2011-08-18 19:51:03

ജീവിതത്തിന്‍റെ
മനോഹാരിതയാണ് വിശ്വാസം


18 ആഗസ്റ്റ് 2011, സ്പെയിന്‍
ക്രിസ്തുവിലുള്ള വിശ്വാസം ജീവിതത്തിന്‍റെ നന്മയും മനോഹാരിതയും കണ്ടെത്താന്‍ സഹായിക്കുമെന്ന്, കര്‍ദ്ദിനാള്‍ അന്തോണിയോ റയലില്‍ക്കോ, അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് സ്പെയിനില്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 16-ാം തിയതി ചൊവ്വാഴ് യുവജനങ്ങളെ മാഡ്രിഡിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു വത്തിക്കാന്‍റെ പ്രതിനിധി. ദൈവത്തിലുള്ള വിശ്വാസമാണ് നന്മയുടെ മാറ്റങ്ങള്‍ക്ക് ജീവിതത്തില്‍ കാരണമാകാന്ന മൂലഘടകമെന്നും, അത് യുവജനങ്ങള്‍ക്ക് ദിശാബോധം നല്കുമെന്നും കര്‍ദ്ധിനാള്‍ ചൂണ്ടിക്കാട്ടി.

“ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ള വിശ്വാസത്തില്‍ ദൃഢതപ്രാപിക്കണ”മെന്ന സമ്മേളനത്തിന്‍റെ ആപ്തവാക്യം ഉദ്ധരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ യുവാക്കളെ സ്വാഗതംചെയ്തത്. സമ്മേളനത്തിന്‍റെ സ്ഥാപകനും, കല്‍ക്കട്ടയിലെ മദര്‍ തെരേസായോടൊപ്പം, സമ്മേളനത്തിന്‍റെ സ്വര്‍ഗ്ഗീയ സഹ-രക്ഷാധികാരിയുമായ വാഴ്ത്തപ്പെട്ട, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആത്മീയ സാന്നിദ്ധ്യവും അനുഗ്രഹവും യുവാക്കള്‍ക്ക് ഉണ്ടാകുമെന്ന് ആശംസിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ സ്വാഗതാശംസ സമാപിപ്പിച്ചത്.

“നിങ്ങള്‍ ഭയപ്പെടരുത്, ക്രിസ്തുവിനെ നിങ്ങളുടെ ജീവിതത്തല്‍ സ്വീകരിക്കുക, മറ്റെല്ലാം ഉപേക്ഷിച്ച് ആ വിലപ്പെട്ട മുത്തു നിങ്ങള്‍ വാങ്ങണം,” എന്ന്
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യുവാക്കള്‍ക്കു നല്കിയ സന്ദേശം അനുസ്മരിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ തന്‍റെ സ്വാഗതപ്രസംഗം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.