2011-08-16 16:31:59

ഭ്രൂണഹത്യാപാപം മൂലമുണ്ടാകുന്ന സഭാമുടക്കു പിന്‍വലിക്കാന്‍ ലോകയുവജനദിനാഘോഷത്തില്‍ കുമ്പസാരിപ്പിക്കുന്നവര്‍ക്ക് അനുമതി


16 ആഗസ്റ്റ് 2011, മാഡ്രിഡ്

ഭ്രൂണഹത്യാപാപം മൂലം സഭയില്‍ നിന്നു മുടക്കപ്പെട്ടവരുടെ മുടക്കു പിന്‍വലിക്കാനും അവര്‍ക്ക് പാപമോചനം നല്‍കാനും ലോകയുവജനദിനാഘോഷത്തില്‍ കുമ്പസാരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വൈദീകര്‍ക്ക് പ്രത്യേക അനുമതി നല്‍കപ്പെട്ടു. ഭ്രൂണഹത്യചെയ്യുന്നവര്‍ പാശ്ചാത്യ കത്തോലിക്കാ സഭയുടെ 1398ാം കാനോനിക നിയമപ്രകാരം ആ പ്രവര്‍ത്തില്‍ത്തന്നെ സഭയില്‍ നിന്നും മുടക്കപ്പെടും.മാര്‍പാപ്പയ്ക്കും മെത്രാന്‍മാര്‍ക്കും ചുരുക്കം ചില വൈദീകര്‍ക്കും മാത്രമാണ് സഭാ മുടക്കു പിന്‍വലിക്കാന്‍ അധികാരമുള്ളത്. എന്നാല്‍ ഒരു നവജീവിതത്തിലേക്കുള്ള പാത തുറക്കുന്ന ദൈവീകകൃപയിലേക്ക് പ്രവേശിക്കാന്‍ ലോകയുവജനദിനാഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവിശ്വാസികള്‍ക്കും അവസരമൊരുക്കുന്നതിനാണ് ഈയനുമതി ലോകയുവജനദിനാഘോഷത്തില്‍ കുമ്പസാരിപ്പിക്കുന്ന എല്ലാ വൈദീകര്‍ക്കും നല്‍കിയിരിക്കുന്നതെന്ന് മാഡ്രിഡ് അതിരൂപതയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ റോക്കോ വരേല വെളിപ്പെടുത്തി. ഓഗസ്റ്റ് പതിനഞ്ചാം തിയതി മുതല്‍ ഇരുപത്തിരണ്ടാം തിയതിവരെയാണ് ഈ പ്രത്യേക അനുമതി വൈദീകര്‍ക്കുള്ളത്. പൂര്‍ണ്ണ മനസ്താപത്തോടെ ഈ പാപം ഏറ്റു പറയുകയും വൈദീകന്‍ നിര്‍ദേശിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുകയും ചെയ്യുന്നവര്‍ക്കാണ് പാപമോചനം ലഭ്യമാകുക. ലോകയുവജനദിനാഘോഷത്തിന്‍റെ ഭാഗമായി മാഡ്രിഡിലെ ബോന്‍ റിത്തീരോ ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്ന 200 കുമ്പസാര വേദികളിലായി ഏഴുഭാഷകളില്‍ കുമ്പസാരിപ്പിക്കാന്‍ രണ്ടായിരം വൈദീകരാണ് നിയുക്തരായിരിക്കുന്നത്. യുവജനങ്ങള്‍ക്ക് അനുരഞ്ചന കൂദാശ നല്‍കാന്‍ ഇരുപതാം തിയതി ശനിയാഴ്ച മാര്‍പാപ്പയും ഈ അതിവിശാലമായ ഉദ്യാനത്തിലെത്തും.








All the contents on this site are copyrighted ©.