2011-09-25 20:23:06

സമൂഹജീവിതത്തില്‍നിന്നും ദൈവത്തെ
തുടച്ചുനീക്കാനുള്ള ശ്രമം തെറ്റാണെന്ന് മാര്‍പാപ്പ


25 സെപ്റ്റംമ്പര്‍ 2011, ജര്‍മ്മനി
നമ്മുടെ ജീവിതത്തിനും ജീവിതത്തിന്‍റെ എല്ലാ നീക്കങ്ങള്‍ക്കും കാരണക്കാരനായ ദൈവത്തിന് നന്ദിയര്‍പ്പിക്കാം. പത്രോസിന്‍റെ പിന്‍ഗാമിയായ തന്‍റെ വിശ്വാസത്താലും ശുശ്രൂഷയാലും സഹോദരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുനുള്ള കരുത്തു നല്കുന്നതിനായി തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം, എന്ന അഭ്യര്‍ത്ഥനയോടെയാണ് മാര്‍പാപ്പ വചനപ്രഘോഷണം ആരംഭിച്ചത്.

“പിതാവേ, അങ്ങയുടെ അനന്തമായ ശക്തി അങ്ങയുടെ ക്ഷമയിലും കാരുണ്യത്തിലും ഞങ്ങള്‍ക്ക് വെളിപ്പെടുത്തി തരണമേ.”
ഇത് ഇന്നത്തെ ദിവ്യബലിയുടെ ആമുഖപ്രാര്‍ത്ഥനയായിരുന്നു.
ദൈവം തന്‍റെ അനന്തമായ ശക്തി ഇസ്രോയേലിന്‍റെ ചരിത്രത്തില്‍ വെളിപ്പെടുത്തുന്നത് ഇന്നത്തെ ആദ്യവായനയില്‍ കണ്ടു. ബാബിലോണിലെ വിപ്രവാസം ഇസ്രായേല്യരുടെ ജീവിതത്തിലുണ്ടായ വിശ്വാസത്തിന്‍റെ പ്രതിസന്ധിയായിരുന്നു. എന്തുകൊണ്ടാണ് ഈ തകര്‍ച്ചയുണ്ടായത്.
ദൈവം സര്‍വ്വശക്തനാണെന്ന വിശ്വാസത്തില്‍ ഇസ്രായേല്യര്‍ക്ക് സംശയം തോന്നിക്കാണാം.

ഇന്നത്തെ ലോകത്തിന്‍റെ ഭയാനകമായ സംഭവങ്ങളുടെ മദ്ധ്യേ
ദൈവം സര്‍വ്വശക്തനല്ലെന്ന് പുലമ്പുന്ന ദൈവശാസ്ത്ര പണ്ഡിതന്മാര്‍ ഇന്നുണ്ട്. ഇതിനു വിപരീതമായി ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം സര്‍വ്വശക്തനാണെന്ന് നാം വിശ്വസിക്കുകയും അതു പ്രഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവം സൃഷ്ടികളുടെ, നമ്മുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടാണ് തന്‍റെ ശക്തി ഉപയോഗിക്കുന്നതും, മനുഷ്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നതും. ദൈവം തന്ന ഈ സ്വാതന്ത്യത്തിന് നാം എന്നും നന്ദിയുള്ളവരായിരിക്കണം.

നമുക്കു ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭവവികാസങ്ങള്‍ നമ്മെ ഭയചകിതരാക്കുന്നുണ്ട്. എന്നാല്‍ അവിടുത്തെ കാരുണ്യത്തിലും ക്ഷമയിലും ആശ്രയിച്ചുകൊണ്ട് പ്രത്യാശയുള്ളവരായി നമുക്കു മുന്നോട്ടു ചരിക്കാം. ഇത് വിശ്വാസ ജീവിതമാണ്. ദൈവം എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുന്നു. പ്രതിസന്ധികളില്‍ ദൈവം നമ്മുടെ ചാരെയുണ്ട്, അവിടുത്തെ ഹൃദയം നമുക്കായി എപ്പോഴും ത്രസിക്കുന്നു, തുടിക്കുന്നു. എന്നാല്‍ അവിടുത്തെ കൃപയുടെയും കാരുണ്യത്തിന്‍റെയും ശക്തി
നമ്മെ സ്പര്‍ശിക്കേണ്ടതിന് നാം അവിടുത്തോട് തുറവുളളവരായിരിക്കണം. നാം തിന്മ ഉപേക്ഷിക്കുകയും അവിടുത്തെ തിരുവചനത്തോടും കല്പനകളോടുമുള്ള നിസംഗഭാവം പാടേ ഉപേക്ഷിക്കുകയും വേണം.
ദൈവം മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. അവിടുന്നു നമ്മെ നിര്‍ബന്ധിക്കുന്നില്ല.
പ്രവാചക ശബ്ദങ്ങളുടെ സത്തയാണ് ഇന്നത്തെ സുവിശേഷം
നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. മത്തായി 21, 29-31. പിതാവിന്‍റെ മുന്തിരി തോട്ടത്തിലേയ്ക്ക് വേലയ്ക്കായി പറഞ്ഞയക്കപ്പെടുന്ന രണ്ടു പുത്ന്മാരുടെ കഥയാണ് പറയുന്നത്. അദ്യത്തെ മകന്‍, പോകില്ല, എന്നു പറഞ്ഞെങ്കിലും
അവന്‍ ജോലിക്കു പോവുകയും, ജോലി ചെയ്യുകയും ചെയ്യുന്നു. രണ്ടാമാത്തെ പുത്രനാകട്ടെ, പോകാമെന്നു പറഞ്ഞെങ്കിലും ജോലിക്കു പോയില്ല, ജോലി ചെയ്തില്ല.

ഉപമയുടെ സന്ദേശം വളരെ വ്യക്തമാണ്. വാക്കുകളില്‍ കാര്യമൊന്നുമില്ല. പ്രവൃത്തിയാണ്, അനുതാപത്തോടും വിശ്വാസത്തോടുംകുടെയുള്ള പ്രവൃത്തിയാണ് ജീവിതത്തില്‍ നമ്മെ നയിക്കേണ്ടത്. ദൈവീക പദ്ധതിക്കും അവിടുത്തെ തിരുഹിതത്തിനും സമ്മതം മൂളിയ ഇസ്രായേല്‍ ദൈവത്തെ ധിക്കരിച്ചു. പിന്നീട് യോഹന്നാന്‍റെയും ക്രിസ്തുവിന്‍റെയും സാന്നിദ്ധ്യം അവര്‍ക്ക് അരോചകവും അസ്വീകാര്യവുമായിത്തിര്‍ന്നു.

ഇന്നത്തെ ജീവിത മേഖലയിലേയ്ക്കും സാമൂഹ്യ ചുറ്റുപാടികളിലേയ്ക്കും
ഈ ഉപമ നമുക്ക് പരിഭാഷചെയ്യാവുന്നതാണ്. അവിശ്വാസികളും പാപികളും മാനസാന്തരപ്പെട്ട് ഇന്ന് ദൈവത്തിങ്കലേയ്ക്കു തിരിയുന്നുണ്ട്.
വിശ്വാസം ലഭിച്ചവര്‍ മാന്ദതയില്‍ ജീവിക്കുന്നു. സാമൂഹ്യ ജീവിതത്തില്‍നിന്നും ദൈവത്തെ പാടെ ഒഴിവാക്കിക്കൊണ്ട് ജീവിക്കാനുള്ളൊരു ശ്രമം ഇന്നു കാണുന്നുണ്ട്. അങ്ങനെ ദൈവത്തിലുള്ള വിശ്വാസം നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാതെ പോകുന്നു. അങ്ങനെയുള്ളവരാണ് സഭയെ ഒരു സ്ഥാപനം മാത്രമായി കാണുന്നത്.

വിശ്വാസത്തിന്‍റെ വഴി തുറന്നു തരണമേയെന്നും, വിശ്വാസത്തിന്‍റെ വഴിയിലൂടെ ചരിക്കാനുള്ള കരുത്തും എളിമയും നല്കണമേയെന്നും നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. എല്ലാം നവീകരിക്കാന്‍ കുരുത്തുള്ള, ദൈവീക കാരുണ്യത്തിന്‍റെ സമൃദ്ധിയും, വഴിയും സത്യവും ജീവനും, നമ്മുടെ ഭാവിയുമായ ക്രിസ്തുവില്‍ ദൃഷ്ടിപതിച്ചുകൊണ്ടും പ്രത്യാശയര്‍പ്പിച്ചുകൊണ്ടും നമ്മുടെ ജീവിതങ്ങളെ മുന്നോട്ടു നയിക്കാം.








All the contents on this site are copyrighted ©.