2011-09-05 17:00:24

ബിഷപ്പ് പീറ്റര്‍ തുരുത്തിക്കോണം സഭയ്ക്കും സമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ ത്യാഗോജ്ജ്വലം – കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി


5 സെപ്റ്റംമ്പര്‍ 2011, കൊച്ചി

വിജയപുരം രൂപതയുടെ മുന്‍അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. പീറ്റര്‍ തുരുത്തിക്കോണം, കഠിനാധ്വാനിയായ ഒരു സഭാധ്യക്ഷനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നുവെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി. ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ ദളിതര്‍ക്കുവേണ്ടിയുള്ള സമിതിയുടെ അദ്ധൃക്ഷനായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അക്കാലയളവില്‍ നയിച്ച ജനമുന്നേറ്റങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാക്കിയെന്നും അദ്ദേഹത്തിന്‍റെ വിയോഗത്തിന്‍ അനുശോചിച്ചുകൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി അനുസ്മരിച്ചു. 1988 മുതല്‍ 2006 വരെ വിജയപുരം രൂപതയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. വിജയപുരം രൂപതയുടെ കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ജനസമൂഹത്തിന്‍റെ ആദ്ധ്യാത്മീകവും വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തീകവുമായ സുസ്ഥിതിക്കായി ബിഷപ്പ് തുരുത്തിക്കോണം നിതാന്തം പരിശ്രമിച്ചുവെന്നും. ഔദ്യോഗിക സേവനത്തില്‍ നിന്നും വിരമിച്ചതിനു ശേഷവും തന്‍റെ സമയവും കഴിവും അതിനുവേണ്ടി തന്നെ അദ്ദേഹം ഉപയോഗിച്ചുവെന്നും കെ.സി.ബി.സി അനുസ്മരിച്ചു. ദൈവ സ്നേഹം കൊണ്ടും പരസ്നേഹ പ്രവര്‍ത്തികള്‍ കൊണ്ടും ധന്യമായ അഭിവന്ദ്യ തുരുത്തിക്കോണം പിതാവിന്‍റെ ദേഹവിയോഗം കേരള കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും നികത്താനാവാത്ത വിടവാണെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ബിഷപ്പ് ഡോ. പീറ്റര്‍ തുരുത്തിക്കോണം വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് സെപ്തംബര്‍ അഞ്ചാം തിയതി പുലര്‍ച്ചെ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. സംസ്ക്കാര ശുശ്രൂഷകള്‍ ആറാം തിയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു വിമലഗിരി കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കും.
ബിഷപ്പ് ഡോ. പീറ്റര്‍ തുരുത്തിക്കോണം 1929 ഓഗസ്ററ് ഒന്നിനു തിരുവല്ല വള്ളംകുളം തുരുത്തിക്കോണത്ത് ജോസഫ്- മേരി ദമ്പതികളുടെ മകനായി ജനിച്ചു. തിരുവല്ലയില്‍ ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ആലുവായിലെ മംഗലപ്പുഴ സെമിനാരിയില്‍ വൈദീക പഠനത്തിനായി ചേര്‍ന്നു, 1959ല്‍ വൈദീകപട്ടം സ്വീകരിച്ചു. വിവിധ ഇടവകളില്‍ സേവനമനുഷ്ഠിച്ചതിനു പുറമേ രൂപതയുടെ ചാന്‍സലര്‍, പ്രോ.വികാരി ജനറാള്‍ എന്നീ സ്ഥാനങ്ങളില‍ും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിജയപുരം രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ 1987ല്‍ വരാപ്പുഴ അതിരൂപതാധ്യക്ഷനായി നിയമിതനായപ്പോള്‍ മോണ്‍.പീറ്റര്‍ വിജയപുരം രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി. 1988ല്‍ വിജയപുരം രൂപതയുടെ മെത്രാനായി നിയമിതനായ അദ്ദേഹത്തിന്‍റെ മെത്രാഭിഷേകചടങ്ങുകള്‍ 1988 ഓഗസ്ററ് നാലിന് വിമലഗിരി കത്തിഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്നു. 2006ല്‍ ഔദ്യോഗിക സേവനത്തില്‍ നിന്നു വിരമിച്ച അദ്ദേഹം കോട്ടയത്തു വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.








All the contents on this site are copyrighted ©.