2011-09-21 18:05:31

പാപ്പായുടെ സന്ദര്‍ശനം
ഐക്യദാര്‍ഢ്യത്തിന്‍റെ പ്രതീകം


പാപ്പായുടെ സന്ദര്‍ശനം ജര്‍മ്മനിയുടെ ഐക്യദാര്‍ഢ്യത്തിന്‍റെ പ്രതീകമെന്ന് ആര്‍ച്ചുബിഷപ്പ് ഷോണ്‍ ക്ലാവുഡ് പെരിസേ, ജര്‍മ്മനിയിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതി പ്രസ്താവിച്ചു.
വന്‍ ഭിത്തിയാല്‍ വിഭജിതമായിരുന്ന ബര്‍ളിന്‍ പട്ടണത്തില്‍ ആരംഭിച്ച്
വടക്ക് ഏര്‍ഫര്‍ട്ട്, തെക്ക് ഫ്രൈബൂര്‍ഗ്ഗ് പട്ടണങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള പാപ്പയുടെ ചതുര്‍ദിന അപ്പസ്തോലിക പര്യടനം, ഐക്യദാര്‍ഢ്യത്തിന്‍റെയും ആത്മീയ ഉണര്‍വിന്‍റെയും പ്രതീകമാണെന്ന് അര്‍ച്ചുബിഷപ്പ് ഷോണ്‍ പെരിസേ സെപ്റ്റംബര്‍ 19-ാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
ബര്‍ളിന്‍ ഭിത്തി തകര്‍ത്ത് കിഴക്കും പടിഞ്ഞാറും ജര്‍മ്മനികള്‍ പുനരൈക്യപ്പെട്ടതിന്‍റെ 21-ാം വാര്‍ഷികത്തില്‍ അരങ്ങേറുന്ന പാപ്പായുടെ സന്ദര്‍ശനം സമൂഹ്യ-ആത്മീയ തലങ്ങളില്‍ നാടിന് നവോന്മേഷം പകരുന്നതാണെന്നും ആര്‍ച്ചുബിഷപ്പ് പെരിസേ വ്യക്തമാക്കി.
ആദ്യ ദിനത്തില്‍ ജര്‍മ്മനിയിലെ ജനപ്രതിനിധികളെ ബര്‍ളിനിലെ പാര്‍ളിമെന്‍റ് മന്ദിരത്തില്‍ നേരില്‍കണ്ടുകൊണ്ട് ആരംഭിക്കുന്ന സന്ദര്‍ശന പരിപാടിക‌ള്‍ ജനങ്ങള്‍ക്ക് ക്രൈസ്തവ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘എവിടെ ദൈവമുണ്ടോ അവിടെ ഭാവിയുണ്ട്,’ എന്ന ആപ്തവാക്യം സമ്പത്തികമായും സാമൂഹികമായും പ്രതിസന്ധിയിലമര്‍ന്നിരിക്കുന്ന
ജനങ്ങള്‍ക്ക് പ്രത്യാശ പകരുമെന്ന്, ജര്‍മ്മനിയിലെ വത്തിക്കാന്‍റെ പ്രതിനിധി അഭിമുഖത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.