2011-09-27 17:34:02

മാര്‍പാപ്പ വടക്കു കിഴക്കന്‍ ഇറ്റലി സന്ദര്‍ശിക്കുന്നു.


27 സെപ്റ്റംബര്‍ 2011, വത്തിക്കാന്‍

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒക്ടോബര്‍മാസം ഒന്‍പതാം തിയതി വടക്കു കിഴക്കന്‍ ഇറ്റാലിയിലേക്കു നടത്തുന്ന അപ്പസ്തോലിക പര്യടനത്തിന്‍റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. കലാബ്രിയാ പ്രവിശ്യായിലുള്ള ലമേസ്യാ തെര്‍മേ സെറാ സാന്‍ ബ്രൂണോ എന്നീ പട്ടണങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്. ഒന്‍പതാം തിയതി ഞായറാഴ്ച രാവിലെ എട്ടേ മുപ്പതിന് റോമിലെ ചാംപീനോ വിമാനത്താവളത്തില്‍ നിന്നും യാത്രയാരംഭിക്കുന്ന പാപ്പ ഒന്‍പതേ പതിനഞ്ചിന് ലാമേസ്യാ തെര്‍മേ പട്ടണത്തിലെത്തും. രാവിലെ പത്തുമണിക്ക് പട്ടണമൈതാനത്ത് സമൂഹബലിയര്‍പ്പണത്തിനു മുഖ്യകാര്‍മ്മീകത്വം വഹിക്കുന്ന പാപ്പ പരിശുദ്ധ കുര്‍ബ്ബാനയുടെ സമാപനത്തില്‍ വിശ്വാസികള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥനയും ചൊല്ലും. സന്ദര്‍ശത്തിന്‍റെ സംഘാടക സമിതിയംഗങ്ങളോടു കൂടിക്കാഴ്ച്ച നടത്തിയശേഷം വൈകീട്ട് നാലേ നാല്‍പ്പത്തിയഞ്ചിന് സെറാ സാന്‍ ബ്രൂണോ പട്ടണത്തിലേക്കു പാപ്പ യാത്രയാകും. ആ പട്ടണത്തിലെ വിശുദ്ധ സ്റ്റീഫന്‍റെ നാമധേയത്തിലുള്ള മൈതാനത്ത് നടക്കുന്ന പൊതുജനസമ്മേളനത്തില്‍ പാപ്പ പട്ടണവാസികളെ അഭിസംബോധനചെയ്യും. തുടര്‍ന്ന് വിശുദ്ധ ബ്രൂണോയുടെ നാമധേയത്തിലുള്ള ദേവാലയത്തിലേക്ക് സായാഹ്നപ്രാര്‍ത്ഥനയ്ക്കെത്തുന്ന പാപ്പ പ്രാര്‍ത്ഥനായോഗത്തില്‍ വചനപ്രഘോഷണം നടത്തും. വൈകീട്ട് ആറേ നാല്‍പ്പത്തിയഞ്ചിന് കാര്‍ത്തൂസ്യന്‍ സന്ന്യസ്താശ്രമം സന്ദര്‍ശിക്കുന്ന പാപ്പ സന്ന്യാസികളുമായി ഒരു ഹ്രസ്വകൂടിക്കാഴ്ച്ചയും നടത്തും. ഏഴര മണിയോടെ സെറാ സാന്‍ ബ്രൂണോയില്‍ നിന്ന് ഹെലികോപ്ടറില്‍ ലാമേസ്യാ തെര്‍മേയിലേക്കും അവിടെനിന്ന് വിമാനത്തില്‍ റോമിലേക്കും പാപ്പ യാത്രതിരിക്കും,








All the contents on this site are copyrighted ©.