഉപകരണമാകുവാനും, ദൈവവചനത്താല്‍ ഈ ലോകത്തെ രൂപാന്തരപ്പെടുത്തിക്കൊണ്ട് ദൈവവുമായുള്ള മനുഷ്യന്‍റെ സ്നേഹായൈക്യം ഈ ലോകത്ത് യാഥാര്‍ത്ഥ്യമാക്കുകയുമാണ് സഭയുടെ ദൗത്യം. ഈ വിളിയും ദൗത്യവും മറന്ന് സഭ സ്ഥാപനവത്ക്കരണത്തിന്‍റെ സുരക്ഷിതത്വത്തില്‍ ഒതുങ്ങിപ്പോകുന്നത് അപകടകരമാണ്.
ഞാന്‍ ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല, (യോഹ. 17, 16.)
എന്നു ക്രിസ്തുതന്നെ വ്യക്തമായി നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

മതനിരപേക്ഷമാകുന്ന ലോകത്ത് സഭ നിരന്തരമായി വെല്ലുവിളിക്കപ്പെടുകയും, സമൂഹത്തിന്‍റെ ആന്തരീക നവീകരണത്തിനായി ശക്തമായി പോരാടുകയും ചെയ്യേണ്ടി വരുന്നുണ്ട്. ദൈവത്തിന് പ്രഥമ സ്ഥാനം നല്കുന്ന സഭയ്ക്ക് ലോകത്തിന്‍റെ ആശങ്കകളില്‍ പങ്കുചേരുക എന്നു പറയുന്നത്, ദൈവസ്നേഹത്തിന് സാക്ഷൃംവഹിക്കുന്നതും, വാക്കിലും പ്രവര്‍ത്തിയിലും ദൈവവചനം ജീവിക്കുന്നതുമാണ്. അതോടൊപ്പംതന്നെ മനുഷ്യജീവതങ്ങളെ നിത്യമായൊരു ജീവിതത്തിലേയ്ക്ക് നയിക്കുന്നതും സഭാ ജീവിതത്തിന്‍റെ അന്യൂനവും സവിശേഷവുമായ ദൗത്യമാണ്. കാരണം,
മനുഷ്യജീവിതം നിത്യമായൊരു ജീവിതത്തിന്‍റെ നാന്ദിയാണ്. നമ്മുടെ എളിയ ജീവിതങ്ങളുടെ സമര്‍പ്പണം ആവശ്യപ്പെടുന്ന മഹത്തായ ദൈവസ്നേഹത്തോടു പ്രത്യുത്തരിച്ചുകൊണ്ട് ഈ ലോകത്ത് ലാളിത്യത്തോടെ ജീവിക്കാന്‍ പരിശ്രമിക്കാം. നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതമേഖലകളില്‍ ദൈവസ്നേഹം നവമായി അനുഭവിക്കാന്‍ ഇടയാകട്ടെ. അവിടുത്തെ സാക്ഷികളായി ജീവിക്കാന്‍വേണ്ട ദൈവാനുഗ്രഹവും പരിശുദ്ധാത്മാവിന്‍റെ വരദാനവും നിങ്ങള്‍ക്കു ലഭിക്കട്ടെ,.... എന്ന് ആശംസിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

സമാപന പ്രഭാഷണം

25 സെപ്റ്റംമ്പര്‍ 2011, ലാഹ്ര്-ജെര്‍മനി

(ലാഹ്ര് എയര്‍പ്പോര്‍ട്ടിലെ സമാപന പ്രഭാഷണം)

സെപ്തംബര്‍ ഇരുപത്തിയഞ്ചാം തിയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ലാഹ്ര് എയര്‍പ്പോര്‍ട്ടിലെ സമാപന പ്രഭാഷണത്തില്‍, തന്‍റെ ജന്മനാട്ടില്‍ ചിലവഴിച്ച സംഭവബഹുലവും ഹൃദയസ്പര്‍ശിയുമായ ദിവസങ്ങള്‍ക്ക് നന്ദിപറയുകയായിരുന്നു മാര്‍പാപ്പ. തന്നെ ജര്‍മനിയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ച പ്രസിഡന്‍റിനും ഭരണാധികാരികള്‍ക്കും നന്ദിപറഞ്ഞ മാര്‍പാപ്പ ജര്‍മ്മനിയിലെ സഭാദ്ധ്യക്ഷന്മാര്‍ക്കും, ജര്‍മ്മന്‍ ജനതയ്ക്ക് പൊതുവെയും കൃതജ്ഞതയര്‍പ്പിച്ചു. ലൂതറന്‍ സഭാ സമൂഹവും മറ്റ് ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളും തന്നോടുകാണിച്ച ആദരവിനും തന്നെ ശ്രവിക്കുവാന്‍ പ്രകടിപ്പിച്ച താല്പര്യത്തിനും മാര്‍പാപ്പ നന്ദിപ്രകടിപ്പിച്ചു. തന്‍റെ സന്ദര്‍ശനലക്ഷൃം മുഖ്യമായും ബര്‍ളിന്‍, ഏര്‍ഫൂര്‍ട്ട്, ഏത്സെല്‍ബാഹ്, ഫ്രൈബൂര്‍ഗ്ഗ് പട്ടണങ്ങളെ കേന്ദീകരിച്ചായിരുന്നുവെന്നും, തന്നെ അവിടെല്ലാം സന്തോഷത്തോടെ അനുധാവനം ചെയ്യുകയും, തന്നോടൊപ്പം ബലിയര്‍പ്പിക്കുകയും, പ്രാര്‍ത്ഥിക്കുകയും, വചനം ശ്രവിക്കുകയും ചെയ്ത എല്ലാവര്‍ക്കും മാര്‍പാപ്പ പ്രത്യേകം നന്ദിപറഞ്ഞു. ഫ്രൈബൂര്‍ഗ്ഗ് പട്ടണമൈതാനിയില്‍ ശനിയാഴ്ച സായാഹ്നത്തില്‍ നടന്ന യുവജനങ്ങള്‍ക്കൊപ്പമുള്ള ജാഗരപ്രാര്‍ത്ഥന തന്‍റെ ജര്‍മ്മന്‍ സന്ദര്‍ശനത്തിലെ മങ്ങാത്ത സ്മരണയായിരിക്കുംമെന്നും പാപ്പ വിശേഷിപ്പിച്ചു. മാര്‍പാപ്പ ഇങ്ങനെ തുടര്‍ന്നു.

ജനങ്ങളെ വിശ്വാസമൂല്യങ്ങളിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ജര്‍മനിയിലെ സഭ ഉറച്ച അത്മവിശ്വസത്തോടെ വിശ്വാസത്തിന്‍റെ പാതയില്‍ സുവിശേഷത്തിന്‍റെ സ്രോതസ്സിലേയ്ക്കുതന്നെ തിരിയണം. ചെറിയതെങ്കിലും ഇവിടെയുള്ള അടിസ്ഥാന വിശ്വസസമൂഹങ്ങളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട്, ക്രിസ്തുവിനെ അറിയുന്നതിലും, ക്രിസ്തുവുമായുള്ള സുഹൃദ്ബന്ധത്തുലൂടെ നേടുന്നു മനോഹരമായ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുനും എന്നും പരിശ്രമിക്കണം. പരമമായ ഈ അനുഭവം, എവിടെ ദൈവമുണ്ടോ അവിടെ ഭാവിയുണ്ട് എന്ന് നിങ്ങള്‍ക്ക് വെളിപ്പെടുത്തി തരും.

തന്‍റെ ജന്മനാട്ടില്‍ വന്നതിന്‍റെ മങ്ങാത്ത സ്മരണകളുമായി പാപ്പാ യാത്രമൊഴിചൊല്ലി.
Vergelte’s Gott ….. May God reward you! God bless you. വിമാനത്തിന്‍റെ പടവുകള്‍ മെല്ലെ കയറിയ മാര്‍പാപ്പ, വിമാനകവാടത്തിലെത്തിയപ്പോള്‍ തിരിഞ്ഞുനിന്ന് ഇരുകരങ്ങളും ഉയര്‍ത്തി ഏവരെയും അഭിവാദ്യംചെയ്യുകയും ആശിര്‍വ്വദിക്കുകയും ചെയ്തു. കണ്ണിമയ്ക്കാതെ ആയിരങ്ങള്‍ നോക്കിനില്ക്കേ മാര്‍പാപ്പ യാത്രയായ ലൂഫ്താന്‍സ് വിമാനം നിത്യനഗരമായ വത്തിക്കാനെ ലക്ഷൃമാക്കി ലാഹ്ര് വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്നു.








All the contents on this site are copyrighted ©.