2011-08-21 15:21:47

മനുഷ്യയാതനകളില്‍
കുരിശ് പ്രത്യാശയുടെ പ്രതീകം -
മാര്‍പാപ്പ യുവജനങ്ങളോട്


20 ആഗസ്റ്റ് 2011, സ്പെയിന്‍
ക്രിസ്തുവിന്‍റെ പീഡനങ്ങളുടെയും മരണത്തിന്‍റെയും വിവിധ രംഗങ്ങളുടെ ധ്യാനമാണ് കുരിശിന്‍റെ വഴി. കുരിശിന്‍റെ മഹത്വത്തിലേയ്ക്കു പ്രവേശിക്കുവാന്‍ ഈ ധ്യാനചിന്തകള്‍ നമ്മെ
നമ്മെ സഹായിക്കും. ലോകത്തെയും ലോകത്തിന്‍റെ ജ്ഞാനികള്‍ എന്ന് ചിന്തിക്കുന്നവരെയും വിധിക്കുന്ന ദൈവത്തിന്‍റെ വിജ്ഞാനമാണ് കുരിശില്‍ കാണേണ്ടത്. നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്‍റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍റെ ശക്തിയത്രേ. 1 കൊറി.1, 18. അന്ത്യത്താഴം അല്ലെങ്കില്‍ പീലാത്തോസിന്‍റെ അരമന മുതല്‍ കാല്‍വരിവരെയുള്ള ക്രിസ്തുവിന്‍റെ പീഡാസഹന രംഗങ്ങളാണ് കുരിശിന്‍റെവിഴിയില്‍ നാം ധ്യാനിക്കുന്നത്. കുരിശിന്‍റെവഴിയുടെ രംഗചിത്രീകരണങ്ങളുടെ മുന്നിലൂടെ നാം കടന്നുപോകുമ്പോള്‍, കലയും വിശ്വാസവും അവയില്‍ ഇടചേര്‍ന്ന്, നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച് മാനസാന്തരത്തിലേയ്ക്കു ക്ഷണിക്കുന്നു. വിശ്വാസം ശുദ്ധവും യഥാര്‍ത്ഥവുമാകുമ്പോള്‍, സൗന്ദര്യം അതിനെ ആഴപ്പെടുത്തുകയും, നമ്മുടെ രക്ഷയുടെ ദിവ്യരഹസ്യങ്ങളെ സുവ്യക്തമാക്കിത്തരുകയും അത് ഹൃദയങ്ങളില്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നാണ്, വിശുദ്ധ കൊച്ചുത്രേസ്യ ക്രിസ്തുവിന്‍റെ തൂങ്ങപ്പെട്ട രൂപത്തിന്‍റെ ധ്യാനിചിന്തകളില്‍ എഴുതിയിരിക്കുന്നത്. Autobiography 9,1.

കുരിശിന്‍റെ വഴിയിലൂടെ ക്രിസ്തിവിനോടൊപ്പം കാല്‍വരിയിലേയ്ക്ക് നീങ്ങുമ്പോള്‍ മനസ്സില്‍ ഉയരുന്നത് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ചിന്തകളാണ്. “ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്.”
ഗലാത്തിയര്‍ 20, 20. ഇത്രയേറെ അഗാധമായ ദൈവസ്നേഹത്തിന്‍റെ മുന്നില്‍, ആശ്ചര്യവും നന്ദിയും നിറഞ്ഞവരായി നമ്മള്‍ ചോദിച്ചുപോകും, ‘അവിടുത്തേയ്ക്കുവേണ്ടി എനിക്കെന്തു ചെയ്യാനാകും? എങ്ങിനെയാണ് ഈ സ്നേഹത്തോട് ഞാന്‍ പ്രതികരിക്കേണ്ടത്?’
ഇതിന് വിശുദ്ധ യോഹന്നാന്‍ സംക്ഷിപ്തമായ മറുപടി നല്കുന്നുണ്ട്. “എന്തെന്നാല്‍, അവിടുന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.”
യോഹ. 3, 16. ദൈവം മനുഷ്യനില്‍നിന്നും അവന്‍റെ കഷ്ടപ്പാടുകളില്‍‍നിന്നും വിദൂരത്തല്ല എന്നതിനാല്‍, ലോകത്തിന്‍റേതായ പീഡനങ്ങളില്‍ പങ്കുചേരുവാന്‍ ക്രിസ്തുവിന്‍റെ പീഡകള്‍ നമ്മെ ക്ഷണിക്കുന്നു. അവിടുന്ന് നമ്മില്‍ ഒരുവനായത് മജ്ജയിലും മാംസത്തിലും യഥാര്‍ത്ഥമായും മനുഷ്യ യാതനകളില്‍ പങ്കുചേരുവാന്‍ വേണ്ടിയാണ്. എല്ലാ മാനുഷിക യാതനകള്‍ക്കൊപ്പവും യാതനകളിലും ദൈവം നമ്മോടൊപ്പമുണ്ട്. മനുഷ്യ യാതനകളില്‍ ദൈവിക സമാശ്വാസം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. എന്നും നിലനില്ക്കുന്ന ദൈവത്തിന്‍റെ കരുണാദ്രമായ സ്നേഹത്തിന്‍റെ സമാശ്വാസമാണത്. ഈ തിരിച്ചറിവ് മനുഷ്യന് പ്രത്യാശയുടെ പൊന്‍താരമാണ്. Spe salvi 39.

ക്രിസ്തു സ്നേഹം നിങ്ങളെ സന്തോഷത്താല്‍ നിറയ്ക്കുകയും നിര്‍ദ്ദനരായവരുടെ പക്കലേയ്ക്ക് അടുക്കുവാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ. ജീവിതത്തില്‍ പങ്കുവയ്ക്കുവാന്‍ താല്പര്യം ഉള്ളവരായിരിക്കണം നിങ്ങള്‍. മനുഷ്യയാതനകള്‍ക്കു മുന്നില്‍ നിങ്ങള്‍ മുഖം തിരിച്ചുകളയരുത്. അവിടെയാണ് നിങ്ങളില്‍നിന്നും ദൈവം ഏറെ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ആഴം അളക്കപ്പെടുന്നതും അവിടെയാണ്. കുരിശിന്‍റെ വഴിയിലൂടെ ക്രിസ്തുവിന്‍റെ പിന്നാലെ ചരിച്ച് അവിടുത്തെ സമാശ്വാസത്തിന്‍റെയും രക്ഷയുടെയും അടയാളങ്ങളാകുവാന്‍ ക്രിസ്തു ഏവരേയും ക്ഷണിക്കുന്നു.
മറ്റുള്ളവരോടൊപ്പവും അവര്‍ക്കുവേണ്ടിയും സഹിക്കുവാനും, സത്യത്തിനും നീതിക്കുംവേണ്ടി ജീവിക്കുവാനും‍, സ്നേഹത്തില്‍ സഹിക്കുവാനും, അങ്ങിനെ സ്നേഹത്തിന്‍റെ പൂര്‍ണ്ണിമയുള്ള വ്യക്തിയായിത്തീരുവാനും ക്രിസ്തു വിളിക്കുന്നു. ഇത് മനുഷ്യജീവിതത്തിന്‍റെ മൂലപ്രമാണമാണ്. അതു വിട്ടുകളയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് സ്വയം നശിക്കുന്നതിന് തുല്യമാണ്.
Spe salvi.

ക്രിസ്തുവിന്‍റെ കുരിശ്ശില്‍ നമുക്കെന്നും ശരണംപ്രാപിക്കാം. കുരിശിന്‍റെ നിഗൂഢമായ രക്ഷണീയ രഹസ്യം ക്രിസ്തു നമുക്ക് വെളിപ്പെടുത്തി തരട്ടെ. അതുവഴി ജീവിത യാതനകളിലൂടെ മുന്നേറാന്‍ നമുക്ക് കരുത്തുണ്ടുകും. കുരിശ് പരാജയത്തിന്‍റെ അടയാളമല്ല., മറിച്ച് സ്നേഹത്തില്‍ സ്വജീവന്‍ ത്യജിക്കുന്ന ആത്മാര്‍പ്പണത്തിന്‍റെ പരമോന്നത രഹസ്യമാണ്. സ്നേഹത്താല്‍ കുരിശ്ശിലേറിയ പുത്രനെ ആശ്ലേഷിച്ചുകൊണ്ടാണ് പിതാവ് നമ്മോടുള്ള തന്‍റെ സ്നേഹം പ്രകടമാക്കിയത്. കുരിശ് അതിന്‍റെ ദൃശ്യരൂപത്തില്‍ത്തന്നെ, മനുഷ്യരോടുള്ള പിതാവിന്‍റേയും പുത്രന്‍റേയും പരമോന്നത സ്നേഹത്തിന്‍റെ പ്രതീകമാണ്. ഇത് മനുഷ്യകുലത്തിന് ഇന്നും പ്രത്യാശപകരുന്ന സദ്വാര്‍ത്തയുമാണ്. കാല്‍വരിയില്‍വച്ച് ക്രിസ്തു നമുക്ക് അമ്മയായി തന്ന പരിശുദ്ധ കന്യകാ നാഥയുടെ സ്നേഹ സംരക്ഷണം ജീവിതത്തിലുടനീളം നമുക്ക് ഉണ്ടാവട്ടെ. കുരിശിന്‍ ചുവട്ടില്‍ നിന്നുകൊണ്ട് തന്‍റെ തിരുക്കുമാരന്‍റെ അന്ത്യവേളിയില്‍ സാന്ത്വനമായ ദൈവമാതാവ് ജീവിത യാതനകളുടെ ഇരുണ്ട യാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഉറച്ചുനില്കുവാന്‍ കെല്പേകട്ടെ.









All the contents on this site are copyrighted ©.