2011-08-16 16:40:37

പ്രാദേശിക സംസ്ക്കാരത്തിലൂടെ ജനങ്ങളോട് കൂടുതല്‍ സംവാദിക്കാന്‍ വടക്കേ ഇന്ത്യയിലെ മെത്രാന്‍മാരുടെ സമിതിയുടെ തീരുമാനം


16 ആഗസ്റ്റ് 2011,

പ്രാദേശിക സംസ്ക്കാരങ്ങളുടേയും പാരമ്പര്യങ്ങളുടെയും വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ വടക്കേ ഇന്ത്യയിലെ മെത്രാന്‍മാരുടെ പ്രാദേശിക സമിതി നിശ്ചയിച്ചു. ആഗസ്റ്റ് മാസം എട്ട് ഒന്‍പത് ദിവസങ്ങളില്‍ നടന്ന പ്രാദേശിക മെത്രാന്‍ സമിതിയോഗമാണ് ഈ നിശ്ചയം കൈക്കൊണ്ടത്. ഹിന്ദിയും മറ്റ് പ്രാദേശികഭാഷകളും ഉപയോഗിച്ചുകൊണ്ട് സാംസ്ക്കാരീക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഇരുപത്തിയേഴ് മെത്രാന്‍മാരും ഇരുപതു വൈദീകരും പങ്കെടുത്ത സമ്മേളനം വിലയിരുത്തി. ഭാഷയിലും സംസ്ക്കാരത്തിലും പാരമ്പര്യത്തിലും ജനങ്ങളോട് ഒന്നാകുവാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഭയ്ക്കു സാധിക്കുകയില്ലെന്ന് അലഹബാദ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഇസിഡോര്‍ ഫെര്‍നാഡെസ് പറഞ്ഞു. മെത്രാന്‍സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ഇന്ത്യയിലെ ഇടവക വൈദീകരുടെ സമിതിയുടെ ദേശീയ പ്രസിഡന്‍റ് ഫാദര്‍ ഫ്രാന്‍സിസ് സക്കറിയ ഈ തീരുമാനം പൊതുജനത്തോട് ഐക്യപ്പെടുവാന്‍ സഭയെ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.