2011-09-17 16:34:53

പ്രത്യാശയുടെ സന്ദേശവുമായി പാപ്പായുടെ ജര്‍മന്‍ പര്യടനം – ഫാദര്‍ ലൊംബാര്‍ദി


17 സെപ്റ്റംമ്പര്‍ 2011, റോം

ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യാശയുടെ സന്ദേശവുമായാണ് മാര്‍പാപ്പ ജര്‍മനിയിലേക്കു സന്ദര്‍ശനം നടത്തുന്നതെന്ന് ഫാദര്‍ ലൊംബാര്‍ദി. മാര്‍പാപ്പയുടെ ഇരുപത്തൊന്നാം വിദേശ പര്യടനത്തിന് ഒരുക്കമായി വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി. പാപ്പയുടെ സന്ദര്‍ശനലക്ഷൃംതന്നെ വെളിപ്പെടുത്തുന്നതാണ് “ദൈവം എവിടെയുണ്ടോ, അവിടെ ഭാവിയുണ്ട്” എന്ന ആപ്തവാക്യമെന്ന് ഫാദര്‍ ലൊംബാര്‍ദി അഭിപ്രായപ്പെട്ടു. ദൈവത്തിനു ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കികൊണ്ട് ഈലോകപ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ വ്യക്തികള്‍ക്കു ധൈര്യം പകരാന്‍ പാപ്പയുടെ സന്ദര്‍ശനത്തിനു സാധിക്കുമെന്നും വത്തിക്കാന്‍ ടെലിവിഷന്‍റെയും റേഡിയോയുടേയും ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊംബാര്‍ദി പ്രസ്താവിച്ചു.
മനുഷ്യജീവിതത്തില്‍ സര്‍വ്വപ്രധാനമായ കാര്യങ്ങളെക്കുറിച്ചായിരിക്കും പാപ്പ പ്രഭാഷണങ്ങളില്‍ പരാമര്‍ശിക്കുന്നതെന്ന് പതിനേഴാം തിയതി ശനിയാഴ്ച വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യപരിപാടിയായ ഒക്ടാവാ ദിയെസില്‍ ഫാദര്‍ ലൊംബാര്‍ദി സൂചിപ്പിച്ചു. മനുഷ്യാന്തസിന് ഗണനീയമായ ഒരു ലോകം നിര്‍മ്മിക്കുന്നതിന് വ്യക്തികളും വിശ്വാസികളുമെന്ന നിലയില്‍ നാം പരിശ്രമിക്കേണ്ടതെങ്ങനെയാണെന്ന് മാര്‍പാപ്പയോടൊപ്പം വിചിന്തനം നടത്താനുള്ള അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.