2011-09-08 20:29:23

പ്രതിസന്ധികളില്‍
സമാശ്വാസമാകുന്ന
പാപ്പായുടെ സന്ദര്‍ശനം


8 സെപ്റ്റംമ്പര്‍ 2011
മാര്‍പാപ്പയുടെ ആസന്നമാകുന്ന ജര്‍മ്മനി സന്ദര്‍ശനം ആത്മീയ ഉണര്‍വ്വുപകരുന്ന ചരിത്രസംഭവവും, ഒപ്പം വെല്ലുവിളിയുമാണെന്ന്,
ഫാദര്‍ ബര്‍നാഡ് ഹാഗന്‍കോര്‍ഡ്, വത്തിക്കാന്‍ റേഡിയോ ജര്‍മ്മന്‍ വിഭാഗത്തിന്‍റെ മേധാവി വെളിപ്പെടുത്തി.
സെപ്റ്റമ്പര്‍ 22 മുതല്‍ 25 വരെ തിയതികളിലാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ ജന്മനാടായ ജര്‍മ്മനി സന്ദര്‍ശിക്കുന്നത്.
മതനിരപേക്ഷതയും വിവാദങ്ങളും വളര്‍ന്ന് വിശ്വാസ ജീവിതത്തിന്
മങ്ങലേറ്റ ജര്‍മ്മനിയിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനം വെല്ലുവിളി നിറഞ്ഞതാണെന്നും ഈശോ സഭാ വൈദികനായ ഫാദര്‍ ഹാഗന്‍കോര്‍ഡ് ചൂണ്ടിക്കാട്ടി. കുട്ടികളുടെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വളര്‍ന്ന് സഭാ വിദ്വേഷം രാജ്യത്ത് ആളിനില്ക്കുന്ന അന്തരീക്ഷത്തിലാണ് മാര്‍പാപ്പ ജന്മനാടു സന്ദര്‍ശിക്കുന്നതെന്നും, എന്നാല്‍ പ്രതിസന്ധികളില്‍ സമാശ്വാസവും ജനങ്ങള്‍ക്ക് ആത്മീയോന്മേഷവും പകരുവാന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്നും ഫാദര്‍ ഹാഗന്‍കോര്‍ഡ് പ്രത്യാശപ്രകടിപ്പിച്ചു.

തലസ്ഥാന നഗരമായ ബര്‍ളിനില്‍ ആരംഭിക്കുന്ന പാപ്പായുടെ ചതുര്‍ദിന സന്ദര്‍ശനം ഏദ്സെല്‍ബാഹ്, ഏര്‍ഫോര്‍ട്ട്, ഫ്രൈബൂര്‍ഗ്ഗ്, ടെയ്ഗേല്‍, ബൂണ്‍ഡെസ്റ്റാഗ് എന്നീ പട്ടണങ്ങള്‍ ഉള്‍പ്പെടുന്നതാണ്.
സ്ഥാനാരോഹണത്തിനുശേഷം ജര്‍മ്മനിയിലേയ്ക്കുള്ള മാര്‍പാപ്പയുടെ മൂന്നാമത്തെ അപ്പസ്തോലിക സന്ദര്‍ശനവും 23-ാമത്തെ അന്തര്‍ദേശിയ പര്യടനവുമാണിത്.








All the contents on this site are copyrighted ©.