2011-09-07 18:57:34

വത്തിക്കാന്‍
കുറവുകള്‍
അംഗീകരിക്കുന്നു


7 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍
കുട്ടികളുടെ ലൈംഗിക പീഡനം സംബന്ധിച്ച് ചൂണ്ടിക്കാണിക്കപ്പെട്ട വിമര്‍ശനങ്ങള്‍ പരിശുദ്ധ സിംഹാസനം എളിമയോടെ സ്വീകരിക്കുന്നുവെന്ന്, അയര്‍ലണ്ട് സര്‍ക്കാരിന് വത്തിക്കാന്‍ മറുപടി നല്കി.
അയര്‍ലണ്ടിലെ ക്ലോയ്നേ രൂപതയില്‍ വൈദികര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഔദ്യോഗിക റിപ്പോര്‍ട്ടിന് സെപ്റ്റംമ്പര്‍ 3-ാം തിയതി ശനിയാഴ്ച വത്തിക്കാന്‍ നല്കിയ മറുപടിയിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.
അയര്‍ലണ്ടിലെ സഭയ്ക്ക് സത്യത്തിന്‍റെയും നവീകരണത്തിന്‍റെയും വിശുദ്ധീകരണത്തിന്‍റെയും ദുര്‍ഘടമായ പാതയില്‍ ഒരാദ്യപടിയാണ് ക്ലോയ്നേ റിപ്പോര്‍ട്ടിന്‍റെ പ്രസിദ്ധീകരണമെന്നും, തെറ്റായ ആരോപണങ്ങള്‍ സഭ നിഷേധിക്കുമ്പോഴും, സഹാനുഭാവത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും അരൂപിയില്‍ പരിശുദ്ധ സിംഹാസനം അതില്‍ പങ്കുചേരുന്നുവെന്നും വത്തിക്കാന്‍റെ മറുപടി വ്യക്തമാക്കി. സംഭവിച്ച കുറ്റകൃത്യങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിനുള്ള അതിയായ വേദന ആവര്‍ത്തിച്ച് ഏറ്റുപറയുന്നതു കൂടാതെ, കാനോന്‍ നിയമവും ഇതു സംബന്ധിച്ച സഭയുടെ മറ്റ് അനുശാസനങ്ങളും, ഇത്തരം സംഭവങ്ങള്‍ക്കെതിരെ ആയര്‍ലണ്ടില്‍ മാത്രമല്ല, ആഗോളതലത്തില്‍ സഭയും രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും സഹകരണവും പുനര്‍സ്ഥാപിക്കുന്നതിനും, ലൈഗീക പീഡന തിന്മയെ ഫലവത്തായി നേരിടുന്നതിന് സഹായകമാകുമെന്നും വത്തിക്കാന്‍റെ മറുപടി പ്രത്യാശ പ്രകടിപ്പിച്ചു. അയര്‍ലണ്ടിലെ സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം വത്തിക്കാന്‍ തയ്യാറാക്കിയ മറുപടി, ആയര്‍ലണ്ടിന്‍റെ പ്രതിനിധി ഹെലേനാ കെലഹര്‍ക്ക് സെപ്റ്റംമ്പര്‍ 3-ാം തിയതി ശനിയാഴ്ചയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് ഔദ്യോഗികമായി കൈമാറിയത്.









All the contents on this site are copyrighted ©.