2011-09-24 20:22:37

മാര്‍പാപ്പ വിവരിക്കുന്ന
മരിയഭക്തിയുടെ പുതിയ മാനങ്ങള്‍


24 സെപ്റ്റംമ്പര്‍ 2011, ജര്‍മ്മനി
ഏഷ്ഫീല്‍ഡ് – എത്സെല്‍ബാഹിലെ വ്യാകുലാംബികയുടെ സന്നിധിയില്‍ എത്തിച്ചേരാന്‍ ഭാഗ്യമുണ്ടായ ഒരു തീര്‍ത്ഥാടകന്‍റെ വികാര നിര്‍വൃതിയോടെയാണ് മാര്‍പാപ്പ സായാഹ്ന പ്രാര്‍ത്ഥനമദ്ധ്യേ തന്‍റെ വചനപ്രഘോഷം ആരംഭിച്ച്. (ജെര്‍മനി സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം- മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍).

പ്രാശാന്തമീ താഴ്വാരത്തില്‍
പ്രഫുല്ലമാം നാരകവൃക്ഷച്ചോട്ടില്‍
തന്‍ സൂനുവിന്‍ മേനിപേറുമാ തനയ നോക്കി
തന്നോമല്‍ സുതരെ ആര്‍ദ്രമായ്.

രക്ഷയും ആത്മീയോന്മേഷവും പകരുന്ന മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം സ്ഫുരിക്കുന്ന ഏത്സല്‍ബാഹ് തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രശസ്തമായ മരിയഗീതത്തിന്‍റെ മാതൃഭാഷയിലുള്ള, ജര്‍മ്മന്‍ ഭാഷയിലെ മനോഹരമായ വരികള്‍ മാര്‍പാപ്പ അനുസ്മരിച്ചു.
തങ്ങളുടെ ചിരപുരാതനമായ വിശ്വാസത്തെ അടിച്ചമര്‍ത്തിയ രണ്ടു സ്വേച്ഛാശക്തികളുടെ നീണ്ട ഭരണത്തിന്‍ കീഴില്‍ ഏഷ്ഫീല്‍ഡിലെ ജനങ്ങള്‍ സാന്ത്വനത്തിന്‍റെയും സമാധാനത്തിന്‍റെയും തുറന്ന കവാടം കണ്ടത് വ്യാകുലാംബികയുടെ ഈ മാതൃസന്നിധിയിലാണ്. ചരിത്രത്തിലൂടെ വിരിഞ്ഞു വളര്‍ന്ന മറിയത്തോടുള്ള ഈ സ്നേഹാദരവും ബന്ധവും പരിപോഷിപ്പിക്കാന്‍ ഈ മേരിയന്‍ സായാഹ്നപ്രാര്‍ത്ഥനയില്‍ നമുക്ക് പരിശ്രമിക്കാം.
മറിയത്തിന്‍റെ തിരുസ്വരൂപത്തെ നമുക്കു നോക്കാം. മദ്ധ്യ വയസ്കയായൊരു സ്ത്രീ. ദുഃഖഭാരത്താല്‍ വിരിഞ്ഞ കവിള്‍ത്തടവും കര്‍ണ്ണീര്‍വാര്‍ത്ത് കനത്ത കണ്‍പോളകളുമായി കഴിഞ്ഞ സംഭവങ്ങളെ അയവിറക്കുന്നതുപോലെ ഏതോ വിസ്മൃതിയിലേയ്ക്ക് നോക്കിയിരിക്കുന്നു. അമ്മയുടെ മടിയില്‍ കിടക്കുന്നത് ജീവസ്സറ്റ തന്‍റെ മകന്‍റെ ശരീരമാണ്. വിലപിടിപ്പുള്ളൊരു സമ്മാനംപോലെ അവള്‍ അത് വാത്സല്യത്തോടും സ്നേഹത്തോടുംകൂടെ പേറിയിരിക്കുന്നു. മകന്‍റെ നഗ്നമായ ദേഹത്ത് കുരിശുമരണത്തിന്‍റെ പച്ചമുറിപ്പാടുകള്‍ തെളിഞ്ഞുകാണാം. ശ്രദ്ധേയമാകുന്നൊരു കാര്യം ക്രിസ്തുവിന്‍റെ ഇടതുകരം നേരേ താഴേയ്ക്ക് ചൂണ്ടിരിക്കുന്നു എന്നതാണ്. മൈക്കിളാഞ്ചലോയുടെ പ്രശസ്തമായ പിയെത്തായുടെ പകര്‍പ്പും, എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള
ഈ അമ്മയുടെയും മകന്‍റെയും തിരുസ്വരൂപം ഒരള്‍ത്താരയുടെ മുകളില്‍ പ്രതിഷ്ഠക്കപ്പെട്ടതായിരുന്നിരിക്കണം. ക്രിസ്തു അമ്മയുടെ മടിയില്‍ മൃതനായിക്കിടക്കുമ്പോഴും അള്‍ത്താരയിലെ ബലിപീഠത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. പൂര്‍ത്തിയാക്കപ്പെട്ട തന്‍റെ ജീവബലി ഇനി അള്‍ത്താരയില്‍ അനുദിനം അര്‍പ്പിക്കപ്പെടുന്ന ബലിയില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് ക്രിസ്തു നമ്മെ അനുസ്മരിപ്പിക്കുന്നു.

പിയെത്തായുടെ അസ്സല്‍ രൂപത്തില്‍ ക്രിസ്തുവിന്‍റെ മുഖവും ശരീരവും ആണിപ്പാടുകളും കാണികള്‍ക്ക് ദൃശ്യമാകത്തക്കവിധത്തില്‍ മുന്നോടു തിരിഞ്ഞിരിക്കുമ്പോള്‍, എത്സെല്‍ബാഹിലെ തിരുസ്വരൂപത്തില്‍ ക്രിസ്തുവന്‍റെ ശരീരവും മുഖവും തന്‍റെ അമ്മയിലേയ്ക്കാണ് തിരിഞ്ഞിരിക്കുന്നത്. ക്രിസ്തുവന്‍റെ ഹൃദയവും മറിയത്തിന്‍റെ മാതൃഹൃദയവും പരസ്പരം ഐക്യപ്പിട്ടിരിക്കുന്നതിന്‍റെ പ്രതീകമായിരിക്കാം ഈ സവിശേഷ ചിത്രീകരണം. അമ്മയും മകനും അവരുടെ സ്നേഹം പങ്കുവയ്ക്കുന്നതുപോലെയാണത്. ഹൃദയം സ്നേഹത്തിന്‍റെ എന്നപോലെതന്നെ ആര്‍ദ്രമായ കാരുണ്യത്തിന്‍റെയും ഉറവിടമാണ്. തന്‍റെ പുത്രന്‍ ലോകത്തിനായി ചൊരിയുവാന്‍ ആഗ്രഹിക്കുന്ന സ്നേഹവും കാരുണ്യവും മറിയത്തിന്‍റെ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്നുവെന്ന് ഈ തിരുസ്വരൂപത്തിലെ അപൂര്‍വ്വ ചിത്രസംയോജനം നമ്മെ പഠിപ്പിക്കുന്നു.

മരിയ ഭക്തി ക്രിസ്തുവും അവിടുത്തെ അമ്മയും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചു വളരേണ്ടതാണ്. ഈ മാതൃ-പുത്ര അഭൗമബന്ധത്തിന്‍റെ, ദൈവീകബന്ധത്തിന്‍റെ പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതായിരിക്കണം മരിയ ഭക്തി. ഉദാഹരണത്തിന്, ഈ അമ്മയും മകനും തമ്മിലുള്ള ആഴമുള്ളതും കലവറയില്ലാത്തതുമായ സ്നേഹത്തിന്‍റെ പ്രതീകമാണ് മറിയത്തിന്‍റെ വിമലഹൃദയം. സ്വാഭിലാഷ പൂര്‍ത്തീകരണമാണ് വളര്‍ച്ചയും നേട്ടവുമെന്നത് ആധുനിക മനുഷ്യന്‍റെ സ്വാര്‍ത്ഥമായ കാഴ്ടപ്പാടാണ്. അത് സ്വാര്‍ത്ഥതയുടെ വികലമായ കാഴ്ചപ്പാടുതന്നെയാണ്. മറിയം നമുക്കു കാണിച്ചു തരുന്നത് ക്രിസ്തു-കേന്ദ്രീകൃതമായ സ്വാര്‍പ്പണത്തിന്‍റെ ത്യാഗമുള്ള സ്നേഹമാണ്.
നമുക്കറിയാം, “ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയായി നല്കുന്നു” റോമ.8, 28. സകലതും നന്മയായി മറിയത്തിലൂടെ പ്രവര്‍ത്തിച്ച ദൈവം, ഇന്നും അവിടുത്തെ മാദ്ധ്യസ്ഥ്യത്തില്‍ ലോകത്ത് നന്മ വര്‍ഷിക്കുകയും വളര്‍ത്തുകയും ചെയ്യും.
കൃപാവരത്തിന്‍റെ സ്രോതസ്സായ കുരിശ്ശില്‍ക്കിടന്നുകൊണ്ട് ക്രിസ്തു തന്‍റെ അമ്മയെ മനുഷ്യകുലത്തിന് അമ്മയായി നല്കുകയായിരുന്നു. സ്വാര്‍പ്പണത്തിന്‍റെ പരമമായ മുഹൂര്‍ത്തത്തില്‍ ക്രിസ്തു തന്‍റെ അമ്മയെ കുരിശില്‍നിന്നും നിത്യമായി നിര്‍ഗ്ഗളിക്കുന്ന കൃപാവരത്തിന്‍റെ വറ്റാത്ത ഉറവയാക്കി മാറ്റുകയായിരുന്നു. അങ്ങനെ കുരിശിന്‍ ചുവട്ടിലെ മറിയം ജീവിതയാത്രയില്‍ മനുഷ്യകുലത്തിന്‍റെ സഹയാത്രികയും സംരക്ഷകയുമായി മാറുന്നു. ‘നിത്യമായ ഭവനത്തില്‍ ഒരുനാള്‍ എത്തിച്ചേരുംവരെ ഈ ജീവിതയാത്രയിലെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും മറിയം തന്‍റെ മാതൃസ്നേഹത്താല്‍ നമ്മെ കാത്തുപരിപാലിക്കുകയും നയിക്കുകയും ചെയ്യുന്നു.’ LG 62.
ജീവിത സാഗരത്തിന്‍റെ വേലിയേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും നീന്തിനീങ്ങുമ്പോള്‍, മറിയം നമുക്കായി തന്‍റെ തിരുക്കുമാരന്‍റെ മാദ്ധ്യസ്ഥ്യം തേടുകയും അവിടുത്തെ ദിവ്യസ്നേഹത്തിന്‍റെ ശക്തി നമുക്കായി നേടിത്തരികയും ചെയ്യുന്നു.
മറിയത്തിന്‍റെ ശക്തമായ മാദ്ധ്യസ്ഥ്യത്തിലുള്ള ഉറച്ചവിശ്വാസവും അനുഭവവേദ്യമായിട്ടുള്ള നന്മകളോടുള്ള പ്രതിനന്ദിയുംമായി ഇന്നിന്‍റെ ആവശ്യങ്ങള്‍ക്കുമപ്പുറം ഉയര്‍ന്നു ചിന്തിക്കുവാന്‍ നമ്മുക്ക് സാധിക്കേണ്ടതാണ്.

ജീവിതവ്യധകളില്‍നിന്നും നമ്മെ കൈപിടിച്ചുയര്‍ത്തുന്ന
മറിയം നമ്മുടെ ഓരോരുത്തരുടെയും ക്രൈസ്തവ വിളിയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. നമ്മുടെ ജീവിതങ്ങള്‍ കരുണ്യവാനായ ദൈവത്തിന്‍റെ പിതൃസ്നേഹത്തോടുള്ള പ്രത്യുത്തരമായിരിക്കണം, എന്ന് ഒരമ്മയുടെ ലോലമായ വാത്സല്യത്തോടെ മറിയം നമുക്ക് മനസ്സിലാക്കി തരുന്നു.
മനുഷ്യന്‍റെ നന്മയും സന്തോഷവുമല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത സര്‍വ്വനന്മയായ ദൈവം, തന്‍റെ തിരുഹിതത്തോട് കലവറയില്ലാതെ എവരും സന്തോഷത്തോടെ പ്രത്യുത്തരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്, മറിയം നമ്മോടു പറയുകയാണ്. എവിടെ ദൈവമുണ്ടോ അവിടെ ഭാവിയും... നമ്മുടെ ജീവിതങ്ങള്‍ ദൈവസ്നേഹത്താല്‍ സ്പര്‍ശിക്കപ്പെടാന്‍ അനുവദിക്കുമ്പോള്‍ സ്വര്‍ഗ്ഗം നമുക്കായി തുറന്നുകിട്ടും. അങ്ങനെ നമ്മുടെ കാലഘട്ടത്തെ മറിയത്തെപ്പോലെ, ക്രിസ്തുവിന്‍റെ സുവിശേഷ വെളിച്ചത്താല്‍ പ്രശോഭിപ്പിക്കാം. അതുവഴി അനുദിന ജീവിതത്തിലെ ചെറിയകാര്യങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താനും, നമ്മുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സാധിക്കട്ടെ. ആമേന്‍.









All the contents on this site are copyrighted ©.