2011-08-25 20:43:12

സാഹോദര്യത്തിന്‍റെ
റമദാന്‍ പെരുന്നാള്‍


25 ആഗസ്റ്റ് 2011, ഇറാക്ക്
ആര്‍ച്ചുബിഷപ്പും ഇമാമും ഒരുമിച്ച് ‘ഇഫ്ത്താര്‍’ വിരുന്നാഘോഷിച്ചു.
ആഗസ്റ്റ് 23-ാം തിയതി ചൊവ്വാഴ്ച ഇറാക്കിലെ കെര്‍ക്കൂക്കിലുള്ള ആനാഥമന്ദിരത്തിലാണ് പാവങ്ങളായ കുഞ്ഞുങ്ങളോടൊപ്പം,
കെര്‍ക്കൂക്ക് രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലൂയി സാക്കോ റമദാന്‍ നോന്‍പു മുറിച്ചുകൊണ്ടുള്ള ‘ഇഫ്ത്താര്‍ സല്‍ക്കാര’ത്തില്‍ പങ്കെടുത്തത്.
കിര്‍ക്കൂക്കിലെ മനുഷ്യാവകാശ സംഘടന ഒരുക്കിയ വിരുന്നില്‍ സ്ഥലത്തെ ഇമാം, മുഹമ്മദ് അമീറും പങ്കുചേര്‍ന്നു. ആസന്നമാകുന്ന റമദാന്‍ സഹാനുഭൂതിയുടെ തിരുനാളാണെന്നും, കടുത്ത നോന്‍പാചരണത്തിലൂടെ പാവങ്ങളോടു സഹാനുഭാവവും
അവരുടെ വേദനകളില്‍ പങ്കുചേരാനുള്ള മനോഭാവവും ഏവരും വളര്‍ത്തണമെന്ന് ഇറാക്കിലെ കല്‍ദായ കത്തോലിക്കാ സഭാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് സാഖോ ഉദ്ബോധിപ്പിച്ചു.

ആര്‍ച്ചുബിഷപ്പിന്‍റെ സ്നേഹ സാന്നിദ്ധ്യത്തിന് നന്ദിപറഞ്ഞ ഇമാം, മുഹമ്മദ് അമീര്‍, എപ്പോഴും തങ്ങളെ സഹായിക്കാന്‍ ആദ്യം ഓടിയെത്തുന്ന ക്രൈസ്തവ സാഹോദര്യത്തിനും നന്ദിപ്രകാശിപ്പിച്ചു.
ആഗസ്റ്റ് 30-ാം തിയതി ആഘോഷിക്കപ്പെടുന്ന റമദാന്‍ തിരുനാളിന് ആനാഥരായ കുട്ടികള്‍ക്കുള്ള സഹായധനം ഇമാമിനെ ഏല്പിച്ച ശേഷമാണ് ആര്‍ച്ചുബിഷപ്പ് സാഖോ തന്‍റെ ആശംസകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.