2011-08-17 19:52:49

ലോകയുവജന സംഗമത്തിന്
തിരിതെളിഞ്ഞു


17 ആഗസ്റ്റ് 2011, സ്പെയിന്‍
സമൂഹ ബലിയര്‍പ്പണത്തോടെ ആഗോള യുവജന സമ്മേളനത്തിന് സ്പെയിനില്‍ തിരിതെളിഞ്ഞു. ആഗസ്റ്റ് 16-ാം തിയതി ചൊവ്വാഴ്ച രാവിലെ മാഡ്രിഡ് അതിരൂപതാദ്ധ്യക്ഷനും സ്പെയിനിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ അന്തോണിയോ വരേലായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ബലിയര്‍പ്പണത്തോടെ
5 ദിവസം നീണ്ടു നില്ക്കുന്ന ലോക കത്തോലിക്കാ യുവജന സംഗമത്തിന് തുടക്കമായി. സ്പെയിനിന്‍റെ തലസ്ഥാന നഗരമായ മാഡ്രിഡിന്‍റെ ഹൃദഭാഗത്തുള്ള സിബേലെസ് ചത്വരത്തിലൊരുക്കിയ പ്രത്യേക വേദിയിലായിരുന്നു
യുവജന സംഗമത്തിന് ആമുഖമായുള്ള സമൂഹ ബലിയര്‍പ്പണം നടന്നത്.

പട്ടണത്തിന്‍റെ ഉയര്‍ന്ന താപാന്തരീക്ഷത്തെ വെല്ലുവിളിച്ചും അവഗണിച്ചും അഞ്ചു ലക്ഷത്തിലേറെ യുവജനങ്ങള്‍ ആഘോഷമായ ബലിയില്‍ ആടിയും പാടിയും സജീവമായി പങ്കുചേര്‍ന്നുവെന്ന്, വത്തിക്കാന്‍ റേഡിയോ വക്താവ് എമര്‍ മെക്കാര്‍ത്തി മഡ്രിഡില്‍നിന്നും അറിയിച്ചു.

ഇന്ന് ലോകത്ത് പ്രബലപ്പെട്ടു നില്കുന്ന അപേക്ഷികാസിദ്ധാന്തം യുവജനങ്ങളുടെ ആത്മീയ-ധാര്‍മ്മിക അടിത്തറയെ ഉലച്ചിട്ടുണ്ടെന്നും, സംസ്കാരത്തിലും, സമൂഹത്തിലും കുടുംബത്തിലും വേരൂന്നാത്ത ജീവിതങ്ങള്‍ പാളിപ്പോകാനിടയുണ്ടെന്നും കര്‍ദ്ദിനാള്‍ വരേലാ ദിവ്യബലിമദ്ധ്യേ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

സിബേലെസ് ചത്വരം നിറഞ്ഞുകവിഞ്ഞ് പട്ടണത്തിന്‍റെ പ്രധാന തെരുവുകളിലേയ്ക്ക് ഏകദേശം 3 കിലോ മീറ്റര്‍ ദൂരത്തിലും യുവജനങ്ങള്‍ തിങ്ങിനിന്നുവെന്ന് വത്തിക്കാന്‍ റേഡിയോയുടെ വക്താവ്,
എമെര്‍ അറിയിച്ചു.
“ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും വിശ്വാസത്തില്‍ ദൃഢതപ്രാപിക്കുക,” എന്ന ആപ്തവാക്യവുമായി ചേരുന്ന സമ്മേളനം
ആഗസ്റ്റ് 21-വരെ നീണ്ടുനല്ക്കും.








All the contents on this site are copyrighted ©.