21 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍ ദൈവീക സാന്നിദ്ധ്യത്തിന്‍റെ സന്ദേശവുമായി ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ തന്‍റെ ജന്മനാട് ജര്‍മ്മനി സന്ദര്‍ശിക്കുന്നു. സെപ്റ്റംമ്പര്‍
22-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് ജര്‍മ്മനിയിലേയ്ക്കുള്ള തന്‍റെ അപ്പസ്തേലിക പര്യടനം
മാര്‍പാപ്പ ആരംഭിക്കുന്നത്. റോമിനു പുറത്തുള്ള കാസില്‍ ഗണ്ടോള്‍ഫോയിലെ തന്‍റെ വേനല്‍ക്കാല
വസതിയില്‍നിന്നും റോഡുമാര്‍ഗ്ഗം 9 കിലോമീറ്റര്‍ യാത്രചെയ്ത് റോമിലെ ചമ്പീനൊ വിമാനത്താവളത്തിലെത്തുന്ന
മാര്‍പാപ്പ, പ്രാദേശിക സമയം രാവിലെ 8.15-ന് അല്‍ ഇത്താലിയായുടെ പ്രത്യേക വിമാനത്തില്‍
ജര്‍മ്മനിയിലേയ്ക്ക് പുറപ്പെടുന്നത്. എവിടെ ദൈവമുണ്ടോ അവിടെ ഭാവിയുണ്ട് എന്ന ആപ്തവാക്യവുമായി
അരങ്ങേറുന്ന നാലു ദിവസം നീണ്ടുനില്ക്കുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനം, സമൂഹ്യ പ്രതിസന്ധികളുള്ള
ജര്‍മ്മനിയിലെ ജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വു പകരുന്നതുമായിരിക്കുമെന്ന്, പാപ്പായോടൊപ്പം
ജര്‍മ്മനിയിലേയ്ക്കു യാത്രചെയ്യുന്ന വത്തിക്കാന്‍ റേഡിയോയുടെ ജര്‍മ്മന്‍ ഭാഷാ വിഭാഗത്തിന്‍റെ
ഡയറക്ടര്‍ ഫാദര്‍ ബര്‍ണ്ണാര്‍ഡ് ഹാഗന്‍കോര്‍ഡ് വെളിപ്പെടുത്തി.
ജര്‍മ്മന്‍ പ്രസിഡന്‍റിന്‍റെ
ഔദ്യോഗിക ക്ഷണപ്രകാരമുള്ള ഈ സന്ദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്ന ഇനങ്ങളാണ്, പാര്‍ളിമെന്‍ററി
അംഗങ്ങളുമായുള്ള കൂടിക്കാഴ്ച, ബെര്‍ളിനിലെ ഒളിംപ്ക് സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന
സമൂഹദിവ്യബലി, ലൂതറന്‍ സഭയുടെ ആസ്ഥാനമായ ഏര്‍ഫര്‍ട്ടില്‍ ചേരുന്ന വിവിധ ക്രൈസ്തവസഭാ
തലവന്മാരുമായുള്ള കൂടിക്കാഴ്ച, ജര്‍മ്മനിയിലെ വലിയ കത്തോലിക്കാ പട്ടണമായ ആഹിസ്ഫെല്‍ഡ്
സന്ദര്‍ശനം, ഫ്രൈബൂര്‍ഗ്ഗില്‍ യുവജനങ്ങള്‍ക്കൊപ്പമുള്ള ജാഗരപ്രാര്‍ത്ഥനയും അവസാനമായി
സെപ്റ്റംമ്പര്‍ 25-ാം തിയതി ഞായറാഴ്ച, ഫ്രൈബൂര്‍ഗ്ഗ് വിമാനത്താവള മൈതാനിയില്‍ അര്‍പ്പിക്കപ്പെടുന്ന
സമൂഹ ബലിയര്‍പ്പവുമെന്ന്, വത്തിക്കാന്‍ റേഡിയോയുടെ വക്താവ് ഫാദര്‍ ഹാഗന്‍കോര്‍ഡ് വെളിപ്പെടുത്തി.
ഞായറാഴ്ച രാത്രി 9 മണിയോടെ മാര്‍പാപ്പ കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍
തിരിച്ചെത്തും.