2011-09-17 18:10:35

സുവിശേഷ പരിചിന്തനം
18 സെപ്റ്റംമ്പര്‍ 2011
മലങ്കര റീത്ത്


വിശുദ്ധ ലൂക്കായുടെ സുവിശേഷം 17, 20-37
മനുഷ്യപുത്രന്‍റെ ആഗമനവും നമ്മുടെ മദ്ധ്യേ ആയിരിക്കുന്ന ദൈവരാജ്യവും

“ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്നു ഫരിസേയര്‍ ചോദിച്ചതിന്, ക്രിസ്തു മറുപടി പറഞ്ഞു. പ്രത്യക്ഷമായ അടയാളങ്ങളോടുകൂടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്ന് ആരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്.
ഞാന്‍ നിങ്ങളോടു പറയുന്നു, തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നന്‍ അത് നഷ്ടപ്പെടുത്തും. എന്നാല്‍ തന്‍റെ ജീവന്‍ നഷ്ടപ്പെടുത്തുവന്‍ അതു നിലനിര്‍ത്തും.”

കേരളത്തില്‍ വളരെ പ്രശസ്തമായ ഭക്തിഗാനമാണ്
രാജാക്കനാമാരുടെ രാജാവേ, നിന്‍റെ രാജ്യംവരേണമേ,
നേതാക്കന്മാരുടെ നേതാവേ, നിന്‍റെ നന്മ നിറയേണമേ,
യേശുദിസ് പാടിയ ഈ ഗാനം മൂളാത്തവരുണ്ടാകില്ല.

കോട്ടയം ജോയിയുടേതാണ് ഈ സങ്കീര്‍ത്തന ശകലങ്ങളും അതിന്‍റെ ഈണവും.
ക്രിസ്തുവിനുവേണ്ടി മുഴങ്ങുന്ന സങ്കീര്‍ത്തന മാലകളില്‍ രാജാക്കന്മാരുടെ രാജവേ, എന്നൊരു വിശേഷണമുണ്ട്. ഈ ചിന്ത നമ്മുടെ മനസ്സില്‍ ഉയരുന്നാല്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാന്‍ സാധിക്കും, ദൈവമേ, അങ്ങേ രാജ്യം വരണമേ, എന്ന്.

നാമിന്ന് മനസ്സിലാക്കുന്ന തരത്തിലുള്ള രാജത്വവും അധികാരവും ക്രിസ്തുവിനുപോലും മനപ്പൊരുത്തമില്ലാത്ത ആശയമായിരുന്നു. അപ്പം വര്‍ദ്ധിപ്പിക്കല്‍ ശുശ്രൂഷയ്ക്ക് ശേഷമായിരുന്നു അത് സംഭവിച്ചത്. ഭക്ഷിച്ചു തൃപ്തരായ ജനക്കൂട്ടം ബലമായിട്ട് ക്രിസ്തുവിനെ രാജാവായി വാഴ്ത്താന്‍ ശ്രമിച്ചു. അപ്പംതന്നെയാണ് കാരണം.
അപ്പം ലഭിക്കുമെന്ന് ഉറപ്പായാല്‍ ഏതു നുകത്തിനും വിധേയനാകാന്‍ മനുഷ്യന്‍ തയ്യാറാകും. ഒരാള്‍ക്കാവും. നിങ്ങള്‍ക്ക് അപ്പം വേണോ, സ്വാതന്ത്ര്യം വേണോയെന്നൊരു തര്‍ക്കം രൂപപ്പെടുകയാണെങ്കില്‍, മനുഷ്യര്‍ സ്വാതന്ത്ര്യം അടിയറവച്ച് അപ്പത്തിനായി കേഴുമെന്ന് ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്.
തന്നെ രാജാവാക്കാന്‍ ശ്രമിച്ചവരുടെ ഉള്ളിലെ ഈ വിധേയവാസന കണ്ടിട്ടാവണം ക്രിസ്തു ബോധപൂര്‍വ്വമതില്‍നിന്നും തെന്നി മാറിയത്.
ഓരോ പ്രാവശ്യവും തന്‍റെ അടുക്കലേയ്ക്ക് ആള്‍ക്കൂട്ടമെത്തുമ്പോള്‍ അപ്പം ഭക്ഷിച്ചതുകൊണ്ടാണോ അവര്‍ ഇപ്രകാരം ആര്‍ത്തിരമ്പുന്നതെന്ന് ക്രിസ്തു വ്യസനത്തോടെ ആരാഞ്ഞിട്ടുണ്ട്.

ഒലിവു ശാഖകളുമായി ദാവീദിന്‍റെ പുത്രനെന്ന് അവിടുത്തെ നോക്കി നിലവിളിച്ചവരാകട്ടെ അത് ഒരു രാജകീയ പിന്‍തുടര്‍ച്ചയെന്നതിനെക്കാള്‍ മിശിഹാ സ്വപ്നത്തിന്‍റെ പൂവിടലായി അവിടുത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഹോസാന എന്ന വാക്കിന്‍റെ അര്‍ത്ഥം ഞങ്ങളെ രക്ഷിക്കണേ, എന്നാണ്. ഒടുവിലത്തെ ദിനങ്ങളിലാണ് രാജാവെന്ന വിശേഷണം കളിയായും കാര്യമായും ക്രിസ്തുവിന്‍റെ മേല്‍ ചാര്‍ത്തപ്പെടുന്നത്.

പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്‍റെ തലയില്‍വെച്ചു. ഒരു ചുവന്ന മേലങ്കി അവിടത്തെ അണിയിച്ചു. അവര്‍ ക്രിസ്തുവിന്‍റെ അടുത്തു വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി എന്നു പറഞ്ഞ് അവഹേളിച്ചുകൊണ്ട് പ്രഹരിച്ചു. യോഹന്നാന്‍ 19, 1-3. ദുര്‍ബലനായ ഒരാളെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നതു വഴി എല്ലാ അര്‍ത്ഥത്തിലും അവര്‍ ദുഷ്ടതയുടെ ഉത്സവങ്ങള്‍ കൊണ്ടാടുകയായിരുന്നു. ഇരയെ കൊല്ലുന്നതില്‍ മാത്രമല്ല, ഇരയെ കളിപ്പിക്കുന്നതിലും വേട്ടക്കാര്‍ക്ക് താത്പര്യമുണ്ടാകാറുണ്ടല്ലോ. യുദ്ധത്തടവുകളിലെ ക്രൂരവിനോദങ്ങളെക്കുറിച്ച് നാം കേട്ടുകാണും.

പീലോത്തോസാവട്ടെ രാജാവ് എന്ന പദത്തെ ഗൗരവാമായിട്ടാണ് എടുത്ത്. ലോകത്തിലേറ്റവും കൂടുതല്‍ ഫോബിയ അനുഭവികുന്നത് അധികാരികളാണ്. ഏതോ ഒരദൃശ്യ ശത്രുവുമായി നിഴല്‍ യുദ്ധത്തിലാണവര്‍. നിരുപദ്രവമായ നര്‍മ്മംപോലും കലാപമായവര്‍ കരുതുന്നു. ഓരോ മര്‍മ്മരവും ഗൂഢാലോചനയായി കരുതുന്നു. അധികാര ഭ്രമത്തിന്‍റെ മനുഷ്യരാണ് ഏറ്റവും വലിയ ദുര്‍ബലര്‍. ആ മര്‍മ്മം ക്രിസ്തുവിന്‍റെ വിധിയില്‍ അതി കൗശലത്തോടെ ഉപയോഗിക്കപ്പെട്ടു. ഈ മനുഷ്യന്‍ ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുകയും സീസറിന് നികുതി കൊടുക്കുന്നത് നിരോധിക്കുകയും താന്‍ രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു, ലൂക്കാ 23, 2.


വേവലാതിയോടുകൂടിയാവണം പീലാത്തോസ് ഇങ്ങനെ ചോദിച്ചത്.
നീ യഹൂദരുടെ രാജാവാണോ? ക്രിസ്തു പ്രതിവചിച്ചു.
ഇത് താങ്കള്‍ സ്വയമേ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെക്കുറിച്ച് താങ്കളോട് പറഞ്ഞതോ. പീലാത്തോസ് പറഞ്ഞു. ഞാന്‍ യഹൂദനല്ലല്ലോ,
നിന്‍റെ ജനങ്ങളും പുരോഹിത പ്രമുഖരുമാണ് നിന്നെ എനിക്കേല്‍പ്പിച്ചു തന്നത്. നീ എന്താണ് ചെയ്തത്. യേശു പറഞ്ഞു. എന്‍റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പ്പിക്കപ്പെടാതിരിക്കുവാന്‍ എന്‍റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം ഐഹികമല്ല. പീലാത്തോസ് ചോദിച്ചു. അപ്പോള്‍ നീ രാജാവാണ് അല്ലേ¬?.
യേശു പ്രതിവചിച്ചു. താങ്കള്‍ തന്നെ അതു പറയുന്നു.

ഐഹിക രാജ്യക്രമങ്ങള്‍ക്കെതിരായിരുന്നു ക്രിസ്തുവിന്‍റെ നിലപാടുകളും ദര്‍ശനവും. മണ്ണും അടിമകളും പടയോട്ടങ്ങളുമില്ലാത്ത ഒരു രാജാവിനെ നിങ്ങള്‍ക്കെങ്ങനെ സങ്കല്‍പ്പിക്കാനാവും. ക്രിസ്തുവാകട്ടെ ഒരംഗുലം മണ്ണ് ഭൂമിയില്‍ സ്വന്തമാക്കാതെ കടന്നുപോയവന്‍. പിറക്കാനിടമില്ല,
ദീര്‍ഘകാല പ്രവാസ ജീവിതം, ആദ്യം തച്ചനായും പിന്നെ അവധൂതനായുമുള്ള അല്ലെങ്കില്‍ പരിത്യക്തനായുള്ള അവിടുത്തെ സഞ്ചാരങ്ങള്‍ കരുവിക്ക് കൂടും കുറുനരികള്‍ക്ക് മാളവുമുള്ള ഭൂമിയില്‍ അവിടുത്തെ തലചായിക്കാനിടമില്ലാത്തൊരു മനുഷ്യപുത്രനായി കടന്നുപോയി. മരിച്ചടക്കാനും മറ്റൊരാളുടെ മണ്ണു വേണ്ടിവന്നു.

ഒരാളെപ്പോലും അവിടുന്ന് അടിമയാക്കിയില്ല. എന്തിന് വിഥേയരെപ്പോലും സൃഷ്ടിച്ചിട്ടില്ല. ഓരോ മനുഷ്യനും ഘോഷിക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു അവിടുത്തെ പ്രഘോഷണങ്ങള്‍. സത്യത്താല്‍ സ്വതന്ത്രമാക്കപ്പെടുന്ന മനുഷ്യരായിരുന്നു അവിടുത്തെ സ്വപ്നം. സത്യമെന്നാല്‍ വ്യക്തമായ കാഴ്ചയെന്നര്‍ത്ഥം. നാണയങ്ങളില്‍ സീസറിന്‍റെ മുദ്രയുള്ളതുകൊണ്ട് സീസറിന് അവകാശപ്പെട്ടത് സീസറിനു കൊടുക്കാനും പറഞ്ഞു. ഓരോ മനുഷ്യന്‍റെ നെഞ്ചില്‍ ദൈവത്തിന്‍റെ മേലെഴുത്തും സ്വരൂപവും ഉള്ളതുകൊണ്ട് മനുഷ്യന്‍ ദൈവത്തിനുമാത്രം അവകാശപ്പെട്ടതാണെന്ന് പഠിപ്പിച്ചു. പരസ്പരം ഗുരുവെന്നോ, പിതാവെന്നോ സംബോധന ചെയ്യരുതെന്നും, കുറേപ്പേര്‍ അവിടുത്തെ പിഞ്ചെല്ലാന്‍ ആശിച്ചപ്പോള്‍ കൃത്യമായി പറഞ്ഞതാണ് ഇക്കാര്യങ്ങള്‍. അന്ധമായ വിധേയത്വങ്ങള്‍ പോഷിപ്പിക്കുകയോ സ്വീകരിക്കുകയോ ചെയ്തില്ല. നാടു ഭരിക്കുന്ന രാജാവ് കാണാനാഗ്രിച്ച ദൂതരെ അയച്ചപ്പോള്‍, അലഞ്ഞുനടക്കുന്ന ആ തച്ചന്‍ പറഞ്ഞു. ആ കുറുക്കനോട് പറയുക, ഞാന്‍ നാളെയും പഠിപ്പിച്ചുകൊണ്ടിവിടെ ഉണ്ടാവുമെന്ന്.

ഒരു പടയോട്ടങ്ങളും നടത്തിയിട്ടില്ല. കാല്‍നടയായി സഞ്ചരിച്ച ദൂരം ഏതാണ്ട് 500 കിലോമീറ്ററോളം മാത്രം. കുതിരപ്പുറത്ത് ഒരിക്കലും സഞ്ചരിച്ചിട്ടുണ്ടാവില്ല. കഴുതപ്പുറത്ത് ഒരിക്കല്‍ സഞ്ചരിച്ചതായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സമാധാന ഉടമ്പടി ചെയ്യാനെത്തുന്ന രാജാക്കാന്മാര്‍ അക്കാലത്ത് കഴുതയുടെമേലാണ് എത്തിയിരുന്നത്. കുതിരയെത്ര പതുക്കെപ്പോയാലും മനുഷ്യന് അതിനൊപ്പം നടക്കാനാവില്ല. ഒട്ടകമായതാല്‍ അതിന് മനുഷ്യരുടെ നിലവിളി കേള്‍ക്കാനാവാത്ത ഉയരമുണ്ട്. കഴുത ഏറ്റവും വേഗത കുറഞ്ഞവരോടൊപ്പം അവരുടെ നിലവിളികളില്‍ വ്യാകുലപ്പെട്ടും, പൊള്ളിയും കൂടെനടക്കുന്നു.

എന്നിട്ടും ഐഹികമായ മുദ്രകളൊന്നും അവശേഷിപ്പിക്കാതെ പോയ
അവന്‍റെ രാജ്യത്തെ തിരച്ചറിഞ്ഞ മനുഷ്യരുണ്ടായിരുന്നു. ആ ജീവിതത്തിന്‍റെ ആദിമാദ്ധ്യാന്തങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരെ മൂന്നു വിഭാഗങ്ങളായി തിരിക്കാം. ആദ്യത്തേത് കിഴക്കുന്നിന്നു വന്ന ജ്ഞാനികളാണ്.
അറിവിനെ അതിശയിപ്പിക്കുന്ന കൃപയാണ് ജ്ഞാനം. ജന്മ നക്ഷത്രത്തിന്‍റെ പ്രഭയില്‍ അകക്കണ്ണ് തുറന്നവര്‍ പാല്‍ മണമുള്ള ഇത്തിരിപ്പോന്ന കുഞ്ഞില്‍ വരും കാലങ്ങളില്‍ ഭൂമിയെ കീഴ്പ്പെടുത്തേണ്ടയൊരാളെ തിരിച്ചറിഞ്ഞു. അവന്‍റെ പാദങ്ങളില്‍ രാജത്വത്തിന്‍റെ അടയാളമായി അവര്‍ സ്വര്‍ണ്ണം കാഴ്ചവച്ചു.

രണ്ടാമത്തെ കൂട്ടര്‍ കുഞ്ഞുങ്ങളുടെ നൈര്‍മ്മല്യവും സരളതയുമുള്ള മനുഷ്യരാണ്. അവരാണ് കഴുതപ്പുറത്തെത്തിയ ക്രിസ്തുവില്‍ പ്രവാചക വചനങ്ങളുടെ പൂര്‍ണ്ണിമ കണ്ടത്. സീയോന്‍ പുത്രിയോട് പറയുക. ഇതാ നിന്‍റെ രാജാവ് വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്ത് നിന്‍റെ അടുക്കലേയ്ക്ക് വരുന്നു. അവന്‍റെ വഴികളില്‍ അവര്‍ തങ്ങളുടെ പുറങ്കുപ്പായങ്ങള്‍ വിരിച്ചിട്ടു. വൃക്ഷങ്ങളില്‍നിന്ന് ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി അവന്‍റെ മുമ്പിലും പിമ്പിലും നടന്നവര്‍ ആര്‍ത്തുവിളിച്ചു. ദാവീദിന്‍ പുത്രനു ഹോസാന.

ഒടുവിലത്തെ നിമിഷത്തിലും അവിടുത്തെ രാജാവായി തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ഒരാളുണ്ട്. അകൃത്യങ്ങളുടെ പേരില്‍ ക്രിസ്തുവിനോടൊപ്പം കുരിശിലേറ്റപ്പെട്ടയൊരാള്‍. ഗാഢമായ മാനസാന്തര അനുഭവത്തിലേയ്ക്ക് ഉയര്‍ന്ന അയാള്‍ ക്രിസ്തുവിനെ നിന്ദിച്ചവനെ ശകാരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. നീ ദൈവത്തെ ഭയപ്പെടുന്നില്ലേ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രൃത്തികള്‍ക്ക് തക്ക പ്രതിഫലം നമുക്ക് ലഭിച്ചിരിക്കുന്നു.
ഈ മനുഷ്യന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അനന്തരം അയാള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. യേശുവേ, നീനിന്‍റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെ ഓര്‍ക്കേണമേ. എന്ന്. ചുരുക്കത്തില്‍ ക്രിസ്തുവിന്‍റെ രാജ്യത്തെ തിരിച്ചറിയണമെങ്കില്‍ നമുക്ക് ഈ മൂന്ന് അനുഭങ്ങളിലേതെങ്കിലും ഒന്നിന്‍റെ പിന്‍ബലം നമുക്ക് ആവശ്യമായിരിക്കുന്നു. ജ്ഞാനത്തിന്‍റേയോ ഹൃദയനൈര്‍മ്മല്യത്തിന്‍റെയോ ഗാഢമായ മാനസാന്തരാനുഭവത്തിന്‍റെയോ ബലം നമുക്കോരോരുത്തര്‍ക്കും ആവശ്യമാണ്.

നാം കുരിശിന്‍റെ മഹത്വീകരണ തിരുനാളും വ്യാകുലാംബികയുടെ അനുസ്മരണവും ഈ ആരാധനക്രമ ചക്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുസ്മരിക്കുകയുണ്ടായി. നന്മയുടെ പാത കുരിശിന്‍റെ വഴിയാണെന്ന് ഈ രണ്ട് അനുസ്മരണങ്ങളും നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തില്‍ കുരിശ്ശെടുക്കാതെ വിജയവും മഹത്വവും കൈവരിക്കാനാവില്ല. ദൈവം വളഞ്ഞ വരകള്‍ ഉപയോഗിച്ചു നേരെയെഴുതും എന്നൊരു ചൊല്ലുണ്ടല്ലോ. പീലാത്തോസ് ഒരു ശീര്‍ഷകമെഴുതി കുരിശിനു മുകളില്‍ സ്ഥാപിച്ചു. അത് ഇങ്ങനെയായിരുന്നു. നസ്രായനായ യേശു, യഹൂദരുടെ രാജാവ്. യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനും സമീപമായിരുന്നതിനാല്‍ യഹൂദരില്‍ പലരും ഈ ശീര്‍ഷകം വായിച്ചു. അത് ഹെബ്രായിലും, ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു. യഹൂദരുടെ പുരോഹിത പ്രമുഖര്‍ പീലാത്തോസിനോട് പറഞ്ഞു. യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവ് ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്. പീലാത്തോസ് പറഞ്ഞു. ഞാനെഴുതിയത് എഴുതി, യോഹ. 19, 19-22.
മണ്ണിനെ രക്ഷിക്കാന്‍ വിണ്ണില്‍നിന്നും താഴ്ന്നിറങ്ങിയ ദൈവപുത്രനായ ക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കാം.
നിന്‍റെ രാജ്യം വരണമേ. ക്രിസ്തുവേ, അവിടുത്തെ ചട്ടങ്ങള്‍കൊണടെന്‍റെ സ്വകാര്യജീവിതം ക്രിമപ്പെടുത്തണമേ. അവിടുത്തെ ഹിതങ്ങള്‍ എന്‍റെ ഇടറിയ ജീവിതത്തെ കീഴ്പ്പെടുത്തട്ടെ.








All the contents on this site are copyrighted ©.