2011-09-26 20:09:27

മങ്ങലേറ്റ ക്രൈസ്തവ സാക്ഷൃം
തെളിക്കണമെന്ന് മാര്‍പാപ്പ


26 സെപ്റ്റംമ്പര്‍ 2011, ഫ്രൈബൂര്‍ഗ്
തന്‍റെ അപ്പസ്തോലിക പര്യടനത്തിന്‍റെ അവസാന പരിപാടിയായി, ജെര്‍മനിയിലെ സഭയിലും സമൂഹത്തിലും സജീവമായി പ്രവര്‍ത്തിക്കുന്ന അല്‍മായ പ്രമുഖരുമായി മാര്‍പാപ്പ സെപ്റ്റംമ്പര്‍ 25-ാം തിയതി ഞായറാഴ്ച വൈകുന്നേരം ഫ്രൈബൂര്‍ഗ്ഗിലെ വിഖ്യാതമായ സംഗീതശാലയില്‍വച്ച് കൂടിക്കാഴ്ച നടത്തുകയും സന്ദേശംനല്കുകയും ചെയ്തു.
ഫ്രൈബൂര്‍ഗ്ഗ് പട്ടണത്തിലെ ഫീലാഹാര്‍മ്മോണിക്ക് സംഘമാണ് പാപ്പായ്ക്ക് സമ്മേളനവേദിയിലേയ്ക്ക് സ്വാഗതമേകിയത്. പ്രത്യാശയുടെ തീരങ്ങളിലേയ്ക്ക് ജനങ്ങളെ നയിക്കുന്ന ശക്തരായ വിശ്വാസദൂതരാണു നിങ്ങള്‍, LG 35 എന്ന് അല്‍മായ പ്രതിനിധികളെ വിശേഷിപ്പിച്ചുകൊണ്ടാണ് പാപ്പ പ്രഭാഷണം ആംഭിച്ചത്.

ഇന്ന് അത്ര എളുപ്പമല്ലാതായിരിക്കുന്ന ജീവിതസാഹചര്യങ്ങളിലും സഭാ പ്രവര്‍ത്തന മേഖലകളിലുമാണ് നിങ്ങള്‍ വിശ്വാസത്തിന്‍റെ സാക്ഷികളായി ജീവിക്കുന്നത്. പൊതുവേയുള്ള വിശ്വാസമാന്ദ്യവും സഭ വിട്ടുപോകുന്ന ധാരാളം വിശ്വാസികളും കഴിഞ്ഞ രണ്ടു ദശകങ്ങളായിട്ട് ഇന്നാട്ടില്‍ നാം നിരീക്ഷിച്ച പ്രതിഭാസമാണ്. മാറുന്ന സമൂഹ്യചുറ്റുപാടുകള്‍ക്ക് അനുസൃതമായി സഭയും നീങ്ങണം എന്നൊരു അഭിപ്രായം പൊതുവെ കേള്‍ക്കാറുണ്ട്.
തന്‍റെ പ്രവര്‍ത്തനങ്ങളും ശൈലിയും വളരുന്ന ലോകത്തോട് അനുരൂപപ്പെടുന്നണമെന്ന അഭിപ്രായത്തോട് കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസാ നല്കിയ പ്രതികരണമാണ് എന്‍റെ ഓര്‍മ്മിയില്‍ വരുന്നത്. സഭയില്‍ ആദ്യം പരിവര്‍ത്തന വിധേയമാകേണ്ടത് നിങ്ങളും ഞാനുമാണെന്നാണ് മദര്‍ തെരേസാ പ്രതികരിച്ചത്. ഇതില്‍നിന്നും നമുക്കു നസ്സിലാക്കാവുന്നതാണ്. സഭയെന്നു പറയുന്നത് ജനങ്ങള്‍ മാത്രമല്ല. സഭയുടെ അധികാരികളുമല്ല. മാര്‍പാപ്പയും മെത്രാന്മാരുമല്ല സഭ. നമ്മെളെല്ലാവരുമാണ് സഭയെന്നാണ്, ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരുമാണ് സഭ. സഭയില്‍ മാറ്റങ്ങള്‍ക്ക് ഇടമുണ്ടെന്നതിന് സംശയമില്ല. നാം നിരന്തരമായി പരിവര്‍ത്തന വിധേയരാകേണ്ടതാണ്. പ്രായോഗികതലത്തില്‍ എന്താണ് ഈ പരിവര്‍ത്തനം, അതെവിടെയാണെന്നാണ് നാം മനസ്സിലാക്കേണ്ടതാണ്?

ഉപരിപ്ലവമായ മാറ്റങ്ങള്‍ അപ്രസക്തങ്ങളാണ്. ഒരു വീട് പെയിന്‍റടിച്ച് വൃത്തിയാക്കുകയോ അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുന്നതുപോലെ. സഭയെ സംബന്ധിച്ചിടത്തോളം മാറ്റമെന്നത്, സഭയുടെയും സഭാ മക്കളുടെയും പ്രേഷിത ദൗത്യത്തിലാണ് അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്. തന്‍റെ പ്രേഷിത ദൗത്യത്തിലുളള സമര്‍പ്പണം നിരന്തരമായും കാലികമായും പരിവര്‍ത്തന വിധേയമാകേണ്ടതാണ്. വ്യക്തിതലത്തില്‍ ആരംഭിക്കുന്ന സുവിശേഷദൗത്യം, മറ്റുള്ളവരിലേയ്ക്കും, അവസാനം ഒരാഗോള ദൗത്യമായും ഉയരുന്നതു നമുക്കു കാണാം. നിങ്ങള്‍ എന്‍റെ സാക്ഷികളാണ്, ലൂക്കാ 24, 48.
നിങ്ങള്‍ ലോകമെങ്ങും പോയി സകലജനതകളെയും ശിഷ്യപ്പെടുത്തുക. മത്തായി 28, 19.
നിങ്ങള്‍ സകല ജനതകളോടും എന്‍റെ സുവിശേഷം പ്രഘോഷിക്കുക. മാര്‍ക്ക് 16, 15.

ലോകത്തിന്‍റേതായ സമൂഹ്യ സമ്മര്‍ദ്ദങ്ങളും നവമായ നീക്കങ്ങളുംകൊണ്ട് ക്രൈസ്തവസാക്ഷൃം നിരന്തരമായും മങ്ങലേല്ക്കുകയും,
ക്രൈസ്തവ സഹോദരബന്ധങ്ങള്‍ അന്യവത്ക്കരിക്കപ്പെടുകയും,
സുവിശേഷം ആപേക്ഷികമായി പുറംതള്ളപ്പെടുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ മൂല്യങ്ങളില്‍ ഊന്നിനില്ക്കുമ്പോള്‍, നാം ഭാഗമായിരിക്കുന്ന ലോകത്തിന്‍റേതായ ശൈലിയില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിവരും. സഭാ ദൗത്യം നേടുവാനും
അത് ജീവിക്കുവാനും ക്രൈസ്തവന്‍ തന്‍റെ ജീവിത ചുറ്റുപാടുകളില്‍നിന്നും വ്യത്യസ്തമായി ജീവിക്കേണ്ടിവരും. മതനിരപേക്ഷമായ ലോകത്ത് തികച്ചും ഉറച്ച മതാത്മകമായ നിലപാട് കൈക്കൊള്ളേണ്ടതായും വരും.

സഭാ ദൗത്യം ക്രിയാത്മകമായ ത്രിത്വരഹസ്യത്തില്‍നിന്നും ഉത്ഭവിക്കുന്നതാണ്. അത് സ്നേഹം തന്നെയായ ദൈവത്തിന്‍റെ ക്രിയാത്മക ഭാവമാണ്.
ദൈവസ്നേഹം അതില്‍ത്തന്നെ നിലനില്ക്കുന്നില്ല.
അത് ഈ പ്രപഞ്ചത്തിലേയ്ക്ക് സമൃദ്ധമായി നിര്‍ഗ്ഗളിക്കുന്നു, ചൊരിയപ്പെടുന്നു. അതിന്‍റെ പ്രകടമായ സാന്നിദ്ധ്യമാണ് മനുഷ്യാവതാരം ചെയ്ത ക്രിസ്തു. ലോകത്തിന് അനുഭവേദ്യമായ ക്രിസ്തു-സാന്നിദ്ധ്യം
ദൈവ-മനുഷ്യ ബന്ധത്തിന്‍റെ ആഴമുള്ള സംവേദനമാണ്. ദൈവത്തില്‍നിന്നും സ്വീകരിക്കുന്നതുപോലെതന്നെ, മനുഷ്യന്‍ സ്നേഹത്താല്‍ പ്രത്യുത്തരിക്കേണ്ട സംവേദനമാണത്. എന്നാല്‍ ദൈവത്തിന്‍റെ വലിയ ഔദാര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും മുന്നില്‍ മനുഷ്യന്‍റെ നിസ്സാരതയും പരിമിതികളുമുള്ള ജീവതസമര്‍പ്പണവും ദൈവത്തിന് സ്വീകാര്യമാണ്. അതുപോലെ പ്രതിനന്ദിയായി ദൈവത്തിനു സമര്‍പ്പിക്കാന്‍ സഭയ്ക്കും വലുതായി ഒന്നുമില്ല. എന്നാല്‍ ഈ ലോകത്ത് രക്ഷയുടെ എളിയ ഉപകരണമാകുവാനും, ദൈവവചനത്താല്‍ ഈ ലോകത്തെ രൂപാന്തരപ്പെടുത്തിക്കൊണ്ട് ദൈവവുമായുള്ള മനുഷ്യന്‍റെ സ്നേഹായൈക്യം ഈ ലോകത്ത് യാഥാര്‍ത്ഥ്യമാക്കുകയുമാണ് സഭയുടെ ദൗത്യം. ഈ വിളിയും ദൗത്യവും മറന്ന് സഭ സ്ഥാപനവത്ക്കരണത്തിന്‍റെ സുരക്ഷിതത്വത്തില്‍ ഒതുങ്ങിപ്പോകുന്നത് അപകടകരമാണ്.
ഞാന്‍ ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല, യോഹ. 17, 16.
എന്നു ക്രിസ്തുതന്നെ വ്യക്തമായി നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

മതനിരപേക്ഷമാകുന്ന ലോകത്ത് സഭ നിരന്തരമായി വെല്ലുവിളിക്കപ്പെടുകയും, സമൂഹത്തിന്‍റെ ആന്തരീക നവീകരണത്തിനായി ശക്തമായി പോരാടുകയും ചെയ്യേണ്ടി വരുന്നുണ്ട്. ദൈവത്തിന് പ്രഥമ സ്ഥാനം നല്കുന്ന സഭയ്ക്ക് ലോകത്തിന്‍റെ ആശങ്കകളില്‍ പങ്കുചേരുക എന്നു പറയുന്നത്, ദൈവസ്നേഹത്തിന് സാക്ഷൃംവഹിക്കുന്നതും, വാക്കിലും പ്രവര്‍ത്തിയിലും ദൈവവചനം ജീവിക്കുന്നതുമാണ്. അതോടൊപ്പംതന്നെ മനുഷ്യജീവതങ്ങളെ നിത്യമായൊരു ജീവിതത്തിലേയ്ക്ക് നയിക്കുന്നതും സഭാ ജീവിതത്തിന്‍റെ അന്യൂനവും സവിശേഷവുമായ ദൗത്യമാണ്. കാരണം,
മനുഷ്യജീവിതം നിത്യമായൊരു ജീവിതത്തിന്‍റെ നാന്ദിയാണ്. നമ്മുടെ എളിയ ജീവിതങ്ങളുടെ സമര്‍പ്പണം ആവശ്യപ്പെടുന്ന മഹത്തായ ദൈവസ്നേഹത്തോടു പ്രത്യുത്തരിച്ചുകൊണ്ട് ഈ ലോകത്ത് ലാളിത്യത്തോടെ ജീവിക്കാന്‍ പരിശ്രമിക്കാം. നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതമേഖലകളില്‍ ദൈവസ്നേഹം നവമായി അനുഭവിക്കാന്‍ ഇടയാകട്ടെ. അവിടുത്തെ സാക്ഷികളായി ജീവിക്കാന്‍വേണ്ട ദൈവാനുഗ്രഹവും പരിശുദ്ധാത്മാവിന്‍റെ വരദാനവും നിങ്ങള്‍ക്കു ലഭിക്കട്ടെ,.... എന്ന് ആശംസിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.