2011-09-25 20:16:06

ക്രിസ്തുവിന്‍റെ പ്രഭാപൂരം പരത്തണമെന്ന്
മാര്‍പാപ്പ യുവാക്കളോട്‍


25 സെപ്റ്റംമ്പര്‍ 2011, ഫ്രൈബൂര്‍ഗ്
സ്പെയിനിലെ മാഡ്രിഡ് പട്ടണത്തില്‍ അരങ്ങേറിയ യുവജന സമ്മേളനത്തിന്‍റെ നല്ല ഓര്‍മ്മകളുമായിട്ടാണ്, പ്രത്യേകിച്ച് അവിടെയുണ്ടാ ജാഗരപ്രാര്‍ത്ഥനയുടെ പ്രശാന്തതയുടെയും ആത്മായ സന്തോഷത്തിന്‍റെയും ഓര്‍മ്മകള്‍ അയവിറച്ചുകൊണ്ട മാര്‍പാപ്പ യുവാക്കളോടുള്ള തന്‍റെ പ്രഭാഷണം ആരംഭിച്ചു.

ഞാന്‍‍ ലോകത്തിന്‍റെ പ്രകാശമാണ്, യോഹ. 8, 12. എന്നു പ്രഖ്യാപിച്ച ക്രിസ്തു തന്നെയാണ്, നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്, മത്തായി 5, 14, എന്നും ആഹ്വാനംചെയ്യുന്നത്. ഈ ലോകത്തിന്‍റെ സാങ്കേതിക പുരോഗതികളോ മാനുഷിക നേട്ടങ്ങളോ അല്ല ഈ യുഗത്തിന് പ്രകാശമേകുന്നത്.
നീതിപൂര്‍വ്വകമായ നല്ലൊരു ലോകം വാര്‍ത്തെടുക്കാനുള്ള പരിശ്രമങ്ങള്‍ വിഫലമാകുന്നതാണ് നാം ചുറ്റും കാണുന്നത്. നിര്‍ദ്ദോഷികളുടെ യാതനകളും എല്ലാ മനുഷ്യരെയും പാര്‍ത്തിരിക്കുന്ന മരണമെന്ന യാഥാര്‍ത്ഥ്യവും മറികടക്കാനാവാത്ത ജീവിതത്തിന്‍റെ കൂരിരുട്ടായി നമുക്ക് അനുഭവപ്പെടാം, എന്നാല്‍ രാത്രിയിലെ ഒരു മിന്നല്‍പ്പിണറിന്‍റെ പ്രകാശത്തിലെന്നപോലെ ജീവിതത്തിന്‍റെ നവമായ അനുഭവങ്ങളില്‍ ജീവിതം വീണ്ടും പ്രകാശമാനമാക്കാം. എങ്കിലും ഇരുട്ടിന്‍റെ, തിന്മയുടെ ഭായാനകമായ അനുഭവം നമുക്ക് ജീവിതത്തിന്‍റെ ഏതു നിമിഷത്തിലും എപ്പോഴും ഉണ്ടാകാവുന്നതാണ്.

ചുറ്റും കൂരിരുട്ടാണെങ്കിലും പ്രകാശം കാണേണ്ടവരും പരത്തേണ്ടവരുമാണ് നാം. കീഴ്പ്പെടുത്താനാവാത്തതെന്നു കരുതുന്ന കൂരിരുട്ടിനെക്കാളും ശക്തമാണ് ഒരു ചെറുപ്രകാശധാര എന്നോര്‍ക്കണം. ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രാകാശം ഈ ലോകത്തുണ്ട്. മാനുഷികമായി എല്ലാം മങ്ങിയതെന്നും രക്ഷയില്ലാത്തതെന്നും തോന്നുന്നിടങ്ങളില്‍പ്പോലും ക്രിസ്തു തന്‍റെ പ്രഭാപൂരം പരത്തുന്നു. അവിടുന്ന് മരണത്തെ ജയിച്ചവനാണ്. അവിടുന്നിലുള്ള വിശ്വാസം, കൂരിരുട്ടിനെ കീറിമുറിക്കുന്ന പ്രകാശമായി തെളിയുന്നു.
ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കും ജീവിതത്തിന്‍റെ ഇരുണ്ട യാമങ്ങളുണ്ട്. എന്നിരുന്നാലും ക്രിസ്തുവിലുള്ള വിശ്വാസം അവര്‍ക്ക് പ്രത്യാശയുടെ വെളിച്ചംപകരുകയും ജീവിത പൂര്‍ണ്ണിമയിലേയ്ക്ക് അവരെ നയിക്കുകയും ചെയ്യുന്നു. യോഹ.10, 10. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ജീവിതവ്യഗ്രതയുടെ ഇരുണ്ട മുഹൂര്‍ത്തങ്ങളിലും പ്രഭാതത്തിന്‍റെ പൊന്‍വെളിച്ചം കാണുകതന്നെ ചെയ്യും. വെളിച്ചം ഒറ്റപ്പെട്ടു നില്കുന്നില്ല. അത് ചുറ്റും പ്രഭപരത്തുന്നു.
ആ പ്രഭയില്‍ ഒരു പ്രദേശം പ്രശോഭിതമാക്കപ്പെടുകയും എല്ലാം സുവ്യക്തമാകുകയും ജീവിതാവസ്ഥകള്‍ തെളിഞ്ഞുവരികയും ചെയ്യുന്നു.

നാം ഈ ലോകത്ത് ഒറ്റയ്ക്കല്ല ജീവിക്കുന്നത്. ജീവിതത്തിലെ ചെറുതും ഗൗരവപൂര്‍വ്വമായ കാര്യങ്ങള്‍ക്കും ഒരുപോലെ നാം മറ്റുള്ളവരെ ആശ്രയിക്കേണ്ടിയിരിക്കുന്നു. വിശിഷ്യ വിശ്വാസ ജീവിതത്തില്‍ നമുക്ക് ഒറ്റയ്ക്കായിരിക്കുവാന്‍ സാദ്ധ്യമല്ല. നാം മറ്റുള്ളരുമായി വിശ്വാസം പങ്കുവയ്ക്കുകയും, മറ്റുള്ളവരില്‍നിന്നും വിശ്വാസത്തിന്‍റെ നന്മകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഞാന്‍ മറ്റുള്ളവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതുപോലെ മറ്റുള്ളവരുടെ സാന്നിദ്ധ്യവും സാമീപ്യവും എന്നെയും ഈ ജീവിതയാത്രയില്‍ ബലപ്പെടുത്തുന്നു. നമുക്ക് പരസ്പരം പ്രഭപരത്തുന്ന ചെറുദീപങ്ങളാവാം. നമുക്കുള്ളതിന്‍റെ ഓഹരി പരസ്പരം പങ്കവയ്ക്കുന്നതുപോലെതന്നെ, സമൂഹജീവിതത്തിലും വിശ്വാസ ജീവിതത്തിന്‍റെ പ്രഭപരത്താന്‍ പരിശ്രമിക്കാം.








All the contents on this site are copyrighted ©.