2011-09-03 18:06:30

സുവിശേഷപരിചിന്തനം -
4 സെപ്തംമ്പര്‍ 2011 ഞായര്‍
സീറോ മലബാര്‍ റീത്ത്


വിശുദ്ധ ലൂക്കാ 17, 11-19 പത്തു കുഷ്ഠരോഗികള്‍

ലോകത്തിന്‍റെ പൂര്‍ണ്ണ സൗഖ്യമായിരുന്നു ക്രിസ്തുവിന്‍റെ സ്വപ്നം. അവിടുത്തേയ്ക്ക് അത് ശരീരിവുമായി മാത്രം ബന്ധപ്പെട്ട ഒന്നായിരുന്നില്ല. മനുഷ്യന്‍റെ എല്ലാ തലങ്ങളിലും തരത്തിലുമുള്ള അന്തസ്സ് വീണ്ടെടുക്കുയായിരുന്നു ക്രിസ്തുവിന്‍റെ സൗഖ്യദാന ലക്ഷൃമെന്ന് ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നു. ജരൂസലേമിലേയ്ക്കു യാത്രയായ ക്രിസ്തു സമറിയായ്ക്കും ഗലീലിയായ്ക്കും മദ്ധ്യേകൂടി കടുന്നുപോകുകയായിരുന്നു. ആ സമയത്ത് പത്തു കൂഷ്ഠരോഗികള്‍ അവിടുത്തെ കണ്ടു. അവര്‍ ദൂരെനിന്നുകൊണ്ട് ഈശോയുടെ കാരുണ്യത്തിനായി കേണപേക്ഷിച്ചു. ഈശോ അവരുടെ അപേക്ഷ ചെവിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, “പോയി നിങ്ങളെത്തന്നെ പുരോഹിതന്മാരെ കാണിക്കുവിന്‍.” അവര്‍ക്കു സൗഖ്യം ലഭിക്കുന്നത് എങ്ങിനെയെന്നോ, എന്തുകാരണം കൊണ്ടെന്നോ ക്രിസ്തു വെളിപ്പെടുത്തുന്നില്ല. അവിടുന്ന് അവരെ സ്പര്‍ശിക്കുകയോ, എന്തെങ്കിലും ചെയ്യുവാന്‍ കല്പിക്കുകയോ ചെയ്യുന്നുമില്ല. അവരുടെ വിശ്വാസത്തിന്‍റെ ആഴം മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുവാന്‍ വേണ്ടിയായിരിക്കാം, അവരെ പുരോഹിതന്മാരുടെ പക്കലേയ്ക്ക് പറഞ്ഞയക്കുന്നത്. പോകുംവഴി അവര്‍ സൗഖ്യംപ്രാപിച്ചു. പരോഹിതന്മാരുടെ അടുക്കലേയ്ക്കു പോകുവാനുള്ള കല്പന അവരില്‍ പലതരം വികാരങ്ങള്‍ ഉണര്‍ത്തിയിരിക്കണം. മറ്റൊന്നും പറയാതെയും ചെയ്യാതെയും തങ്ങളെ പറഞ്ഞു വിട്ടത് ഒരു പക്ഷേ അവരില്‍ അസംതൃപ്തിയും ഉണര്‍ത്തിയിരിക്കാം, ചിലരിലെങ്കിലും.

ആചാരപ്രകാരം രോഗം ഭേദമായവര്‍ പുരോഹിതന്മാരെക്കണ്ടു സാക്ഷൃപ്പെടുത്തണമെന്നത് സമുദായ നിയമായിരുന്നു. ഏതായായലും അവര്‍ ക്രിസ്തുവിന്‍റെ വാക്കുകളില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുകയും വഴിമദ്ധ്യേ സുഖംപ്രാപിക്കുകയും ചെയ്തു.
ഇവിടെ തീരാവ്യധകളുടെ ശമനവും സൗഖ്യവും മാത്രമല്ല, ഏതൊരു ആരാധനാ സമൂഹത്തില്‍നിന്നാണോ അവര്‍ പുറംതള്ളപ്പെട്ടത്, അതിലേയ്ക്ക് അവര്‍ പുനഃപ്രവേശിക്കപ്പെടുകയുമാണ്, ഇതുവഴി. ഭ്രഷ്ട് കല്പിച്ച സമൂഹത്തിലേയ്ക്കുതന്നെ അവര്‍ പുനരധിവസിക്കപ്പെടണം, എന്നത് ക്രിസ്തുവിന്‍റെ നിഷ്ക്കര്‍ഷയായിരിക്കാം.

മനുഷ്യന്‍റെ പൂര്‍ണ്ണ ശ്രേഷ്ഠത വീണ്ടെടുക്കുകയായിരുന്നു അവിടുത്തെ ലക്ഷൃം. ശരീരം അവടുത്തേയ്ക്ക് ദേവാലയമാണ്. ഈ ദേവാലയം നിങ്ങള്‍ നശിപ്പിക്കുക. മൂന്നു ദിവസത്തിനകം ഞാനത് പുനരുദ്ധരിക്കും. അവര്‍ക്കത് വിശ്വാസ്യമായിരുന്നില്ല. അവിടുന്ന് തന്‍റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ് ഇതു പറഞ്ഞത്. യോഹം. 2, 18-20. വീണ്ടും ക്രിസ്തു പറയുന്നുണ്ട്, രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചുകൂടുമ്പോള്‍ ഞാന്‍ അവരുടെ മദ്ധ്യേ ഉണ്ടായിരിക്കും, എന്നു ക്രിസ്തു പറയുന്നുണ്ട്. കല്ലുകള്‍ ചേര്‍ത്തുവച്ചല്ല കരങ്ങള്‍ കോര്‍ത്തുപിടിച്ചാണ് ദേവാലയങ്ങള്‍ രൂപപ്പെടേണ്ടതെന്നും ക്രിസ്തു പഠിപ്പിക്കുന്നു. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ദൈവവിചാരമാണ് ആരോഗ്യകരമായ ആത്മീയതയെന്നും അവിടുന്ന് ഉദ്ബോധിപ്പിക്കുന്നു.

പഴയ നിയമത്തില്‍ രാജാക്കന്മാരുടെ രണ്ടാം പുസ്തകം അഞ്ചാം അദ്ധ്യായത്തില്‍ ഇന്നത്തെ സുവിശേഷത്തോടു വളരെ സാമ്യമുള്ള ഒരു സംഭവം നമുക്കു കാണാം. സീറിയാ രാജാവിന്‍റെ സൈന്യാധിപനായിരുന്ന നാമാന്‍ കുഷ്ഠരോഗ ബാധിതനായിത്തീരുന്നു. ഇസ്രായേലിലെ പ്രവാചകന്‍റെ അടുക്കല്‍ ചെന്നാല്‍ സൗഖ്യംപ്രാപിക്കാം എന്നറിഞ്ഞ് അദ്ദേഹം അങ്ങോട്ടു പുറപ്പെട്ടു സമറിയായില്‍ ഏലീശാ പ്രവാചകന്‍ ജീവിച്ചിരുന്ന കാലമായിരുന്നു അത്. ഏലീശാ നാമാനോട് ഇങ്ങനെ കല്പിച്ചു, “പോയി ജോര്‍ദ്ദാനില്‍ ഏഴുപ്രാവശ്യം കുളിക്കുക, അപ്പോള്‍ സുഖം പ്രാപിക്കും.” ഇതുകേട്ട് നാമാന്‍ കുപിതനായി. നാമാന്‍ പറഞ്ഞു, ഏലീശാ ഇറങ്ങി വന്ന് ദൈവമായ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുമെന്ന് ഞാന്‍ വിചാരിച്ചു. സിറിയായിലെ നദികള്‍ ഇസ്രായേലിലെ നദികളേക്കാല്‍ ശ്രേഷ്ഠമല്ലേ. നാമാന്‍ തിരികെ പോകാന്‍ ഒരുങ്ങി. എന്നാല്‍ ഭൃത്യന്മാര്‍ നാമാനോടു പറഞ്ഞു. പ്രവാചകന്‍ ഭാരിച്ച ഒരു കാര്യമാണ് ചെയ്യാന്‍ പറഞ്ഞതെങ്കില്‍ അങ്ങ് ചെയ്യുമായിരുന്നില്ലേ. എങ്കില്‍ കുളിച്ചു ശുദ്ധനാകുക എന്നു പറഞ്ഞത് താല്പര്യത്തോടെ ചെയ്യേണ്ടതല്ലേ. ഇതുകേട്ട് നാമാന്‍ മനസ്സുതിരഞ്ഞ് ജോര്‍ദ്ദാനില്‍ ചെന്ന് ഏഴുപ്രാവശ്യം കുളിച്ചു. കുളി കഴിഞ്ഞ് പുറത്തുവന്ന നാമാന്‍ പരിപൂര്‍ണ്ണസൗഖ്യം പ്രാപിച്ചിരുന്നു. നാമാന്‍റെ വിശ്വാസം അങ്ങനെ പരീക്ഷിക്കപ്പെടുകയും അദ്ദേഹം ശുദ്ധനാവുകയും ചെയ്തു.

ജീവിത സാഹചര്യങ്ങളില്‍ ദൈവം വളരെ സാധാരണമായ കാര്യങ്ങളിലൂടെയാണ് നമ്മെ നയിക്കുകയും, തന്‍റെ വഴികള്‍ നമ്മെ അറിയിക്കുകയും നമുക്കായി തന്നെത്തന്നെ വെളിപ്പെടുത്തി തരുകയും ചെയ്യുന്നത്. നാം പ്രത്യേക ദൈവിക വെളിപാടുകളെ നോക്കിയിരുന്നാല്‍, അവ ഉണ്ടാകണമെന്നില്ല. കുഷ്ഠരോഗികള്‍ ക്രിസ്തു പറഞ്ഞ നിസ്സാരകാര്യം ശ്രദ്ധിക്കാതെ പോയിരുന്നെങ്കില്‍ അവര്‍ സമൂഹത്തില്‍ പുറംതള്ളപ്പെട്ടവരായി, അവരുടെ രോഗാവസ്ഥയില്‍ത്തന്നെ എന്നും കഴിയേണ്ടി വരുമായിരുന്നു. നാമാന്‍ ഏലീശാ പ്രവാചകന്‍ പറഞ്ഞ നിസ്സാരകാര്യം ചെയ്യാതെ കുപിതനായി മടങ്ങിയിരുന്നെങ്കില്‍, അയാളും തന്‍റെ രോഗത്തില്‍നിന്നും മുക്തി നേടുകയില്ലായിരുന്നു. ദൈവം തന്‍റെ വഴികള്‍ നമ്മെ അറിയിക്കുന്നതും തന്നെത്തന്നെ വെളിപ്പെടുത്തുന്നത് തികച്ചും സാധാരണാമായ സംഭവങ്ങളിലൂടെയായിരിക്കാം. എന്നാല്‍ നമുക്ക് അതു മനസ്സിലാകണമെങ്കില്‍ നമ്മുടെ ജീവിതത്തിലെ എല്ലാ നിമിഷത്തിലും ദൈവത്തിന്‍റെ പരിപാലനയുടെ കരം കാണാനുള്ള വിശ്വാസം നമുക്കുണ്ടാകണം. വിശ്വാസജീവിതത്തിന്‍റെ തുടക്കം ഇവിടെയാണ്.

സുവിശേഷത്തിലെ 10 രോഗികളും കര്‍ത്താവിന്‍റെ സ്വരം ശ്രവിച്ചു വിശ്വസിച്ചു. അവര്‍ സുഖം പ്രാപിച്ചു. എന്നാല്‍ അവരില്‍ ഒരാള്‍ മാത്രം കര്‍ത്താവിനു നന്ദിപറയുവാന്‍ തിരകെ വന്നു. നന്ദിപറയാന്‍വന്ന സമറിയാക്കാരനോട്, വിശ്വസം നിന്നെ രക്ഷിച്ചിരിക്കുന്നു, എന്നാണ് ക്രിസ്തു പറഞ്ഞത്. ക്രിസ്തു നല്കുന്ന രക്ഷയുടെ വാഗ്ദാനം ശ്രദ്ധേയമാണ്.
ബാക്കി ഒന്‍പതു പേര്‍ ശാരീരിക സുഖം മാത്രം നേടി. നന്ദിപറയാന്‍ ക്രിസ്തവിന്‍റെ പക്കല്‍ എത്താന്‍ മറന്നുപോയവര്‍ക്ക്, രക്ഷയുടെ കൃപ ലഭിക്കാതെ പോകുന്നു. കര്‍ത്താവിന്‍റെ സ്വരം ശ്രവിച്ച് അവിടുത്തേയ്ക്ക് നന്ദിപറഞ്ഞു ജീവിക്കുന്നവര്‍ രക്ഷയുടെ കൃപാസ്പര്‍ശത്തിന് യോഗ്യരായിത്തതീരുന്നു. ഇതാണ് വിശ്വാസ ജീവിതം.
ദൈവം നല്കിയിട്ടുള്ള വിലമതിക്കാനാവാത്ത ദാനങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കുക.
ദിവസവും ഉരുവിടുന്ന യാമപ്രാര്‍ത്ഥനയിലെ പ്രാഭാത ഗീതം ഓര്‍പ്പിക്കുന്നതുപോലെ, മറ്റൊരു പ്രഭാതം കാണുവാന്‍ ഭാഗ്യം ലഭിച്ച ഞാന്‍ കര്‍ത്താവേ, അങ്ങേയ്ക്ക് ഹൃദയപൂര്‍വ്വം നന്ദിപറയുന്നു.

സങ്കീര്‍ത്തകന്‍ ഇങ്ങനെയാണ് പാടുന്നത്, കര്‍ത്താവ് എന്‍റെ പരിചയും കോട്ടയുമാണ്, പരിച തടയായുള്ളപ്പോള്‍, ശത്രു ആഞ്ഞുവെട്ടിയാലും എനിക്ക് ക്ഷതമേല്‍ക്കുകയില്ല. ദൈവം എന്‍റെ മുന്നില്‍ പരിചയായി നിന്നുകൊണ്ട് എന്‍റെ പോരായ്മകളും പാളിച്ചകളും മറച്ചുവയ്ക്കുന്നുണ്ട്. അച്ഛന്‍ തല്ലുമ്പോള്‍ അമ്മ ഇടയ്ക്ക് കയറി മകനെ സംരക്ഷിക്കുന്നതുപോലെ, തമ്പുരാന്‍ നമ്മുടെ ജീവിതവഴികളില്‍ മുന്നേ നടക്കുകയാണ്. നാം അവിടുത്തെ സംരക്ഷണം അനുഭവിക്കുന്നു. തമ്പുരാന്‍റെ വാത്സല്യത്തിന്‍റെ നിറവാണ് ജീവിത സന്ധികളില്‍ കാണുന്നത്. ദൈവത്തിനും അവിടത്തെ പരിപാലനയ്ക്കും എന്നും നന്ദിയുള്ളവരായി ജീവിക്കാം. അഹങ്കാരമുള്ള മനസ്സ് ഒരിക്കലും നന്ദിപറയുകയില്ല. നന്ദിയുണ്ടെങ്കില്‍ എളിമയും ഉണ്ടാകും.
കാരണം ദൈവമാണ് നമുക്ക് ജീവന്‍ നല്കിയത്, അവിടുന്നുതന്നെ ജീവിതവും നല്കി. ആഴമേറിയ ആത്മീയ ജീവിതം, രക്ഷയുടെ കൃപാസ്പര്‍ശം നല്കാനും അവിടുത്തേയ്ക്കു കഴിയും.








All the contents on this site are copyrighted ©.