2011-08-20 15:11:32

ധൈര്യപൂര്‍വ്വം വിശ്വാസത്തിനു സാക്ഷൃം നല്‍കാന്‍ മാര്‍പാപ്പ യുവജനങ്ങളോട്


18 ആഗസ്റ്റ് 2011, മാഡ്രിഡ്

അനുദിന ജീവിതത്തില്‍ വിശ്വാസത്തിനു സാക്ഷൃം നല്‍കാന്‍ മാര്‍പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ലോകയുവജനദിനത്തില്‍ പങ്കുചേരാന്‍ മാഡ്രിഡിലെത്തിയ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാഡ്രിഡിലെ ബാറാഹാസ് വിമാനത്താവളത്തില്‍ വച്ചു നല്‍കിയ സ്വീകരണചടങ്ങിലാണ് ഈയാഹ്വാനം നടത്തിയത്, സ്പെയിനിലേക്കു മുന്‍പു നടത്തിയ അപ്പസ്തോലിക സന്ദര്‍ശനങ്ങളില്‍ സ്പാനിഷ് രാജകുടുംബം നല്‍കിയ ഊഷ്മള സ്വീകരണം അനുസ്മരിച്ച മാര്‍പാപ്പ ബാറാഹാസ് വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ എത്തിയ എല്ലാവര്‍ക്കും ഈ ചടങ്ങുകള്‍ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും ശ്രവിക്കുകയും ദര്‍ശിക്കുകയും ചെയ്യുന്നവര്‍ക്കും പ്രത്യേകം ആശംസകള്‍ നേര്‍ന്നു, ലോകയുവജനദിനാഘോഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി യത്നിച്ച സംഘാടകസമിതയംഗങ്ങള്‍ക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവജനങ്ങള്‍ക്കു സ്വാഗതമേകിയ കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇടവകകള്‍ക്കും കൃതജ്ഞതാപൂര്‍വ്വം പാപ്പ ആശംസകള്‍ നേര്‍ന്നു.
യേശു ക്രിസ്തുവാണ് വഴിയും സത്യവും ജീവനുമെന്നു പ്രഘോഷിച്ചുകൊണ്ട് യുവജനങ്ങളെ വിശ്വാസത്തില്‍ ദൃഢപ്പെടുത്താനാണ് പത്രോസിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ താന്‍ ഈ സന്ദര്‍ശനം നടത്തുന്നതെന്ന് മാര്‍പാപ്പ പ്രഭാഷണത്തില്‍ വ്യക്തമാക്കി, ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ട് അവിടുത്തെ വിശ്വസ്തരായ അനുഗാമികളും ധീര സാക്ഷികളുമായിക്കൊണ്ട് ഈ ലോകത്തില്‍ ക്രിസ്തുവിന്‍റെ രാജ്യം പണിതുയര്‍ത്താന്‍ യുവജനങ്ങള്‍ക്കു സാധിക്കുമാറ് അവരുടെ സുഹൃത്തായി യേശുവിനെ അവര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കാനാണ് താനാഗ്രഹിക്കുന്നതെന്നും പാപ്പ വെളിപ്പെടുത്തി.
എന്തുകൊണ്ടാണ് ഇത്രയധികം യുവജനങ്ങള്‍ മാഡ്രിഡിലേക്കു വന്നിരിക്കുന്നത്? അതിനു അവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടതെങ്കിലും “ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും, പണിതുയര്‍ത്തപ്പെട്ടും തങ്ങളുടെ വിശ്വാസത്തിനു സാക്ഷൃം നല്‍കുക” എന്ന ആപ്തവാക്യം നല്‍കപ്പെട്ടിരിക്കുന്ന യുവജനദിനനാഘോഷത്തിനെത്തിയിരിക്കുന്ന അവര്‍ ദൈവവചനം ശ്രവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ‍എന്നു മനസിലാക്കാം.
ഉപരിപ്ലവതയും, ഉപഭോഗ സംസ്ക്കാരവും, സുഖലോലുപതയും ബാലിശമാക്കപ്പെടുന്ന ലൈംഗീകതയും, അഴിമതിയുമാണ് ഇന്നത്തെ ലോകത്തില്‍ യുവജനങ്ങള്‍ ദര്‍ശിക്കുന്നത്. ദൈവത്തെക്കൂടാതെ ഈ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ആനന്ദപൂര്‍വ്വം ജീവിക്കാന്‍ സാധിക്കുകയില്ലെന്ന് യുവജനങ്ങള്‍ക്കറിയാം, ഈയവസ്ഥകളില്‍ തങ്ങള്‍ക്കു പൊതുവായുള്ള ആഗ്രഹങ്ങള്‍ പങ്കുവയ്ക്കാനും തങ്ങളുടെ സംസ്ക്കാരങ്ങളുടെ സമ്പന്നതയും ജീവിതാനുഭവങ്ങളും പരസ്പരം കൈമാറാനും വിശാസത്തിലും ജീവിതത്തിലും മുന്നോട്ടുപോകാന്‍ പരസ്പരം പ്രോത്സാഹിപ്പിക്കാനും യുവജവങ്ങള്‍ക്കുള്ള അമൂല്യാവസരമാണ് ഈ യുവജനദിനാഘോഷം.
ഇന്ന് ലോകത്തില്‍ ബുദ്ധിമുട്ടുകള്‍ക്കു കുറവൊന്നുമില്ല. സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും രക്തം ചിന്തപ്പെടുന്ന സാഹചര്യങ്ങള്‍പോലും ലോകമെങ്ങും നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്‍റെ ഏറ്റവും ശ്രേഷ്ഠ മൂല്യമായ നീതി സ്വാര്‍ത്ഥവും ഭൗതീകവും പ്രത്യയശാസ്ത്രപരവുമായ താല്‍പര്യങ്ങള്‍ക്കു കീഴ്പ്പെടുന്നു. മാന്യമായ ഒരു തൊഴില്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകള്‍ അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ടതിലോ തൊഴില്‍ മേഖലയിലെ അസ്ഥിരതയോ മൂലം ആകുലതയോടെയാണ് യുവജനങ്ങള്‍ ഭാവിയെ വീക്ഷിക്കുന്നത്, മറ്റുചിലര്‍ മയക്കുമരുന്നുകളുടെ പിടിയില്‍ പെടാതിരിക്കാനും അതില്‍ വീണുപോയവര്‍ മയക്കുമരുന്നിന്‍റെ ഉപയോഗത്തില്‍ നിന്നു രക്ഷപ്പെടാനും സഹായം തേടുന്നു. കര്‍ത്താവായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ പേരില്‍ വിവേചനം അനുഭവിക്കേണ്ടി വരുന്നവരും പ്രത്യക്ഷമോ പരോക്ഷമോആയി പീഡിപ്പിക്കപ്പെടുന്നവരും ഉണ്ട്. അവിടുത്തെ ഉപേക്ഷിക്കുവാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു, അവിടുത്തെ പരിശുദ്ധ നാമം പോലും ഉച്ചരിക്കാന്‍ അനുവദിക്കാതെ പൊതു ജീവിതത്തില്‍ അവിടുത്തെ സാന്നിദ്ധ്യത്തിന്‍റെ അടയാളങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെടുന്നു.
“നിങ്ങളുടെ സമാധാനം ആര്‍ക്കും എടുത്തു കളയാന്‍ സാധിക്കില്ല. കര്‍ത്താവിനെക്കുറിച്ച് ലജ്ജിക്കാതിരിക്കുക!”എന്ന സന്ദേശമാണ് അവര്‍ക്കു താന്‍ ഹൃദയപൂര്‍വ്വം നല്‍കുന്നതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. നമ്മിലൊരുവനായി മാറിയ അവിടുന്ന് നമ്മുടെ ആകുലതകള്‍ അനുഭവിച്ചുകൊണ്ട് അതു ദൈവസന്നിദ്ധിയിലേക്കുയര്‍ത്തി. അങ്ങനെ നമുക്കു രക്ഷയേകി, യേശുവിന്‍റെ യുവഅനുയായികള്‍ ‘വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അത് പ്രഘോഷിക്കുക’ എന്ന മനോഹരമായ സാഹസീകത ഏറ്റെടുക്കണം, തങ്ങളുടെ ജീവിതത്തില്‍ വിശ്വാസത്തിനു തുറന്ന സാക്ഷൃം നല്‍കാന്‍ അവര്‍ക്കു സാധിക്കണം. സഹോദര സ്നേഹത്താല്‍ നിറഞ്ഞ ധൈര്യപൂര്‍ണ്ണമായ സാക്ഷൃം, ക്രൈസ്തവ തനിമ മറച്ചുവയ്ക്കാത്ത ദൃഢവും വിവേകപൂര്‍ണ്ണവുമായ സാക്ഷൃം നല്‍കാനാണ് അവര്‍ വിളിക്കപ്പെട്ടിരിക്കുന്നത്.

സമകാലിക ലോകത്തില്‍ ധൈര്യപൂര്‍വ്വം ക്രിസ്തുവിനു സാക്ഷൃം നല്‍കാന്‍ യുവജനങ്ങളെ ക്ഷണിച്ച മാര്‍പാപ്പ സ്പെയിനിലെ രാജാവിനു വീണ്ടും നന്ദി പറഞ്ഞു. സ്പാനിഷ് ജനതയോടു തന്‍റെ സ്നേഹവും സാമീപ്യവും പ്രകടമാക്കിയ പാപ്പ വിശ്വാസത്തിന്‍റെ ക്രിയാത്മകതയാല്‍ സമ്പന്നമാക്കപ്പെട്ട സ്പാനിഷ് ചരിത്രത്തോടും സംസ്ക്കാരത്തോടും തനിക്കുള്ള ആദരവും പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.
ലോകത്തെ എല്ലാ യുവജനങ്ങളെയും പ്രത്യേകിച്ച് പല വിധത്തിലുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന യുവജനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഈ ദിവസങ്ങളില്‍ താന്‍ അവരോടൊപ്പമുണ്ടായിരിക്കും എന്നു പ്രസ്താവിച്ച മാര്‍പാപ്പ പരിശുദ്ധ കന്യകാ മറിയത്തിനും ലോകയുവജനദിനത്തിന്‍റെ സ്വര്‍ഗ്ഗീയ മധ്യസ്ഥര്‍ക്കും യുവജനസമ്മേളനത്തെ സമര്‍പ്പിച്ചു. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദിപറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ സ്പാനിഷ് ഭാഷയില്‍ നല്‍കിയ പ്രഭാഷണം അവസാനിപ്പിച്ചത്.










All the contents on this site are copyrighted ©.