2011-09-26 16:09:12

പാപ്പായുടെ സന്ദര്‍ശനം ജര്‍മന്‍ കത്തോലിക്കര്‍ക്കു വിശ്വാസജീവിതത്തിന്‍റെ നവീന പാതകള്‍ തുറന്നു നല്‍കി : ഫാദര്‍ ബെര്‍നാര്‍ഡ്


26 സെപ്റ്റംബര്‍ 2011, റോം

ബെനഡിക്ട് പതിനാറാന്‍ മാര്‍പാപ്പയുടെ ജര്‍മന്‍ പര്യടനം അന്നാട്ടിലെ സഭാതനയരുടെ വിശ്വാസജീവിതത്തിന് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയെന്ന് ഫാദര്‍ ബെര്‍നാര്‍ഡ് ഹാഗെന്‍കോഡ്, വത്തിക്കാന്‍ റേഡിയോയുടെ ജര്‍മന്‍ വിഭാഗം മേധാവി. ജര്‍മനിയില്‍ മാര്‍പാപ്പ നടത്തിയ പ്രഭാഷണങ്ങള്‍ വ്യക്തവും ശക്തവുമായിരുന്നെന്ന് ചതുര്‍ദിന പര്യടനത്തില്‍ മാര്‍പാപ്പയെ അനുഗമിച്ച ഫാദര്‍ ബെര്‍നാര്‍ഡ് അഭിപ്രായപ്പെട്ടു. സംഘാടകസമിതി പ്രതീക്ഷിച്ചതിലധികം ആളുകള്‍ പാപ്പായുടെ പൊതുപരിപാടികളില്‍ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജര്‍മനിയിലെ കത്തോലിക്കരുടെ ഐക്യത്തിന്‍റെ പ്രകടനമായിരുന്നു ഈ സന്ദര്‍ശനങ്ങളെന്നും പറഞ്ഞു. സാര്‍വ്വത്രീകസഭയോടുള്ള കൂട്ടായ്മയ വളര്‍ത്താനും സമ്മേളനങ്ങള്‍ വഴിതെളിച്ചു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയ്ക്കെതിരേ അനേകം വിമര്‍ശനങ്ങള്‍ ഉയരുന്ന അന്നാട്ടിലെ കത്തോലിക്കരെ ശക്തമായ വിശ്വാസ നവീകരണത്തിലേക്കാണ് മാര്‍പാപ്പ ക്ഷണിക്കുന്നതെന്നും ഫാദര്‍ ബെര്‍നാര്‍ഡ് അഭിപ്രായപ്പെട്ടു. അന്നാട്ടിലെ സഭാമേലധികാരികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ദൗത്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദര്‍ശനത്തില്‍ പാപ്പ സന്തുഷ്ടനാണെന്നും ഫാദര്‍ ബെര്‍നാര്‍ഡ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.