2011-09-16 19:54:09

കര്‍ദ്ദിനാള്‍ ഡമാഷീന്
പാപ്പായുടെ
ജൂബിലി ആശംസകള്‍


16 സെപ്റ്റംമ്പര്‍ 2011, ബ്രസീല്‍
ബ്രസീലിലെ കര്‍ദ്ദിനാള്‍ ഡമാഷീന്‍ അസ്സീസിന്‍റെ സേവനങ്ങളെ മാര്‍പാപ്പ അഭിനന്ദിച്ചു.
ബ്രസീസിലെ അപ്പരെസീദാ അതിരൂപാതാദ്ധ്യക്ഷനും, ദേശിയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഡമാഷീന്‍റെ മെത്രാഭിഷേക സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് അയച്ച സന്ദേശത്തിലാണ് മതബോധനം, ആരാധനക്രമം, ഉപവി പ്രവര്‍ത്തനം എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്‍റെ വിശിഷ്ടമായ സേവനങ്ങളെ പാപ്പ അഭിനന്ദിച്ചത്.
ബ്രസീലിലെ മരിയാന രൂപതയില്‍നിന്നുമുള്ള അദ്ദേഹം രക്ഷാകര സത്യങ്ങള്‍ വിശ്വസ്തതയോടെ പ്രഘോഷിക്കുന്നതിലും കൂദാശകള്‍ ശ്രദ്ധാപൂര്‍വ്വം പരികര്‍മ്മംചെയ്യുന്നതിലും വൈദികനായിരുന്നപ്പോള്‍ പ്രകടിപ്പിച്ച അതീവ ശുഷ്ക്കാന്തി പരിഗണിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 1986-ല്‍ അദ്ദേഹത്തെ ബ്രസീലിയായിലെ സഹായ മെത്രാനായി വാഴിച്ചത്.
2004-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ പരിശുദ്ധ കന്യകാനാഥയുടെ വിഖ്യാതമായ ദേശീയ തീര്‍ത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്ന അപ്പരെസീദാ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയോഗിച്ചു. സുവിശേഷം തീക്ഷണതയോടും വിശ്വസ്തയോടുംകൂടെ പ്രഘോഷിക്കാനുള്ള അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ പാടവവും തീക്ഷ്ണതയും പരിഗണിച്ച് 2010-ല്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയാണ് ആര്‍ച്ചുബിഷപ്പ് ഡമാഷീനെ
കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. സെപ്റ്റംമ്പര്‍ 15-ാം തിയതി വ്യാഴാഴ്ച ബ്രസീലിലെ അപ്പരെസീദാ കത്തീദ്രല്‍ ദേവാലയത്തില്‍, സമൂഹബലിയര്‍പ്പണത്തോടെ നടത്തപ്പെട്ട ജൂബിലി ആഘോഷച്ചടങ്ങില്‍, മാര്‍പാപ്പയുടെ സന്ദേശം പരസ്യമായി വായിക്കുകയുണ്ടായി.








All the contents on this site are copyrighted ©.