2011-09-17 16:31:37

മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച


14 സെപ്തംബര്‍ 2011, ബുധനാഴ്ച

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം

സങ്കീര്‍ത്തനം 22 :പരിത്യക്തന്‍റെ രോദവും പ്രത്യാശയും

ദൈവം തന്നെ പരിത്യജിച്ചുവെന്നു കരുതുന്ന ഒരാളുടെ ഹൃദയസ്പര്‍ശിയായ രോദനവും പ്രാര്‍ത്ഥനയുമാണ് ഈ സങ്കീര്‍ത്തനം, തന്നെ പീഡിപ്പിക്കുന്ന ശത്രുക്കളാല്‍ വളയപ്പെട്ടിരിക്കുന്ന സങ്കീര്‍ത്തകന്‍ രാവും പകലും ഇടതടവില്ലാതെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. പക്ഷെ ദൈവം നിശബ്ദത പാലിക്കുകയാണെന്ന് അയാള്‍ക്കു തോന്നുന്നു, ഈ സങ്കീര്‍ത്തനത്തിലെ പ്രഥമ വാക്യമാണ് കുരിശില്‍ കിടന്നുകൊണ്ട് പിതാവിനെ വിളിച്ചപേക്ഷിക്കുന്ന യേശുവിന്‍റെ അധരത്തില്‍ നിന്നു പുറപ്പെടുന്നതെന്ന് വി.മത്തായിയുടേയും വി.മാര്‍ക്കോസിന്‍റേയും സുവിശേഷങ്ങളില്‍ വിവരിക്കുന്നു, ശത്രുക്കള്‍ യേശുവിനെ പരിഹസിക്കുകയും അവിടുത്തെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുകയും ചെയ്യുമ്പോള്‍ യേശുവും ക്രൂരമായ വിധിക്ക് വിട്ടുകൊടുക്കപ്പെട്ടിരിക്കുകയാണെന്ന് തോന്നും.
ഇസ്രായേലിലെ പിതാക്കന്മാര്‍ പ്രതിസന്ധികളുടെ കാലത്ത് ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവിടുത്തെ സഹായം വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്കുത്തരം നല്‍കിയെന്ന് സങ്കീര്‍ത്തകന്‍ അനുസ്മരിക്കുന്നു. തന്‍റെ ജീവിതാരംഭത്തില്‍ കര്‍ത്താവ് വാല്‍സല്യപൂര്‍വ്വം തന്നെ കാത്തുസംരക്ഷിച്ചതെങ്ങനെയെന്നും സങ്കീര്‍ത്തകന്‍ ഓര്‍ക്കുന്നുണ്ട്. ആദ്യം മാതാവിന്‍റെ ഉദരത്തിലും പിന്നെ മാതാവിന്‍റെ കരങ്ങളിലും തന്നെ കാത്തു സംരക്ഷിച്ച ദൈവം പക്ഷെ ഇപ്പോള്‍ പതിവില്ലാത്തവിധം അകന്നു നില്‍ക്കുന്നതുപോലെ തോന്നുന്നു, ഇപ്രകാരമുള്ള പ്രതികൂല സാഹചര്യങ്ങളിലും സങ്കീര്‍ത്തകന് കര്‍ത്താവില്‍ വിശ്വാസവും പ്രത്യാശയുമുണ്ട്. എല്ലാ ജനതകളുടേയും മുമ്പില്‍ അവിടുത്തെ നാമം പ്രഘോഷിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിന്‍റെ ഒരു കുറിപ്പോടെയാണ് സങ്കീര്‍ത്തനം സമാപിക്കുന്നത്. കുരിശിന്‍റെ നിഴല്‍ ഉയര്‍പ്പിന്‍റെ മഹോന്നതമായ പ്രത്യാശയിലേക്കു വഴിനല്‍കുന്നു. മരണത്തിനുമേല്‍ വിജയം നേടി നിത്യജീവന്‍ ദാനമായി നല്‍കുന്ന രക്ഷകനായ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നാം അവിടുത്തെ വിളിച്ചപേക്ഷിക്കേണ്ടത്.








All the contents on this site are copyrighted ©.