2011-09-12 17:21:03

സമാധാനം ഒരു ദാനവും ദൗത്യവും – മാര്‍പാപ്പ


12 സെപ്തംബര്‍ 2011, മ്യൂണിക്ക്
സമാധാനപൂര്‍ണ്ണമായ സഹജീവനം ഒരു ദാനവും ദൗത്യവുമാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. കത്തോലിക്കാ സംഘടനയായ സാന്‍ ഇജിഡിയോയുടെ ആഭിമുഖ്യത്തില്‍ മ്യൂണിക്കില്‍ നടക്കുന്ന മത - സാംസ്ക്കാരീക സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് സമാധനപൂര്‍വ്വം ഒരുമിച്ചു ജീവിക്കാന്‍ മതങ്ങള്‍ നല്‍കുന്ന സംഭാവനകളേയും അവയുടെ ഉത്തരവാദിത്വത്തേയും കുറിച്ചു പാപ്പ പരാമര്‍ശിച്ചത്. സമ്മേളനത്തിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് മ്യൂണിക്ക് - ഫ്രീസിങ്ങ് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ റെയ്നാര്‍ഡ് മാക്സിനയച്ച സന്ദേശത്തില്‍ സമാധാനപൂര്‍വ്വമായ സഹജീവനം ഏതെങ്കിലും ഒരു പ്രദേശത്തുമാത്രമല്ല ലോകമെങ്ങും ദര്‍ശിക്കപ്പെടേണ്ടതാണെന്നും പാപ്പ ഓര്‍മിപ്പിച്ചു. ദൈവമനുഷ്യ ബന്ധത്തില്‍ കേന്ദ്രീകൃതമായ മതങ്ങള്‍ സമാധാനസ്ഥാപനവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനെ ദൈവസന്നിദ്ധിയിലേക്കുയര്‍ത്തുമ്പോള്‍ മതങ്ങള്‍ സമാധാനത്തിന്‍റെ ശക്തിയായി മാറുന്നു. മറിച്ച് മതം മനുഷ്യന്‍റെ ആസ്തിയായി മാറുമ്പോള്‍ അത് സമാധാനം ഇല്ലാതാക്കുമെന്നും പാപ്പ മുന്നറിയിപ്പു നല്‍കി. കുടിയേറ്റം, ആഗോളവല്‍ക്കരണം, സാമ്പത്തീക മാന്ദ്യം, സൃഷ്ടിയുടെ പരിപാലനം തുടങ്ങി മാനവസമൂഹം നേരിടുന്ന അനേകം വെല്ലുവിളികള്‍ ഇന്നുണ്ട്. ഇപ്രകാരമുള്ള വെല്ലുവിളികളെക്കുറിച്ചു മനസിലാക്കിക്കൊണ്ട് നമുക്കു ചുറ്റുമുള്ള സാഹചര്യങ്ങളില്‍ സമാധാനം വളര്‍ത്താന്‍ നിരന്തരം പ്രയത്നിക്കണമെന്ന് പാപ്പ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. സമകാലികലോകത്തിനു അനുയോജ്യമായ നവീന മാര്‍ഗ്ഗങ്ങള്‍ സമാധാനസ്ഥാപനത്തിനുവേണ്ടി കണ്ടെത്താന്‍ മ്യൂണിക്കിലെ മതാന്തരസംവാദസമ്മേളനത്തിനും ഇതര സമാനസമ്മേളനങ്ങള്‍ക്കും സാധിക്കട്ടേയെന്നും മാര്‍പാപ്പ ആശംസിച്ചു.








All the contents on this site are copyrighted ©.