2011-09-19 16:34:32

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ബ്രിട്ടണ്‍ പര്യടനത്തിന്‍റെ പ്രഥമ വാര്‍ഷികം


19 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ബ്രിട്ടണ്‍ പര്യടനത്തിന്‍റെ പ്രഥമ വാര്‍ഷികം ഇംഗ്ളണ്ടില്‍ ആഘോഷിച്ചു. 2010 സെപ്തംബര്‍ പതിനാറാം തിയതി മുതല്‍ പത്തൊന്‍പതാം തിയതി വരെയാണ് മാര്‍പാപ്പ അന്നാട്ടിലേക്കു പര്യടനം നടത്തിയത്. സന്ദര്‍ശനത്തിന്‍റെ പ്രഥമവാര്‍ഷികത്തോടനുബന്ധിച്ച് അന്നാട്ടിലെ സഭാംഗങ്ങള്‍ക്കയച്ച സന്ദേശത്തില്‍ തന്‍റെ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ഏവരേയും മാര്‍പാപ്പ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു. സുവിശേഷ സത്യത്തിന് ആനന്ദത്തോടെ സാക്ഷൃം നല്‍കാന്‍ മാര്‍പാപ്പ നടത്തിയ ആഹ്വാനത്തിലേക്കുള്ള ഒരു നവീന ക്ഷണമായിരിക്കട്ടേ സന്ദര്‍ശനത്തിന്‍റെ വാര്‍ഷികാഘോഷങ്ങളെന്ന് സന്ദേശത്തില്‍ പാപ്പ ആശംസിച്ചു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെയാണ് സന്ദേശത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

സന്ദര്‍ശത്തിന്‍റെ വാര്‍ഷികത്തോനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തില്‍ മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം അന്നാട്ടിലെ ക്രൈസ്തവസഭകളുടെ ഐക്യവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കിയെന്ന് ആംഗ്ലിക്കന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ് പ്രസ്താവിച്ചു. പാപ്പ നടത്തിയ പ്രഭാഷണങ്ങള്‍ സമകാലികലോകത്തെ സംഭവവികാസങ്ങളെ ദൈവശാസ്ത്രപരമായ വീക്ഷണത്തിലൂടെ വിലയിരുത്താന്‍ സഹായിക്കുന്നവയായിരുന്നെന്നും ആര്‍ച്ച് ബിഷപ്പ് വില്ലൃംസ് അഭിപ്രായപ്പെട്ടു. സുവിശേഷസന്ദേശത്തിന്‍റെ സാര്‍വ്വത്രീക വ്യാപ്തിക്കു റോമിലെ പരിശുദ്ധ സിംഹാസനം സാക്ഷൃം നല്‍കുന്നുവെന്ന് പാപ്പായുടെ സന്ദര്‍ശനം വെളിപ്പെടുത്തിയെന്നും കാന്‍റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.