2011-09-19 16:38:44

ഭാരതസഭയുടെ യഥാര്‍ത്ഥ സമ്പത്ത് വിശുദ്ധമായ ജീവിതം നയിക്കുന്ന സഭാതനയര്‍ : ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


19 സെപ്റ്റംമ്പര്‍ 2011, കാസില്‍ ഗണ്‍ഡോള്‍ഫോ

അനുദിനജീവിതസാഹചര്യങ്ങളില്‍ വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ട് വിശ്വാസത്തിനു സാക്ഷൃം നല്‍കുന്ന സഭാംഗങ്ങളാണ് ഭാരതസഭയുടെ യഥാര്‍ത്ഥ സമ്പത്തെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ആദ് ലീമീന സന്ദര്‍ശനത്തിനായി റോമിലെത്തിയിരിക്കുന്ന ഇന്ത്യന്‍ മെത്രാന്‍മാരുടെ സംഘത്തിനനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പ ഇന്ത്യയിലെ കത്തോലിക്കാവിശ്വാസികളുടെ ജീവിതസാക്ഷൃത്തെ അനുമോദിച്ചത്. പത്തൊന്‍പതാം തിയതി തിങ്കളാഴ്ച കാസില്‍ഗണ്‍ഡോള്‍ഫോയിലുള്ള വേനല്‍ക്കാലവസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ സമൂഹത്തിന്‍റേയും സംസ്ക്കാരത്തിന്‍റേയും വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ ഭാരതീയ ക്രൈസ്തവര്‍ക്കു സാധിച്ചിട്ടുണ്ടെന്ന് മാര്‍പാപ്പ മെത്രാന്‍മാര്‍ക്കു നല്‍കിയ സന്ദേശത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യയിലെ കത്തോലിക്കരുടെ വിശ്വാസതീക്ഷണത രാജ്യത്തിന്‍റെ പ്രതീക്ഷാപൂര്‍ണ്ണമായ ഭാവിയുടെ അടയാളമാണെന്നും മാര്‍പാപ്പ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ ഏക ശരീരമായ സഭ ജാതിവര്‍ഗ്ഗഭേദമന്യേ ഏല്ലാവര്‍ക്കും വേണ്ടിയാണ് സേവനം നടത്തുന്നതെന്ന് മ‍െത്രാന്‍മാരെ ഓര്‍മ്മിപ്പിച്ച മാര്‍പാപ്പ ജനങ്ങളുടെ ഭാഷാപരവും സാംസ്ക്കാരീകവുമായ വൈവിധ്യങ്ങള്‍ മനസിലാക്കിക്കൊണ്ടു വേണം വൈദീകരും സന്ന്യസ്തരും അജപാലന ശുശ്രൂഷയിലേര്‍പ്പെടേണ്ടതെന്നും ഉദ്ബോധിപ്പിച്ചു. പ്രേഷിത സഭ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞുകൊണ്ട് സഭയുടെ സുവിശേഷവല്‍ക്കരണ ദൗത്യത്തില്‍ ധൈര്യപൂര്‍വ്വം മുന്നേറണമെന്ന് മാര്‍പാപ്പ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു. മതാന്തര സംവാദങ്ങള്‍ വളര്‍ത്തുവാന്‍ മെത്രാന്‍മാരെ പ്രോത്സാഹിപ്പിച്ച പാപ്പ വ്യക്തികളുടെ അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ സഭനടത്തിവരുന്ന പരിശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും അതു തുടരേണ്ടതാണെന്നും പ്രസ്താവിച്ചു.

ഇന്ത്യയില്‍ നിന്നും ആദ് ലീമിനാ സന്ദര്‍ശനത്തിനെത്തിയ മെത്രാന്‍മാരുടെ അവസാന സംഘത്തെയാണ് പത്തൊന്‍പതാം തിയതി തിങ്കളാഴ്ച മാര്‍പാപ്പ കൂടിക്കാഴ്ച്ചയ്ക്കുവേണ്ടി ക്ഷണിച്ചത്. മാര്‍ച്ച് മാസം ഇരുപത്തിയൊന്നാം തിയതി മുതല്‍ സെപ്തംബര്‍ മാസം പത്തൊന്‍പതാം തിയതി വരെ നാലുവ്യത്യസ്ഥ ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നുള്ള മെത്രാന്‍മാര്‍ ആദ് ലീമിന സന്ദര്‍ശനം നടത്തിയത്.








All the contents on this site are copyrighted ©.