2011-08-27 17:39:19

സുവിശേഷപരിചിന്തനം -
28 ആഗസ്റ്റ് 2011


മലങ്കര റീത്ത്


വി. മത്തായി 20, 20-28

പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് സഭയിലെ അറിയപ്പെട്ട ദൈവശാസ്ത്ര പണ്ഡിതനും പ്രഫസറുമായ ഫാദര്‍ ജോസഫ് റാത്സിങ്കറിനെ 1977 മാര്‍ച്ച് 24-ാം തിയതി ജര്‍മ്മനിയിലെ ഫ്രെയിസിങ്ങ്-മ്യൂനിക്ക് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചത്. അതേ വര്‍ഷംതന്നെ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തി. മ്യൂനിക്കിലെ മെത്രാപ്പോലീത്ത ആയിരിക്കുമ്പോഴാണ് കര്‍ദ്ദിനാള്‍ റാത്സിങ്കറിനെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ വിശ്വാസ സംഘത്തിന്‍റെ പ്രീഫെക്ടായി നിയമിക്കുന്നത്. തുടര്‍ന്ന് 1982-ല്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവനായും നിയോഗിച്ചു.

1997-ല്‍ തനിക്ക് 70 വയസ്സു തികഞ്ഞപ്പോള്‍ കര്‍ദ്ദിനാള്‍ റാത്സിങ്കര്‍ സ്ഥാനത്യാഗം അറിയിച്ചതായിരുന്നു. എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അത് സ്വീകരിച്ചില്ല. ബവേറിയായിലെ തന്‍റെ ഗ്രാമത്തിലേയ്ക്ക് തിരികെപ്പോയി പുസ്തകരചനയില്‍ ശിഷ്ടകാലം ചിലവഴിക്കണം എന്നായിരുന്നു കര്‍ദ്ദിനാള്‍ റാത്സിങ്കറുടെ ആഗ്രഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഹിതമനുസരിച്ച് ആദ്ദേഹം സഭാസേവനത്തില്‍ തുടര്‍ന്നു.

2005 ഏപ്രില്‍ 2-ാം തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലംചെയ്തതിനെ തുടര്‍ന്ന്, ഏപ്രില്‍ 19-ാം തിയതി മാര്‍പാപ്പ സ്ഥാനത്തേയ്ക്ക് കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കറിനെ കര്‍ദ്ദിനാള്‍ സംഘം തിരഞ്ഞെടുക്കപ്പെട്ടത് ദൈവനിയോഗമായിരുന്നു.
പരിമിതകളെ ഉപകരണങ്ങളാക്കിക്കൊണ്ട് കര്‍ത്താവിന് പ്രവര്‍ത്തിക്കുവാനാകും എന്ന പ്രത്യാശയിലാണ് താന്‍ ദൈവഹിതത്തിന് വിധേയനാകുന്നതെന്നും, താന്‍ കര്‍ത്താവിന്‍റെ തോട്ടത്തിലെ വേലക്കാരന്‍ മാത്രമാണ് എന്നു എളിമയോടെ ഏറ്റുപറഞ്ഞുകൊണ്ടാണ് കര്‍ദ്ദാനാള്‍ ജോസഫ് റാത്സിങ്കര്‍, ബനഡക്ട് 16-ാമന്‍ മാര്‍പാപ്പയായി ആഗോളസഭയുടെ ശുശ്രൂഷ ഏറ്റെടുക്കുന്നത്.
................................................
ഇന്നത്തെ സുവിശേഷം (മത്തായി 20, 20-28) സെബദീ പുത്രന്മാരുടെ കഥ പറയുകയാണ്. സെബദിയുടെ ഭാര്യയും മക്കളുമാണ് ഈശോയെ സമീപിക്കുന്നത്. മക്കളുടെ ഭാവിഭാഗധേയത്തിലുള്ള താല്പര്യം കൊണ്ടാവാം അമ്മ സലോമി മക്കളുമായി ക്രിസ്തുവിന്‍റെ പക്കല്‍ വരുന്നത്. ക്രിസ്തുവിന്‍റെ രാജ്യത്തില്‍, തന്‍റെ മക്കള്‍ക്കു മാന്യമായ സ്ഥാനങ്ങള്‍ ലഭിക്കണമെന്നാണ് അമ്മയുടെ അപേക്ഷ. ജരൂസലേമിലേയ്ക്കുപോകുന്ന ക്രിസ്തു അവിടെ തന്‍റെ രാജ്യം സ്ഥാപിക്കുമെന്നായിരുന്നിരിക്കണം അവരുടെ പ്രതീക്ഷ.

ക്രിസ്തു നല്കുന്ന ഉത്തരത്തിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ആദ്യ ഭാഗത്ത്, പ്രധാനസ്ഥാനങ്ങള്‍ നേടുന്നതിന് ആവശ്യമായ വ്യവസ്ഥയാണ്... ക്രിസ്തുവിന്‍റെ സഹനത്തിലും മരണത്തിലും പങ്കാളികളാകണമെന്നതി. ക്രിസ്തു മനുഷ്യകുലത്തിന്‍റെ പാപപരിഹാരാര്‍ത്ഥം ഏറ്റെടുക്കുന്ന പാനപാത്രംത്തില്‍നിന്നും കുടിക്കുവാന്‍ സന്നദ്ധരാവുക. അതായത്, തന്‍റെ കുരിശ്ശിലും പങ്കുചേരണമെന്ന്.
ക്രിസ്തു ശിഷ്യര്‍ കുരിശുവഹിക്കാന്‍ തയ്യാറായിരിക്കണം. സ്ഥാനമാനങ്ങളോ മറ്റു പ്രതിഫലങ്ങളോ അവര്‍ ആഗ്രഹിക്കരുത്.
ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ക്കു കുടിക്കുവാന്‍ കഴിയമോ, എന്ന യോക്കോബിനോടും യോഹന്നാനോടും ചോദിച്ചപ്പോള്‍, ഞങ്ങള്‍ക്കു കഴിയും, എന്നാണ് അവര്‍ മറുപടി പറഞ്ഞത്.
സബദീ പുത്രന്മാരുടെ ഉത്തരത്തില്‍ ക്രിസ്തു സംതൃപ്തനാണ്. അവര്‍ക്ക് രക്തസാക്ഷിത്വം വരിക്കാന്‍ കഴിയുമെന്ന് ക്രിസ്തു വാഗ്ദാനംചെയ്തു. യാക്കോബബിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് അപ്പസ്തോല നടപടി 12, 2 പുസ്തകവും, ചെറുപ്പമായിരുന്ന യോഹന്നാന്‍ ദീര്‍ഘനാള്‍ ജീവിച്ച് രക്തസാക്ഷിത്വം വരിച്ചതും സഭാപാരമ്പരവും പഠിപ്പിക്കുന്നു.

മറ്റുള്ളവരുടെമേല്‍ ആധിപത്യം പുലര്‍ത്തുവാനല്ല ക്രിസ്തു ശിഷ്യന്മാര്‍ ആഗ്രഹിക്കേണ്ടത്. ക്രിസ്തു ഉപയോഗിച്ച, വലിയവന്‍, ഒന്നാമന്‍, സേവകന്‍, എളിയവന്‍ എന്നീ വാക്കുകള്‍ ശ്രദ്ധേയമാണ്. സഭാ സമൂഹത്തിലും അനുദിന ക്രൈസ്തവ ജീവിതത്തിലും യാഥാര്‍ത്ഥ്യമാകേണ്ട കാര്യങ്ങളാണിവ. ഒന്നാമന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ ദാസനും സേവകനുമാവട്ടെ, എന്ന്.

രാഷ്ടീയ തലത്തില്‍ അധികാരത്തിനുവേണ്ടിയുള്ള വടംവലിയും ഉപവാസ യത്നങ്ങളും ഭാരതത്തില്‍ പൊതുവെയും കേരളത്തിലും നമുക്കേറെ സുപരിചിതമാണ്. ജനസേവനത്തിന്‍റെ മറയില്‍ സ്വാര്‍ത്ഥത നടമാടുകയാണ്. ഈ പ്രവണത നമ്മളില്‍ എല്ലാവരിലും ഒരു പരിധിവരെ രൂഢമൂലമാണ്. ആദ്ധ്യാത്മീകതയുടെയും മതാനുഷ്ഠാങ്ങളുടേയും പേരില്‍ ഭാഗ്യാന്വേഷികളും സ്ഥാനമോഹികളും സ്വാര്‍ത്ഥമതികളും ആയിത്തീരുവാനുള്ള പ്രലോഭനം എല്ലാവരിലും ഉണ്ട്. അധികാര മോഹത്തിന്‍റെ പ്രതിഫലനമാണ് യാക്കോബിലും യോഹന്നാനിലും അവരുടെ അമ്മയായ ശാലോമിയിലും നാം കാണ്ടത്.

ഗലീലിയാ കടല്‍തീരത്തുള്ള ബദ്സൈദായില്‍ പിതാവായ സെബദിയോടൊപ്പം പടവിലിരുന്ന് വല നന്നാക്കി കൊണ്ടിരിക്കുമ്പോഴാണ് ക്രിസ്തു യാക്കോബിനെയും യോഹന്നാനെയും വിളിച്ചതെന്ന് സുവിശേഷങ്ങളില്‍നിന്നും നമുക്കറിയാം. നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നു പറഞ്ഞാണ് ക്രിസ്തു അവരെ വിളിക്കുന്നത്.
ഉടനടി ആവേശത്തോടെ ക്രിസ്തുവിനെ അനുഗമിച്ച അവര്‍ക്ക് അവിടത്തെ യഥാര്‍ത്ഥ ദൗത്യവും ശൈലിയും മനസ്സിലാക്കുവാന്‍ ആദ്യനാളുകളില്‍ സാധിച്ചുകാണണമെന്നില്ല. ഇന്നത്തെ സുവിശേഷ സംഭവം വ്യക്തമാക്കുന്നത് അതുതന്നെയാണ്.

വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ചിന്തകള്‍ നമുക്ക് ക്രിസ്തു രഹസ്യങ്ങളുടെ വെളിച്ചം വീശുന്നു, “ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്.” ഗലാത്തിയര്‍ 20, 20.
ഇതിന് വിശുദ്ധ യോഹന്നാന്‍ സംക്ഷിപ്തമായ മറുപടി നല്കുന്നുണ്ട്. “എന്തെന്നാല്‍, അവിടുന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” യോഹ. 3, 16.
ഇത്രയേറെ അഗാധമായ ദൈവസ്നേഹത്തിന്‍റെ മുന്നില്‍, ആശ്ചര്യവും നന്ദിയും നിറഞ്ഞവരായി നമ്മള്‍ ചോദിച്ചുപോകും, ‘അവിടുത്തേയ്ക്കുവേണ്ടി എനിക്കെന്തു ചെയ്യാനാകും? എങ്ങിനെയാണ് ഈ സ്നേഹത്തോട് ഞാന്‍ പ്രതികരിക്കേണ്ടത്?’

ദൈവം മനുഷ്യനില്‍നിന്നും അവന്‍റെ കഷ്ടപ്പാടുകളില്‍‍നിന്നും വിദൂരത്തല്ല എന്നതിനാല്‍, ലോകത്തിന്‍റേതായ പീഡനങ്ങളില്‍ പങ്കുചേരുവാന്‍ ക്രിസ്തുവിന്‍റെ പീഡകള്‍ നമ്മെ ക്ഷണിക്കുന്നു. അവിടുന്ന് നമ്മില്‍ ഒരുവനായത് മജ്ജയിലും മാംസത്തിലും യഥാര്‍ത്ഥമായും മനുഷ്യ യാതനകളില്‍ പങ്കുചേരുവാന്‍ വേണ്ടിയാണ്. എല്ലാ മാനുഷിക യാതനകള്‍ക്കൊപ്പവും യാതനകളിലും ദൈവം നമ്മോടൊപ്പമുണ്ട്. മനുഷ്യ യാതനകളില്‍ ദൈവിക സമാശ്വാസം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ദൈവത്തിന്‍റെ എന്നും നിലനില്ക്കുന്ന കരുണാദ്രമായ സ്നേഹത്തിന്‍റെ സമാശ്വാസമാണത്. ഈ തിരിച്ചറിവ് മനുഷ്യന് പ്രത്യാശയുടെ പൊന്‍താരമാണ്.

ക്രിസ്തു സ്നേഹമാണ് നമ്മെ സന്തോഷത്താല്‍ നിറയ്ക്കുകയും നിര്‍ധനരായവരുടെ പക്കലേയ്ക്കും ആവശ്യംതേടുന്നവരുടെ അടുക്കുലേയ്ക്കും ഓടിയെത്തുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. ജീവിതത്തില്‍ പങ്കുവയ്ക്കുവാന്‍ താല്പര്യം ഉള്ളവരായിരിക്കണം നമ്മള്‍. മനുഷ്യയാതനകള്‍ക്കു മുന്നില്‍ മുഖം തിരിച്ചുകളയരുത്.
ജീവിതത്തിന്‍റെ പ്രതിസന്ധകളുടെ യാമങ്ങളിലാണ് ദൈവം നമ്മില്‍നിന്നും ത്യാഗവും സഹനവും സ്നേഹവും ഏറെ പ്രതീക്ഷിക്കുന്നത്. നമ്മുടെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ആഴം അളക്കപ്പെടുന്നതും അവിടെയാണ്. കുരിശിന്‍റെ വഴിയിലൂടെ എളിമയോടെ ക്രിസ്തുവിന്‍റെ പിന്നാലെ ചരിച്ച് അവിടുത്തെ സമാശ്വാസത്തിന്‍റെയും രക്ഷയുടെയും അടയാളങ്ങളാകുവാന്‍ ഏവരേയും ക്ഷണിക്കുന്നു.
മറ്റുള്ളവരോടൊപ്പവും അവര്‍ക്കുവേണ്ടിയും സഹിക്കുവാനും, സത്യത്തിനും നീതിക്കുംവേണ്ടി ജീവിക്കുവാനും‍, സ്നേഹത്തില്‍ സഹിക്കുവാനും, അങ്ങിനെ സ്നേഹത്തിന്‍റെ പൂര്‍ണ്ണിമയുള്ള വ്യക്തിയായിത്തീരുവാനും ക്രിസ്തു വിളിക്കുന്നു. ഇത് മനുഷ്യജീവിതത്തിന്‍റെ മൂലപ്രമാണമാണ്. അതു വിട്ടുകളയുകയോ ഉപേക്ഷിക്കുകയോ ചെയ്തുകൊണ്ട് ജീവിതത്തില്‍ അലക്ഷൃമായി ജീവിക്കുന്നത് സ്വയം നശിക്കുന്നതിന് തുല്യവുമാണ്.

ക്രിസ്തുവില്‍ നമുക്കെന്നും ശരണംപ്രാപിക്കാം. കുരിശിന്‍റെ നിഗൂഢമായ രക്ഷണീയ രഹസ്യം അവിടുന്ന് നമുക്ക് വെളിപ്പെടുത്തി തരട്ടെ. അതുവഴി ജീവിത യാതനകളിലും മുന്നോട്ടു നീങ്ങുവാന്‍ നമുക്ക് കരുത്തുണ്ടാകും. കുരിശ് പരാജയത്തിന്‍റെ അടയാളമല്ല., മറിച്ച് സ്നേഹത്തില്‍ സ്വജീവന്‍ ത്യജിക്കുന്ന ആത്മാര്‍പ്പണത്തിന്‍റെ പരമോന്നത രഹസ്യമാണത്. സ്നേഹത്താല്‍ കുരിശ്ശിലേറിയ പുത്രനെ ആശ്ലേഷിച്ചുകൊണ്ടാണ് പിതാവ് നമ്മോടുള്ള തന്‍റെ സ്നേഹം പ്രകടമാക്കിയത്. കുരിശ് അതിന്‍റെ ദൃശ്യരൂപത്തില്‍ത്തന്നെ, മനുഷ്യരോടുള്ള ദൈവസ്നഹത്തിന്‍റെ ഉയര്‍ന്ന, ഉയര്‍ത്തപ്പെട്ട ദൈവസ്നേഹത്തിന്‍റെ പ്രതീകമാണ്. മനുഷ്യരായ നമുക്ക് കുരിശ് ഇന്നും പ്രത്യാശപകരുന്ന സദ്വാര്‍ത്തയുമാണ്. കാരണം കുരിശിലാണ് ക്രിസ്തു രക്ഷകനും നാഥനുമാണെന്ന് ലോകം തിരിച്ചറിഞ്ഞു.









All the contents on this site are copyrighted ©.